ആർ.ഡി.ഒ സന്തോഷിന്റെ ദുരൂഹ മരണത്തിന് 26 വർഷം എങ്ങുമെത്താതെ അന്വേഷണം, കാട് പിടിച്ച് ക്വാർട്ടേഴ്സ്

Tuesday 01 June 2021 1:01 AM IST

മൂവാറ്റുപുഴ: മൂവാറ്റുപുഴ ആർ.ഡി.ഒ ആയിരുന്ന സന്തോഷ് ദുരൂഹ സാഹചര്യത്തിൽ മരിച്ചിട്ട് 26 വർഷം പിന്നിടുന്നു. 1995 മേയ് 20നാണ് കേരളത്തെ ആകെ ഞെട്ടിച്ചു കൊണ്ട് സന്തോഷിന്റെ അഴുകിയ മൃതദേഹം ആർ.ഡി.ഒ ക്വാർട്ടേഴ്സിൽ നിന്ന് കണ്ടെടുക്കുന്നത്. മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ടായിരുന്നു. മിടുക്കനായ ആർ.ഡി ഒ യുടെ മരണം കൊലപാതകമാണെന്നും ആത്മഹത്യയാണെന്നും ഹൃദയസ്തംഭനം കാരണമുള്ള സ്വാഭാവിക മരണമാണെന്നുമൊക്കെ വിശദീകരണങ്ങളും അനുബന്ധ കഥകളും നാട്ടിൽ പ്രചരിച്ചു. നിരവധി സംഘങ്ങൾ അന്വേഷിച്ചു. സന്തോഷിന്റെ അമ്മ നടത്തിയ പ്രക്ഷോഭങ്ങൾക്കൊടുവിൽ സി.ബി.ഐയും കേസ് അന്വേഷിച്ചു. അന്വേഷണ സംഘങ്ങൾ തന്നെ കൊലപാതകമാണെന്നും ആത്മഹത്യയാണെന്നും രണ്ടു നിഗമനങ്ങളിലാണെത്തിയത്. എന്നാൽ, സന്തോഷിന്റെ അമ്മയുടെയും പൊതുജനത്തിന്റെയും സംശയങ്ങളെ തൃപ്തിപ്പെടുത്തുന്ന ഒരു മറുപടി നൽകാൻ അവരുടെ ഒരു റിപ്പോർട്ടിനും കഴിഞ്ഞില്ല.

ആത്മഹത്യയ്ക്ക് കാരണമില്ല!

സന്തോഷ് മരിച്ചെന്ന് പറയുന്ന 1995 മേയ്17ന് ആത്മഹത്യ ചെയ്യാൻ തക്ക വിധത്തിലുള്ള സംഘർഷങ്ങൾ സന്തോഷിനുണ്ടായിരുന്നില്ലെന്ന് ആ ദിവസം രാത്രി വൈകിയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന ബാങ്ക് ഉദ്യോഗസ്ഥന്റെ കുടുംബം വ്യക്തമാക്കിയിരുന്നു. സി.ബി.ഐ നിയോഗിച്ച മാനസികാരോഗ്യ വിദഗ്ദരുടെ സംഘവും ആത്മഹത്യയിലേക്കു നയിക്കുന്ന മാനസിക സമ്മർദ്ദത്തിലല്ലായിരുന്നില്ല സന്തോഷ് എന്ന് റിപ്പോർട്ട് നൽകിയിരുന്നു. ഇനി ആത്മഹത്യയാണെങ്കിൽ പോലും ഇത് എന്തിനായിരുന്നുവെന്നതിന് വിശ്വസനീയമായ ഒരു കാരണം കണ്ടെത്താൻ അന്വേഷണ സംഘത്തിനായില്ല.

കൊലപാതകത്തിന്റെ

തീരാക്കഥകൾ

സന്തോഷിന്റെ മൃതദേഹം അസാധാരണമായി ധൃതിപിടിച്ച് ദഹിപ്പിച്ചതും അന്വേഷണ സംഘങ്ങൾ തന്നെ വ്യത്യസ്തമായ കണ്ടെത്തലുകൾ നടത്തിയതും തെളിവുകൾ നശിപ്പിക്കാനുള്ള ശ്രമവുമൊക്കെ പലവിധ കഥകൾക്ക് ഊടും പാവും നൽകി. 17ന് മരിച്ച ആർ.ഡി.ഒയെ 20നാണ് മരിച്ച നിലയിൽ കണ്ടെത്തിയതെന്നതും അതുവരെ അദ്ദേഹത്തെ ആരും അന്വേഷിച്ചില്ല എന്നത് സംശയങ്ങൾക്ക് ബലമേകി. സമൂഹത്തിൽ മാന്യന്മാരായിരുന്നവരെ പോലും സംശയിക്കുന്ന തരത്തിൽ ഓരോ ദിവസവും കഥകൾ പ്രചരിച്ചു. ഇവരൊക്കെ ഇപ്പോഴും സംശയത്തിന്റെ പുകമറയിൽ തന്നെ നിൽക്കുന്നു. നാല് അന്വേഷണ സംഘങ്ങൾ മാറി മാറി അന്വേഷിച്ചതോടെ നിരവധി പേർ സമൂഹത്തിനു മുന്നിൽ കുറ്റവാളികളായി ചിത്രീകരിക്കപ്പെട്ടു.

പ്രേതഭവനമായി

ക്വാർട്ടേഴ്സ്

സന്തോഷിന്റെ മരണം നടന്ന ആർ.ഡി.ഒ ക്വാർട്ടേഴ്സ് ഇപ്പോൾ നാട്ടുകാർക്ക് പ്രേതഭവനമാണ്. കാട് പിടിച്ചു കിടക്കുന്ന ക്വാട്ടേഴ്‌സിലേക്ക് ആരും തിരിഞ്ഞുനോക്കാറുമില്ല.സന്തോഷിന്റെ മരണശേഷം ഇവിടെ താമസിക്കാൻ ഒരു വനിതാ ഉദ്യോഗസ്ഥ തയ്യാറായെങ്കിലും ഒരു ദിവസം മാത്രമാണ് ഇവർ ഇവിടെ താമസിച്ചത്. പിന്നീട് പലരും സന്നദ്ധത അറിയിച്ചെങ്കിലും അവസാന നിമിഷം ഒഴിഞ്ഞു മാറുകയായിരുന്നു. നഗരത്തിന്റെ മദ്ധ്യത്തിൽ എൻ.ജി.ഒ ക്വാട്ടേഴ്സ് വളപ്പിൽ ഇപ്പോഴും ആർ.ഡി.ഒ ക്വാട്ടേഴ്സ് സന്തോഷിന്റെ മരണത്തിലെ ദുരൂഹതയുടെ പേടിപ്പെടുത്തുന്ന സ്മാരകമായി നിലനിൽക്കുന്നു. ഇവിടെ സാംസ്കാരിക നിലയവും മിനി സ്റ്റേഡിയവുമൊക്കെ നിർമ്മിക്കാൻ പദ്ധതി തയ്യാറാക്കിയെങ്കിലും അതും ഒരിടത്തുമെത്തിയില്ല. മുറിക്കല്ല് ബൈപ്പാസിന് സ്ഥലം ഏറ്റെടുക്കുമ്പോൾ ക്വാർട്ടേഴ്സിന് ശാപമോക്ഷം കിട്ടുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.

Advertisement
Advertisement