ആഡംബര കാറുകൾ വാടകയ്ക്കെടുത്ത് തട്ടിപ്പ്: രണ്ട് യുവാക്കൾ അറസ്റ്റിൽ

Tuesday 01 June 2021 1:14 AM IST
GG

മലയിൻകീഴ്: കാറുകൾ വാടകയ്ക്കെടുത്തശേഷം വില്പന നടത്തുന്ന സംഘത്തിലെ പ്രധാനികളായ രണ്ട് യുവാക്കളെ വിളപ്പിൽശാല പൊലീസ് പിടികൂടി. വിളപ്പിൽശാല കുരുവിലാഞ്ചി ആലംകോട് രാംനിവാസിൽ പ്രകാശ് (24), വിളപ്പിൽശാല കുന്നുംപുറം ജെ.എസ് നിവാസിൽ ജിജു എസ്. സജി (23) എന്നിവരാണ് പിടിയിലായത്. റെന്റ് എ കാർ പ്രകാരം പ്രകാശ് ആഡംബര കാറുകൾ വാടയ്ക്കെടുക്കുകയും അതിനുശേഷം ജിജുവിന്റെ സഹായത്തോടെ വാഹനങ്ങൾ പൊളിച്ച് വിൽക്കുന്നവർക്ക് വിൽക്കുകയും,​ പണയം വയ്ക്കുകയുമാണ് ഇവരുടെ രീതിയെന്ന് വിളപ്പിൽശാല പൊലീസ് പറഞ്ഞു. ഇത്തരത്തിൽ 60 കാറുകൾ ഇവർ പലരിൽ നിന്നായി വാടകയ്ക്കെടുത്ത് തിരിമറി നടത്തിയിട്ടുണ്ട്. ഉടമയ്ക്ക് കാറുകളുടെ വാടക തുക ഇവർ കൃത്യമായി എത്തിക്കാറുണ്ടന്നും പൊലീസ് പറഞ്ഞു. രണ്ട് മാസമായി വാടക മുടങ്ങുകയും കാർ തിരികെ നൽകാതതിനെയും തുടർന്നാണ് ഉടമകൾ പരാതി നൽകിയത്. പൊലീസ് ചോദ്യം ചെയ്തെങ്കിലും കാറുകൾ ആർക്കാണ് പണയം വച്ചതെന്ന് പ്രകാശ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. 75000 രൂപ മുതൽ മൂന്ന് ലക്ഷം രൂപ വരെ വാങ്ങിയാണ് കാറുകൾ പണയംവച്ചതെന്നാണ് പൊലീസിന് ലഭിച്ച സൂചന. പേയാട്, മലയിൻകീഴ്, നരുവാമൂട്, ബാലരാമപുരം തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് കാർ നഷ്ടപ്പെട്ടവർ പ്രകാശിനെതിരെ വിളപ്പിൽശാല പൊലീസിൽ പരാതികൾ നൽകിയിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

Advertisement
Advertisement