കേന്ദ്ര സർക്കാ‌ർ സംസ്ഥാനങ്ങൾക്ക് വാക്‌സിൻ വാങ്ങി നൽകുകയാണ് വേണ്ടത്; ഡിജി‌റ്റൽ ഇന്ത്യ എന്ന് പറയുന്നതല്ലാതെ രാജ്യത്തെ യഥാ‌ർത്ഥ സ്ഥിതി കേന്ദ്രത്തിനറിയുമോയെന്ന് സുപ്രീംകോടതി

Monday 31 May 2021 3:25 PM IST

ന്യൂഡൽഹി: രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് കേന്ദ്രം മനസിലാക്കണമെന്ന് സുപ്രീംകോടതി. രാജ്യത്തെ വാക്‌സിൻ നയത്തിൽ മതിയായ മാ‌റ്റം വരുത്തണമെന്ന് കോടതി ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാർ വാക്‌സിൻ വിതരണ കാര്യത്തിൽ കേന്ദ്ര ഏജൻസിയായിട്ടാണോ പ്രവർത്തിക്കുന്നതെന്ന് ചോദിച്ച കോടതി നാളിതുവരെ വാക്‌സിൻ വിതരണത്തിൽ ഒരു ദേശീയ നയരേഖ ഹാജരാക്കാൻ കേന്ദ്ര സർക്കാർ പരാജയപ്പെട്ടുവെന്ന് നിരീക്ഷിച്ചു.

രാജ്യത്ത് ഒറ്റ വാക്‌സിൻ വില വേണമെന്ന് അഭിപ്രായപ്പെട്ട ജസ്‌റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് കേന്ദ്ര സ‌ർക്കാർ യാഥാർത്ഥ്യം മനസിലാക്കണമെന്നും ആവശ്യപ്പെട്ടു. കേന്ദ്രം സംസ്ഥാനങ്ങൾക്ക് വാക്‌സിൻ വാങ്ങി നൽകുകയാണോ, അതോ സംസ്ഥാനങ്ങൾ സ്വന്തം നിലയ്‌ക്ക് വാക്‌സിൻ വാങ്ങുകയാണോയെന്നും കോടതി ചോദിച്ചു. കേന്ദ്രം ഫെഡറൽ തത്വമനുസരിച്ചാണ് പ്രവർത്തിക്കേണ്ടത്. കേന്ദ്രം സംസ്ഥാനങ്ങൾക്ക് വാക്‌സിൻ വാങ്ങി നൽകുകയാണ് വേണ്ടതെന്നും കോടതി നിരീക്ഷിച്ചു.

സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിൽ വാദം കേൾക്കവെയാണ് കേന്ദ്രസർക്കാരിനെ വിമർശിച്ചത്. വാക്‌സിൻ വിതരണത്തിനുള‌ള കൊവിൻ ആപ്പിനെയും കോടതി രൂക്ഷമായി വിമർശിച്ചു. രാജ്യത്തെ ഗ്രാമങ്ങളിൽ മൊബൈൽ പോലുമില്ലാത്ത ഗ്രാമീണർ എങ്ങനെ വാക്‌സിന് രജിസ്‌റ്റർ ചെയ്യുമെന്നും കോടതി ചോദിച്ചു. ഇതിന് കേന്ദ്ര സ‌ർക്കാരിന് വേണ്ടി ഹാജരായ സോളിസി‌റ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞ മറുപടി എല്ലാ ഗ്രാമങ്ങളിലും ഒരു സേവാ കേന്ദ്രമുണ്ടെന്നും അവിടെ പോയി ഗ്രാമീണർ രജിസ്‌റ്റർ ചെയ്യണമെന്നുമാണ്. ഇക്കാര്യത്തിലെ പ്രായോഗികത കോടതി സംശയത്തോടെ നിരീക്ഷിച്ചു. ഡിജി‌റ്റൽ ഇന്ത്യ എന്ന് പറയുന്നതല്ലാതെ നിങ്ങൾ യാഥാർത്ഥ്യം കാണണമെന്ന് കോടതി പറഞ്ഞു.

45 വയസിൽ താഴെയുള‌ളവരോട് വാക്‌സിൻ വിതരണത്തിൽ വ്യത്യാസം കാണിക്കുന്നത് എന്തിനെന്ന് കോടതി ചോദിച്ചു. കൊവിഡ് വന്ന് മരിക്കുന്നതിൽ കൂടുതലും 45 വയസിന് മുകളിലുള‌ളവരാണെന്ന് കേന്ദ്രം പറയുന്നെങ്കിലും സർക്കാർ രേഖകൾ പ്രകാരം ഇത് 18നും 45നുമിടയിലുള‌ളവരാണെന്ന് ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. ജസ്‌റ്റ്സ് ഡി.വൈ ചന്ദ്രചൂഡ്, എൽ.എൻ റാവു, രവീന്ദ്രഭട്ട് എന്നിവടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

സംസ്ഥാനങ്ങൾക്ക് വാക്‌സിൻ അൻപത് ശതമാനം വാക്‌സിൻ നി‌ർമ്മാതാക്കളിൽ നിന്ന് ലഭ്യമാക്കുകയും ബാക്കി അൻപത് ശതമാനം സ്വകാര്യ ആശുപത്രികൾക്ക് ലഭ്യമാക്കണം എന്ന് പറയുന്നതിന്റെ അടിസ്ഥാനം എന്താണെന്ന് കോടതി ചോദ്യം ഉന്നയിച്ചു. ആറ് മാസത്തിനകം രോഗം നിയന്ത്രണവിധേയമാക്കിയില്ലെങ്കിൽ അടുത്ത വകഭേദം വരുമെന്നും ജനുവരി മാസത്തിനകം വാക്‌സിനേഷൻ പൂർത്തിയാക്കണമെന്ന് കേസ് വാദത്തിനിടെ അമിക്യസ് ക്യൂറി ജയ്‌ദീപ് ഗുപ്‌ത പറഞ്ഞു. ഗംഗാനദിയിൽ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം തള‌ളിയ സംഭവത്തിലും കേന്ദ്രത്തെ കോടതി രൂക്ഷമായി വിമർശിച്ചു.

Advertisement
Advertisement