ഒരുമിച്ച് പഠിച്ചു, പഠിപ്പിച്ചു, വിരമിച്ചതും ഒരുമിച്ച്

Monday 31 May 2021 7:35 PM IST

പൊൻകുന്നം: സ്‌കൂളില്‍ ചേര്‍ന്നതും ജോലിക്ക് ചേര്‍ന്നതും വിരമിച്ചതും ഒരുമിച്ച്. ചിറക്കടവ് എസ്.ആര്‍.വി.എന്‍.എസ്.വി.എച്ച്.എസ്.എസിലെ അദ്ധ്യാപികമാരായ ജി.കെ.അംബികാദേവിയും മായ ജി.കുറുപ്പുമാണ് അദ്ധ്യാപകവൃത്തിയില്‍ നിന്ന് ഇന്നലെ വിരമിച്ചത്. ഒന്നാംക്ലാസ് മുതല്‍ ബിരുദം വരെ ഒരുമിച്ചു പഠിച്ചു. ഏത് ജോലി വേണമെന്ന കാര്യത്തിലും രണ്ടുപേര്‍ക്കും ഒരേമനസ്സായിരുന്നു. അദ്ധ്യാപികമാരായി ജോലിയില്‍ പ്രവേശിച്ചതും ഒരേവര്‍ഷം തന്നെ . മലയാളം അദ്ധ്യാപകരായിരുന്നു ഇരുവരും.

അംബികാദേവിയുടെ ഭര്‍ത്താവ് ഇതേ സ്‌കൂളില്‍ നിന്ന് വിരമിച്ച, അദ്ധ്യാപക അവാര്‍ഡ് ജേതാവ് കൂടിയായ എന്‍.ശശികുമാറാണ്. മായയുടെ ഭര്‍ത്താവ് വാഴൂര്‍ എസ്.വി.ആര്‍.എന്‍.എസ്.എസ്. കോളേജില്‍ നിന്ന് വിരമിച്ച ഉണ്ണികൃഷ്ണന്‍ കര്‍ത്തായും.
ആനിക്കാട് കൊമ്പാറ കൂട്ടമാക്കല്‍ എല്‍.പി. സ്‌കൂള്‍, ആനിക്കാട് യു.പി.സ്‌കൂള്‍, ആനിക്കാട് ഹൈസ്‌കൂള്‍, കോട്ടയം ബി.സി.എം.കോളേജ്, ചങ്ങനാശ്ശേരി എന്‍.എസ്.എസ്.കോളേജ് എന്നിവിടങ്ങളില്‍ ഒരുമിച്ചായിരുന്നു ഇരുവരുടെയും പഠനം.

Advertisement
Advertisement