നയത്തിൽ മയപ്പെട്ട്: ലക്ഷദ്വീപിൽ പരിഷ്കാരം അടിച്ചേല്പിക്കില്ലെന്ന് അമിത് ഷാ

Monday 31 May 2021 11:17 PM IST

 പരിഷ്കാരങ്ങൾ ജനാഭിപ്രായം അറിഞ്ഞു മാത്രം

 പട്ടേലിനെ മാറ്റുന്നതിൽ ഷായ്‌ക്കു മൗനം

ന്യൂഡൽഹി: ലക്ഷദ്വീപിലെ ജനവിരുദ്ധ നടപടികളിൽ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിനെതിരെ ജനകീയ പ്രതിഷേധം കൂടുതൽ ശക്തമാകുന്ന പശ്ചാത്തലത്തിൽ നിലപാട് മയപ്പെടുത്തി കേന്ദ്രം. ദ്വീപ് നിവാസികളുടെ അഭിപ്രായം തേടാതെ പരിഷ്‌കാരങ്ങൾ നടപ്പാക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി. ദ്വീപിലെ പ്രക്ഷോഭങ്ങളിൽ മൗനം പാലിച്ചിരുന്ന കേന്ദ്ര സർക്കാർ, കടുംപിടിത്തത്തിൽ നിന്ന് പിന്മാറുന്നതിന്റെ സൂചന ഇതാദ്യം. അതേസമയം, അഡ്മിനിസ്ട്രേറ്ററെ മാറ്റണമെന്ന ആവശ്യത്തിൽ ഷാ പ്രതികരിച്ചില്ല.

ഇപ്പോഴത്തേത് കരട് വിജ്ഞാപനമാണ്. അതിലെ നിർദ്ദേശങ്ങൾ ആഭ്യന്തര മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. വിജ്ഞാപനം അതേപടി നടപ്പാക്കില്ല. ലക്ഷദ്വീപിന്റെ പാരമ്പര്യം സംരക്ഷിക്കുന്ന പരിഷ്‌കാരങ്ങളിൽ ദ്വീപുകാരെ ദ്രോഹിക്കുന്ന നടപടികൾ ഉണ്ടാവില്ല- ദ്വീപിലെ ബി.ജെ.പി ഭാരവാഹികൾക്കൊപ്പം പാർട്ടി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടിയും, ദ്വീപിലെ എം.പി മുഹമ്മദ് ഫൈസലും വെവ്വേറെ നടത്തിയ കൂടിക്കാഴ്ചയിൽ ഷാ ഉറപ്പു നൽകി.

പരിഷ്‌കാരങ്ങളെക്കുറിച്ച് ദ്വീപുവാസികളുടെ ആശങ്ക പരിഹരിക്കുമെന്നും, ഏതെല്ലാം പരിഷ്കാരങ്ങൾ നടപ്പാക്കണമെന്നതിൽ ജനാഭിപ്രയം തേടുമെന്നും അമിത് ഷാ പറ‌ഞ്ഞതായി എ.പി. അബ്ദുള്ളക്കുട്ടി, ലക്ഷദ്വീപ് ബി.ജെ.പി അദ്ധ്യക്ഷൻ അബ്ദുൾ ഖാദർ ഹാജി, വൈസ് പ്രസിഡന്റ് അഡ്വ.കെ.പി. മുത്തുക്കോയ എന്നിവർ പറഞ്ഞു.

അബ്ദുള്ളക്കുട്ടിയും ദ്വീപ് നേതാക്കളും ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദയെയും കണ്ടിരുന്നു.

ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു നിയമവും നടപ്പാക്കില്ലെന്ന് ഉറപ്പു ലഭിച്ചതായി ഇന്നലെ അമിത് ഷായെ കണ്ട മുഹമ്മദ് ഫൈസൽ എം.പിയും മാദ്ധ്യമങ്ങളോടു പറഞ്ഞു.


അഡ്മിനിസ്‌ട്രേറ്ററെ മാ​റ്റണമെന്ന ആവശ്യത്തിന് തൃപ്‌തികരമായ മറുപടി ലഭിച്ചില്ലെന്നും അതിനായുള്ള പോരാട്ടം തുടരുമെന്നും ഫൈസൽ പറഞ്ഞു. അഞ്ചു മാസത്തിനിടെ അഡ്മിനിസ്‌ട്രേറ്റർ 15 ദിവസം മാത്രമാണ് ദ്വീപിൽ താമസിച്ചതെന്നും ഫൈസൽ അമിത് ഷായെ അറിയിച്ചു. കേരള നിയമസഭയുടെ പ്രമേയം ലക്ഷദ്വീപ് ജനതയ്ക്ക് ശുഭാപ്തിവിശ്വാസം നൽകുന്നുവെന്ന് ഫൈസൽ മാദ്ധ്യമങ്ങളോടു പറഞ്ഞു.

അതിനിടെ, കൊച്ചിയിൽ നിന്ന് ദ്വീപ് സന്ദർശനത്തിനൊരുങ്ങിയ യു.ഡി.എഫ് എം.പിമാരായ ബെന്നി ബഹനാൻ, ഇ.ടി മുഹമ്മദ് ബഷീർ, എൻ.കെ.പ്രേമചന്ദ്രൻ, എം.കെ.രാഘവൻ, ഹൈബി ഈഡൻ എന്നിവർക്ക് ലക്ഷദ്വീപ് ഭരണകൂടം ഇന്നലെ അനുമതി നിഷേധിച്ചു. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ദ്വീപ് സന്ദർശനത്തിന് കർശന വിലക്ക് ഏർപ്പെടുത്തിയത് കഴിഞ്ഞ ദിവസമാണ്. സന്ദർശക പാസിൽ തങ്ങുന്നവർ ഒരാഴ്ചയ്ക്കകം മടങ്ങാനും നിർദ്ദേശിച്ചിരുന്നു.

ലോക്ക്ഡൗൺ ഒരാഴ്ച കൂടി; നിശാനിയമവും

ലക്ഷദ്വീപിൽ കഴിഞ്ഞ തിങ്കളാഴ്ച ഏർപ്പെടുത്തിയ ഒരാഴ്ചത്തെ ലോക്ക്ഡൗൺ ജൂൺ ഏഴു വരെ നീട്ടി ജില്ലാ കളക്ടർ എസ്. അസ്കർ അലിയുടെ ഉത്തരവ്. കിൽത്താൻ ഉൾപ്പെടെ അഞ്ച് ദ്വീപുകളിൽ നിശാനിയമവും പ്രഖ്യാപിച്ചിട്ടുണ്ട്. ദ്വീപിൽ കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിലാണ് ജനസഞ്ചാരം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി അടച്ചിടൽ നീട്ടുന്നതെന്നാണ് വിശദീകരണം.

Advertisement
Advertisement