ഭീകരർക്കുള്ള സഹായവും പാകിസ്ഥാൻ നിറുത്തണം: കരസേനാ മേധാവി

Monday 31 May 2021 1:13 AM IST

ന്യൂഡൽഹി: അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനത്തിന് തടയിടാൻ സാധിച്ചാലേ ഇന്ത്യയും പാകിസ്ഥാനും വെടിനിറുത്തൽ പ്രഖ്യാപിച്ചതിന് പ്രയോജനമുണ്ടാകൂ എന്ന് കരസേനാ മേധാവി ജനറൽ എം.എം. നരാവനെ പറഞ്ഞു. പാക് അതിർത്തിയിൽ ഇപ്പോഴും ഭീകരക്യാമ്പുകൾ സജീവമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇരുരാജ്യങ്ങൾക്കുമിടയിൽ ഉഭയകക്ഷി ബന്ധം മെച്ചപ്പെടാൻ അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനവും അവസാനിക്കണം. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനുള്ള ആദ്യ നടപടിയാണ് വെടിനിറുത്തൽ. അതിൽ പുരോഗതി കൈവരിക്കാൻ പാകിസ്ഥാൻ ഭീകരരെ ഉപയോഗിച്ചുള്ള നിഴൽ യുദ്ധം അവസാനിപ്പിക്കണം. പാക് അധിനിവേശ കാശ്മീരിൽ ഇപ്പോഴും 18-20 ഭീകര പരിശീലന ക്യാമ്പുകൾ സജീവമാണ്. അവിടെ ലഷ്കർ, ജയ്ഷെ മുഹമ്മദ്ൻ, അൽ ബാദർ തുടങ്ങിയ സംഘടനകൾ പ്രവർത്തിക്കുന്നു. ഈ സംഘടനകളിൽ അംഗങ്ങളായ വിദേശീയർ അടക്കം 220ഓളം ഭീകരരർ കാശ്മീരിലുണ്ടെന്നും കരസേനാ മേധാവി വെളിപ്പെടുത്തി. ദക്ഷിണേഷ്യ നേരിടുന്ന ഏറ്റവും വലിയ ഭീഷണി എന്ന നിലയിൽ ഭീകരതയ്ക്കെതിരെ പാകിസ്ഥാൻ ശക്തമായ നടപടിയെടുത്താൽ മാത്രമെ ബന്ധം വളരൂ. അതിർത്തിക്ക് ഇരുവശത്തുമുള്ള ജനങ്ങൾക്കും സമാധാനം അനിവാര്യമാണ്. പാകിസ്ഥാനും തങ്ങളുടെ ജനങ്ങളുടെ കാര്യത്തിൽ ആശങ്കയുണ്ടാകുമെന്നുറപ്പാണ്-നരാവനെ ചൂണ്ടിക്കാട്ടി.

ഫെബ്രുവരി 25ന് നിലവിൽ വന്ന വെടിനിറുത്തലിനൊപ്പം അതിർത്തിയിലെ നുഴഞ്ഞു കയറ്റവും കുറഞ്ഞിട്ടുണ്ട്. പക്ഷേ ഭീകരതയ്ക്കെതിരെയുള്ള പോരാട്ടത്തിന് അവസാനമായിട്ടില്ല. ഇന്ത്യ ജാഗ്രത തുടരുമെന്നും ഏത് സാഹചര്യത്തിലും തിരിച്ചടി നൽകാൻ സൈന്യം സജ്ജമാണെന്നും നരാവനെ പറഞ്ഞു.

Advertisement
Advertisement