സെൻട്രൽ വിസ്ത പദ്ധതി മുന്നോട്ട്

Tuesday 01 June 2021 12:00 AM IST

ഭരണസിരാകേന്ദ്രമായ ഡൽഹിയെ ആധുനിക കാലത്തിന് യോജിച്ച രീതിയിൽ മാറ്റുക എന്ന ലക്ഷ്യത്തോടെ രൂപം നൽകിയ സെൻട്രൽ വിസ്‌‌താ പദ്ധതിയുടെ ആദ്യ ഭാഗമാണ് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമ്മാണം. ഇത് നിറുത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി ഡൽഹി ഹൈക്കോടതി തള്ളിക്കളഞ്ഞു. ദേശീയ പ്രാധാന്യമുള്ള അവശ്യ പദ്ധതിയാണിതെന്നും ജനങ്ങൾക്ക് താത്പര്യമുള്ളതാണെന്നും ഡൽഹി ഹൈക്കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടിയത് അക്ഷരംപ്രതി ശരിയാണ്. ഹർജിക്കാരന് ഒരുലക്ഷം രൂപ പിഴ ചുമത്തുക കൂടി ചെയ്തത് ഇത്തരം പദ്ധതികളെ തകർക്കാൻ കച്ചകെട്ടി ഇറങ്ങുന്നവർക്ക് മുന്നറിയിപ്പുമായി.

പുതിയ പദ്ധതി മോദിക്ക് വേണ്ടിയുള്ളതാണെന്ന മട്ടിലാണ് ഇതിനെതിരെ ഇറങ്ങിത്തിരിച്ചവർ പ്രചരിപ്പിക്കാൻ ശ്രമിച്ചത്. ഇവിടെ സായിപ്പ് പണിത കെട്ടിടങ്ങൾ മതിയെന്ന അടിമത്ത ചിന്താഗതി പുലർത്തുന്നവരാണ് ഇവരെന്ന് പറയേണ്ടിവരും. ഇത് പ്രധാനമന്ത്രി മോദിക്ക് മാത്രമുള്ള പദ്ധതിയല്ല എന്നതാണ് വസ്തുത. നൂറ് വർഷം കഴിഞ്ഞ് അവിടെ വസിക്കുന്ന പ്രധാനമന്ത്രി ആരാണെന്ന് ആർക്ക് പറയാൻ കഴിയും. ഈ പശ്ചാത്തലത്തിൽ ഇത് ഇന്ത്യയുടെ ഭാവി മുന്നിൽക്കണ്ടുള്ള പദ്ധതിയാണെന്ന് കാണാൻ കഴിയണം. പുതിയ പാർലമെന്റ് മന്ദിരം നവംബറിൽ ഉദ്ഘാടനം ചെയ്യപ്പെടേണ്ടതാണ്. മഹാമാരിയുടെ പേര് പറഞ്ഞ് ഇത് തടയപ്പെട്ടാൽ ഇപ്പോൾ ഏതാണ്ട് ആയിരം കോടിയോളം ചെലവ് വരുന്ന പദ്ധതി പിന്നീട് 2000 കോടി വേണ്ടിവരും പൂർത്തിയാക്കാൻ. ഇത് തടയപ്പെട്ടിരുന്നെങ്കിൽ ഇന്ത്യൻ പൗരന്മാരുടെ നികുതിപ്പണമാണ് അനാവശ്യമായി പാഴായി പോകുമായിരുന്നത്.

ആധുനിക കാലത്ത് ആധുനിക സജ്ജീകരണങ്ങൾ സംയോജിപ്പിച്ച പുതിയ പാർലമെന്റ് മന്ദിരവും കേന്ദ്ര സെക്രട്ടേറിയറ്റും അനിവാര്യമാണ്. ഇരുപതിനായിരം കോടിയുടെ നിർമ്മാണം പൂർണമായും പൂർത്തിയാകുമ്പോൾ അതിൽ 51 കേന്ദ്ര സർക്കാർ വകുപ്പുകളിലെ അമ്പതിനായിരത്തോളം ജീവനക്കാർക്ക് എല്ലാ ആധുനിക മാർഗങ്ങളും ഉപയോഗിച്ച് ജോലി ചെയ്യാം. പുതിയ കോൺഫറൻസ് സെന്ററുകൾ ഉണ്ടാകും. ജീവനക്കാർക്ക് സഞ്ചരിക്കാൻ ഭൂഗർഭ മെട്രോ പാതയും ഇതിന്റെ ഭാഗമാണ്. പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പോകാൻ പ്രത്യേക തുരങ്കവും ഉണ്ടാകും. ഇതൊക്കെ പുതിയ കാലത്ത് ആവശ്യമാണ്. ജനസമ്മതി നേടിവരുന്ന ഏതു മുന്നണിക്കും പാർട്ടിക്കും ഇവിടെയിരുന്ന് ഭരിക്കാം. സങ്കുചിതമായി കാര്യങ്ങൾ അവതരിപ്പിച്ച് കൈയടി കിട്ടാൻ മാത്രമാണ് ഇതിനെ തടയാൻ ചിലർ ശ്രമിച്ചത്. പുതിയ പാർലമെന്റ് മന്ദിരത്തിൽ 888 സീറ്റുള്ള ലോക്‌സഭാ ഹാളാണ് വരുന്നത്. 384 സീറ്റുള്ള രാജ്യസഭാ ഹാളും. എല്ലാ എം.പിമാർക്കും വെവ്വേറെ ഓഫീസ് മുറികളും ഉണ്ടാകും. എം.പിമാരുടെ എണ്ണം ജനസംഖ്യാനുപാതികമായി വർദ്ധിക്കാനിടയുള്ളതിനാൽ ഇതൊക്കെ ഭാവിയിൽ ആവശ്യമായി വരും. സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ ഓഫീസ് സമുച്ചയമെന്ന രീതിയിൽ ലോകത്തിന് മുന്നിൽ ഓരോ ഇന്ത്യാക്കാരനും കാണിച്ച് കൊടുക്കാൻ പറ്റുന്ന അപൂർവ സുന്ദര മന്ദിര സമുച്ചയമായി ഇത് മാറാതിരിക്കില്ല.

നിലവിലുള്ള പാർലമെന്റ് മന്ദിരത്തിന് വൈസ്രോയ് ഹാർഡിംങിന്റെ കാലത്ത് 1921ലാണ് തറക്കല്ലിട്ടത്. 1927ലാണ് മന്ദിരം പൂർത്തിയാക്കിയത്. 144 തൂണുകളാണ് മന്ദിരത്തിനുള്ളത്. 83 ലക്ഷം രൂപയായിരുന്നു ചെലവ്. ഇന്ത്യയിലെ ജനങ്ങളുടെ അന്നത്തെ അവസ്ഥ പരമദരിദ്ര‌മായിരുന്നു. അതിന്റെ പേരിൽ ആ മന്ദിരം പണിയുന്നത് തടഞ്ഞിരുന്നെങ്കിൽ ഇപ്പോൾ ഒരു തൂണ് പണിയാൻ 83 ലക്ഷത്തിൽ കൂടുതൽ ആയേനെ. ഇക്കാര്യങ്ങളൊക്കെ ഉൾക്കൊണ്ടാവണം ഡൽഹി ഹൈക്കോടതി മന്ദിര നിർമ്മാണം ദേശീയ പ്രാധാന്യമുള്ളതാണെന്ന് വിലയിരുത്തിയത്.

Advertisement
Advertisement