ജലീലിനെ ആക്രമിച്ച് നജീബ് കാന്തപുരം

Wednesday 02 June 2021 12:55 AM IST

തിരുവനന്തപുരം: സഭയിൽ അംഗമായതിന് ദൈവത്തെ സ്തുതിച്ചാണ് പെരിന്തൽമണ്ണയിൽ നിന്നുള്ള പുതുമുഖ അംഗം (മുസ്ലിംലീഗ്) നജീബ് കാന്തപുരം പ്രസംഗം തുടങ്ങിയത്. നയപ്രഖ്യാപനത്തെയും നന്ദിപ്രമേയത്തെയും നജീബ് എതിർത്തു. ലീഗ് മുൻ നേതാവ് കൂടിയായ കെ.ടി. ജലീലിനെ കന്നിപ്രസംഗത്തിൽ കടന്നാക്രമിച്ചു. മന്ത്രിയായ ശേഷം നാലാം നിരയിലിരിക്കുന്നതിലെ വിഷമം മാസ്കുണ്ടെങ്കിലും കാണാനാകുമെന്ന് നജീബ് പറ‌ഞ്ഞു.

 ജോബ് മൈക്കിൾ (ചങ്ങനാശ്ശേരി)

കെ.എം. മാണിയെ അനുസ്മരിച്ച് തുടക്കം. ജനങ്ങൾക്ക് കരുതലായി നിന്നതിന് ലഭിച്ച അംഗീകാരമാണ് തുടർഭരണം. റബറിന്റെ തറവില 250 രൂപയാക്കണം. മുൻകാലപ്രാബല്യത്തോടെ ഒക്ടോബർ മുതൽ കൊടുത്ത് തുടങ്ങണം. ഇൻഷ്വറൻസ് ഉണ്ടായിട്ടും കൃഷി നശിച്ച വാഴക്കർഷകർക്ക് സഹായം നിഷേധിക്കുന്നു.

കെ.കെ.രമ (വടകര)

ലക്ഷദ്വീപിലെ ഇടപെടൽ അർത്ഥപൂർണമാകാൻ ഇവിടെയും അസഹിഷ്ണുത അവസാനിപ്പിക്കണം. ലോക്കപ്പ് കൊല, പിഞ്ചുകുഞ്ഞുങ്ങളെ വരെ മാനഭംഗപ്പെടുത്തി കൊന്നവരെ സംരക്ഷിക്കൽ, യു.എ.പി.എ ചുമത്തൽ തുടങ്ങിയവയുടെ ഘോഷയാത്ര നടന്നിട്ടും തിരുത്തുമെന്ന് പറഞ്ഞില്ല. കുടിയൊഴിപ്പിക്കൽ വേണ്ടിവരുന്ന കെ-റെയിൽ ആ‌ർക്കുവേണ്ടി. ലണ്ടൻ സ്റ്രോക്ക് എക്സ്ചേഞ്ചിൽ പോയി മണിയടിക്കുന്നവർ എങ്ങനെ വിപ്ലവകാരികളാകും.

 കെ.വി. സുമേഷ് (അഴീക്കോട്)

വിമോചന സമരത്തിന്റെ ഹാംഗ്‌ഓവർ മാറാത്ത യു.ഡി.എഫ് ഇടതുപക്ഷത്തെ തോല്പിക്കാമെന്ന് വ്യാമോഹിക്കേണ്ട. തദ്ദേശ സ്ഥാപനങ്ങൾക്ക് സർക്കാർ കൃത്യമായി പണം നൽകുന്നുണ്ടെന്ന് കെ.കെ. രമയ്ക്ക് മറുപടി. ആധുനിക കേരളത്തിന്റെ വളർച്ചയ്ക്ക് ദിശാബോധം നൽകുന്ന നയപ്രഖ്യാപനം.

 കെ.എൻ.ഉണ്ണികൃഷ്ണൻ (വൈപ്പിൻ)

സർക്കാരിനെ താറടിക്കാൻ യു.ഡി.എഫിന്റെ നേതൃത്വത്തിൽ നുണഫാക്ടറി പ്രവർത്തിച്ചു. തീരദേശ പരിപാലന പദ്ധതി നിലവിൽ വന്നാൽ മത്സ്യത്തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുമെന്ന് ഭീതി പരത്തി. തീരദേശത്ത് സർക്കാർ സഹായമെത്തിക്കുമ്പോൾ ആഴക്കടൽ മത്സ്യബന്ധനത്തിന്റെ കള്ളക്കഥ മെനയുകയായിരുന്നു പ്രതിപക്ഷം.

 എൻ.കെ. അക്ബർ (ഗുരുവായൂർ)

ഗുരുവായൂരപ്പൻ ആരുടെ കൂടെയാണെന്ന് തിരഞ്ഞെടുപ്പ് ഫലം വന്നതോടെ മനസിലായി.

മുസ്ലിം പ്രാർത്ഥനയോടെ ചടങ്ങുകൾ തുടങ്ങിയിരുന്ന ലീഗുകാർ ഇപ്പോൾ ഹൈന്ദവ സൂക്തങ്ങൾ ചൊല്ലാൻ തുടങ്ങി. ജനങ്ങളുടെ സർട്ടിഫിക്കറ്ര് മുഖ്യമന്ത്രിക്ക്.

 പി. നന്ദകുമാർ (പൊന്നാനി)

എന്നെ തല്ലേണ്ടമ്മാവാ ഞാൻ നന്നാവില്ല എന്നു പറഞ്ഞതുപോലെയാണ് പ്രതിപക്ഷം. സ്വന്തം പാർട്ടിയിൽ തിരഞ്ഞെടുപ്പ് നടത്താത്ത കോൺഗ്രസിന് എങ്ങനെ ജനാധിപത്യത്തെപ്പറ്രി പറയാൻ കഴിയും. മതനിരപേക്ഷ രാഷ്ട്രീയത്തെക്കുറിച്ച് പറയാനും കോൺഗ്രസിന് അവകാശമില്ല.

 സജീവ് ജോസഫ് ( ഇരിക്കൂർ)

ജീവിതം വഴിമുട്ടിയ കർഷകർ ആത്മഹത്യയുടെ വക്കത്താണ്. ചെറുകിട കർഷകരുടെ കാർഷിക കടങ്ങൾ സർക്കാർ എഴുതിത്തള്ളണം. തന്റെ മേഖലയിലെ കർഷകർ അനുഭവിക്കുന്ന സാമ്പത്തിക പ്രയാസങ്ങളും വന്യമൃഗങ്ങളിൽ നിന്ന് നേരിടുന്ന അതിക്രമവും വരച്ചുകാട്ടി.

Advertisement
Advertisement