റീ സർവ്വേക്ക് ഇനി ഡ്രോൺ

Wednesday 02 June 2021 12:05 AM IST
ഡ്രോൺ ഉപയോഗിച്ചുള്ള സർവ്വേ

കണ്ണൂർ: നാലുപതിറ്റാണ്ടായി ഇഴഞ്ഞുനീങ്ങുന്ന വടക്കൻ ജില്ലകളിലെ റീസർവ്വേ ഡിജിറ്റലാക്കാൻ ഇനി ഡ്രോണും. തെക്കൻ ജില്ലകളിൽ ഭാഗികമായെങ്കിലും റീ സർവ്വെ പൂർത്തിയായപ്പോൾ വടക്കൻ ജില്ലകളിൽ അനിശ്ചിതാവസ്ഥയിലായിരുന്നു. മൂന്നു വർഷത്തിനകം പൂർത്തിയാക്കാനുള്ള സമയബന്ധിതമായ ക്രമീകരണങ്ങളാണ് ഇതിനായി റവന്യൂ വകുപ്പ് സജ്ജമാക്കിയിരിക്കുന്നത്. ഏതു സംഘടനകൾ എതിർത്താലും റീ സർവ്വെ പൂർത്തിയാക്കുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, ആവശ്യത്തിന് ജീവനക്കാരില്ലാതെ എങ്ങിനെ മൂന്നു വർഷം കൊണ്ട് റീ സർവ്വേ പൂർത്തിയാകുമെന്നാണ് ജീവനക്കാരുടെ ചോദ്യം. സംസ്ഥാനത്ത് ആകെ ഈ വിഭാഗത്തിൽ 830 ഉദ്യോഗസ്ഥരാണുള്ളത്. നൂറോളം ഡ്രാഫ്റ്റ്സ്‌മാന്മാരുടെ ഒഴിവുകളും നികത്താതെ കിടക്കുന്നു. അതുകൊണ്ടു തന്നെ നിലവിലുള്ള ഉദ്യോഗസ്ഥർ അമിതജോലിഭാരത്തിൽ വീർപ്പുമുട്ടുകയാണ്.

പാഴായ ഗുജറാത്ത് മോഡൽ

കേരളത്തിലെ റീ സർവ്വെ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിനായി ഗുജറാത്ത് ആസ്ഥാനമായ സ്വകാര്യ കമ്പനി രണ്ടുവർഷം മുമ്പ് ചരടുവലി തുടങ്ങിയിരുന്നു. റവന്യൂ, സർവ്വെ വകുപ്പിലെ ഉന്നതരുമായി കമ്പനി അധികൃതർ അനൗദ്യോഗിക ചർച്ചയും നടത്തിയിരുന്നു. കേരളത്തിൽ നിന്നുള്ള ഉദ്യോഗസ്ഥ സംഘം ഗുജറാത്ത് സന്ദർശിച്ച് പഠനവും നടത്തി. എന്നാൽ ഗുജറാത്തിൽ ഈ കമ്പനി നടത്തിയ റീസർവ്വെയെ തുടർന്ന് കൃഷിക്കാർക്ക് ഭൂമി നഷ്ടപ്പെടുന്ന സാഹചര്യം വരെയുണ്ടായി. ഗുജറാത്ത് മോഡൽ ഇനി പരീക്ഷിക്കില്ലെന്നാണ് റവന്യൂ വകുപ്പ് നൽകുന്ന സൂചന.

ഡിജിറ്റൽ സർവ്വെ
റനവ്യൂ വകുപ്പിൽ നിന്ന് നൽകുന്ന സേവനങ്ങൾ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ ആധുനിക വിവര സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി പൊതുജനങ്ങളിലേക്ക് നേരിട്ട് എത്തിക്കുന്നതിനായി ഭൂവിവര വ്യവസ്ഥ അടിസ്ഥാനപ്പെടുത്തി നടപ്പിലാക്കുന്ന നൂതന ഭൂസർവേ പ്രവർത്തനങ്ങളാണ് ഡിജിറ്റൽ സർവ്വേ. നിലവിൽ സർവ്വേയും ഭൂരേഖയും വകുപ്പിന്റെ കീഴിലുള്ള എല്ലാവിധ സർവ്വേ പ്രവർത്തനങ്ങൾക്കും ഡിജിറ്റൽ സർവ്വേ രീതിയാണ് അവലംബിച്ചുവരുന്നത്. ഇതുമൂലം വേഗത്തിലും സുതാര്യമായും കൃത്യതയോടുമുള്ള റിക്കാർഡുകൾ ഡിജിറ്റൽ രൂപത്തിൽ ലഭിക്കുന്നതാണ്. ഇതര സർക്കാർ വകുപ്പുകൾക്കും ഇത്തരം ഡിജിറ്റൽ മാപ്പുകൾ വിവിധങ്ങളായ ആവശ്യങ്ങൾക്ക് പ്രയോജനപ്പെടുത്താം.

സംസ്ഥാനത്ത്

ആകെ വില്ലേജുകൾ- 1635

റീ സർവ്വെ നടന്നത് - 906

റിസർവ്വെ ഡ്രോൺ വഴി പൂർത്തിയാക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. കുറ്റമറ്റ രീതിയിൽ സമയബന്ധിതമായി പൂർത്തിയാക്കാൻ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാനുള്ള നടപടിയും സർക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടാകണം -

വി.ജെ. അജിമോൻ, സംസ്ഥാന ജനറൽ സെക്രട്ടറി,

സർവ്വെ ഓഫീസ് ടെക്നിക്കൽ എംപ്ളോയീസ് യൂണിയൻ

Advertisement
Advertisement