ലോക്ക് ഡൗണിൽ അഗതി മന്ദിരങ്ങളിലും പ്രതിസന്ധി, ചേർത്ത് പിടിക്കാം ഇവരെക്കൂടി !

Wednesday 02 June 2021 12:00 AM IST

കോട്ടയം : കൊവിഡ് സമസ്തമേഖലയിലും പ്രതിസന്ധി സൃഷ്ടിക്കുമ്പോൾ ആരോരുമില്ലാതെ അനാഥമന്ദിരങ്ങളിൽ കഴിയുന്നവരും ദുരിതത്തിലാണ്. സാമ്പത്തിക പ്രതിസന്ധിയും ഭക്ഷ്യവസ്തുക്കളുടെ ക്ഷാമവും കൊവിഡ് ഭീതിയും എല്ലാംകൂടിഇവരെ വരിഞ്ഞ് മുറുക്കുന്നു. ഒരു വർഷത്തിലേറെയായി തുടരുന്ന കൊവിഡ് പ്രതിസന്ധിയിൽ പല അഗതി മന്ദിരങ്ങളും ദൈനംദിന കാര്യങ്ങൾ നടത്താൻ പോലും വിഷമിക്കുകയാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അഗതി മന്ദിരങ്ങളുള്ള ജില്ലയാണ് കോട്ടയം. സന്നദ്ധ പ്രവർത്തകരും, വൈദികരും, സന്യസ്ഥരും ധർമ്മസ്ഥാപനങ്ങളും മറ്റുമാണ് നടത്തുന്നത്. വിവിധ കേന്ദ്രങ്ങളിലായി പതിനായിരത്തോളം അന്തേവാസികളുണ്ട്. മാനസിക നില തെറ്റി സുഖം പ്രാപിച്ചവരും ഉറ്റവർ ഇല്ലാത്തവരും ബന്ധുക്കൾ ഉപേക്ഷിച്ചവരും ഇതിലുൾപ്പെടും. കൊവിഡ് പ്രായമായവരെ വേഗം പിടികൂടുമെന്നതിനാൽ ആ വഴിക്കുള്ള ആശങ്കയും കുറവല്ല. ഇതു കൂടാതെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം പ്രവർത്തിക്കുന്ന കുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനങ്ങളും ഉണ്ട്.

പ്രതിസന്ധിയിങ്ങനെ
ദൈനംദിന കാര്യങ്ങൾക്ക് മറ്റു സ്രോതസ്സുകളിൽ നിന്നാണ് സഹായം ലഭിച്ചിരുന്നത്. നേരത്തെ അഗതി മന്ദിരങ്ങളിൽ സന്ദർശനം നടത്തിയിരുന്ന സുമനസുകൾ വിവിധ കാര്യങ്ങൾക്കായി സംഭാവന നൽകിയിരുന്നു. കുടുംബത്തിലെ വിശിഷ്ട ചടങ്ങുകളുമായി ബന്ധപ്പെട്ടും സ്ഥാപനങ്ങളുടെ ഒരുദിവസത്തെ ചെലവ് ഏറ്റെടുത്ത് നടത്തുന്നവരുമുണ്ടായിരുന്നു. എന്നാൽ കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് ഇത്തരത്തിൽ ആളുകൾ ആരും അഗതി മന്ദിരങ്ങളിൽ സന്ദർശനത്തിന് എത്തുന്നില്ല. സിവിൽ സപ്ലൈസ് വകുപ്പ് നൽകുന്ന അരി മാത്രമാണ് ആശ്വാസം. വൈദ്യുതബില്ല് അടയ്ക്കാൻ പോലും ബുദ്ധിമുട്ടുന്ന സ്ഥാപനങ്ങളമുണ്ട്.


''അന്തേവാസികൾക്ക് പുറമെ ദിവസേന 5000 പേർക്ക് കോട്ടയം ജില്ലാ ആശുപത്രി, മെഡിക്കൽ കോളജ്, കുട്ടികളുടെ ആശുപത്രി എന്നിവിടങ്ങളിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സൗജന്യ ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. ഭക്ഷ്യ വസ്തുക്കളുടെ ക്ഷാമമാണ് പ്രധാന പ്രതിസന്ധി''
പി.യു.തോമസ്, നവജീവൻ ട്രസ്റ്റി

Advertisement
Advertisement