ആഡംബര ഹോട്ടലുകളുടെ വാക്സിൻ പാക്കേജിന് തടയിട്ട് കേന്ദ്രം

Monday 31 May 2021 12:16 AM IST

ന്യൂഡൽഹി: സ്വകാര്യ ആശുപത്രികളുമായി സഹകരിച്ച് വാക്സിൻ പാക്കേജുകൾ ഒരുക്കുന്ന ആഡംബര ഹോട്ടലുകൾക്കെതിരെ നടപടിയെടുക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. വാക്സിനേഷൻ മാർഗരേഖ ഉറപ്പാക്കാൻ സംസ്ഥാനങ്ങൾക്ക് മന്ത്രാലയം നിർദ്ദേശം നൽകി.

സർക്കാർ-സ്വകാര്യ കേന്ദ്രങ്ങൾ, ജോലി സ്ഥലങ്ങൾ, മുതിർന്ന പൗരൻമാർക്കും ഭിന്നശേഷിക്കാർക്കുമായി വീടിനടുത്തും ഹൗസിംഗ് സൊസൈറ്റികളിലും, റെഡിഡൻസ് വെൽഫെയർ അസോസിയേഷനുകൾ, വൃദ്ധ സദനങ്ങൾ, കമ്മ്യൂണിറ്റി കേന്ദ്രങ്ങൾ, പഞ്ചായത്ത് ഭവനുകൾ, സ്കൂളുകൾ, കോളേജുകൾ എന്നിവിടങ്ങളിൽ താത്ക്കാലിക വാക്സിനേഷൻ കേന്ദ്രങ്ങൾ സജ്ജീകരിക്കാം. അല്ലാതെ ഹോട്ടലുകളിൽ പാക്കേജ് അടിസ്ഥാനത്തിൽ വാക്സിൻ നൽകിയാൽ നടപടിയെടുക്കണം

ആഡംബര ഹോട്ടലുകൾ താമസം, പ്രാതൽ, ഡിന്നർ, വൈഫൈ എന്നിവ സഹിതം വിദഗ്ദ്ധ സഹായത്തോടെ വാക്സിനേഷനും പാക്കേജായി പ്രഖ്യാപിച്ചത് വിവാദമായതോടെയാണ് കേന്ദ്രത്തിന്റെ ഇടപെടൽ. സംസ്ഥാന സർക്കാരുകൾ 18-44 പ്രായക്കാരുടെ കുത്തിവയ്പ് നിറുത്തിവച്ചിരിക്കുമ്പോൾ ആഡംബര ഹോട്ടലുകൾക്ക് എവിടെ നിന്നാണ് വാക്സിൻ കിട്ടുന്നതെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ചോദിച്ചിരുന്നു.

Advertisement
Advertisement