സാമിൽ ഉടമകളും തൊഴിലാളികളും പട്ടിണിയിൽ, മരവ്യവസായത്തിനും ലോക്ക്

Wednesday 02 June 2021 12:00 AM IST

ആറ്റിങ്ങൽ: കൊവിഡ് വ്യാപാര മേഖലയെ പിടിമുറുക്കിയതോടെ കടക്കെണിയിലായവരിൽ ഒരു വിഭാഗമാണ് സാമിൽ ഉടമകളും തൊഴിലാളികളും. കൊവിഡ് കാരണം വരുമാനം കുറഞ്ഞ് ജനം നിർമ്മാണ പ്രവർത്തനങ്ങൾ നിറുത്തിയതും സാമിൽ തൊഴിലാളികളെയും അനുബന്ധ തൊഴിൽമേഖലയേയും തകിടംമറിച്ചു.

2020 ജനുവരിക്ക് ശേഷം ഈ മേഖല തീർത്തും തകർച്ചയിലാണ്. നിപ്പയും പ്രളയവും ആവസാനം കൊവിഡും തിമിർത്താടിയതോടെ ജനം കെട്ടിട നിർമ്മാണവും ഫർണിച്ചർ നിർമ്മാണവുമെല്ലാം കുറയ്ക്കുകയായിരുന്നു. ഇറക്കുമതി തീരുവയിലുണ്ടായ ഇരട്ടിയിലധികമുള്ള വർദ്ധനയും ഈ വ്യവസായത്തെ പിടിച്ചുലച്ചു. 18 ശതമാനം ജി.എസ്.ടി. നൽകിയാലേ തടിമില്ലുകൾക്ക് പ്രവർത്തന അനുമതി നൽകാറുള്ളു.

കറണ്ട് ബില്ല്,​ സ്ഥലവാടക,​ ബാങ്ക് വായ്പ,​ വനം- തദ്ദേശ ഓഫീസുകളിൽ ഒടുക്കേണ്ട നികുതി,​ മരത്തിന്റെ നിയന്ത്രണമില്ലാത്ത വില എന്നിവയാണ് തടിമില്ല് വ്യവസായത്തെ തളർത്തി. ലോക് ഡൗണായി മില്ലുകൾ പൂട്ടിയിട്ടും തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ലൈസൻസ്,​ പൊല്യൂഷൻ സർട്ടിഫിക്കറ്റ്,​ ഫാക്ടറി ആൻഡ് ബോയിലേഴ്സ് സർട്ടിഫിക്കറ്റ്,​ വനം വകുപ്പിന്റെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് എന്നിവ കൃത്യമായി ഒടുക്കേണ്ടതുണ്ട്. ഉടമകൾ പലരും കടക്കെണിയിലായി. ജീവനക്കാർ പച്ചക്കറി കച്ചവടവും മത്സ്യ കച്ചവടവും ഒക്കെയായി ജീവിതം തള്ളിനീക്കാൻ പെടാപ്പാടുപ്പെടുകയാണ്. പല സാമില്ല് ഉടമകളും പലിശയ്ക്ക് പണമെടുത്താണ് സ്ഥാപനം ആരംഭിച്ചത്. പലിശ അടയ്ക്കാനാവാത്തത് കാരണം വലിയ കടക്കെണിയിണ്ഇവർ.

തൊഴിൽ പ്രശ്നം..

യന്ത്ര സാമഗ്രികൾ ഒരുക്കി തടിമില്ലുകൾ ആധുനികമാക്കിയതോടെ ഇവ ഫാക്ടറി ആൻഡ് ബോയിലേഴ്സ് വിഭാഗത്തിലേക്ക് മാറ്റി. കായികക്ഷമത കൂടുതൽ വേണ്ട ഈ തൊഴിലിൽ നിന്നും നാട്ടുകാരായ തൊഴിലാളികൾ പിൻമാറിയതോടെ തമിഴ്നാട്,​ ബംഗാൾ,​ ഒറീസ എന്നിവിടങ്ങളിൽ നിന്നും പരിചയ സമ്പന്നരായ തൊഴിലാളികളെ മില്ല് ഉടമകൾക്ക് കൊണ്ടുവരേണ്ടിവന്നു. ലേക്‌ഡ‌ൗണായി പണിയില്ലെങ്കിലും അവർക്ക് ദിവസം 1400 ഉം അതിലധികവും വേദനം നൽകണം. നാടൻ മരങ്ങളെക്കാൾ വിലക്കുറവുള്ള വിദേശ ഇനം മരങ്ങളുടെ ഇറക്കുമതി തീരുവയും ജി.എസ്.ടിയും സർക്കാർ ക്രമാതീതമായി വർദ്ധിപ്പിച്ചതും ഈ വ്യവസായത്തെ സാരമായി ബാധിച്ചു.

പൊടിപിടിച്ച് ഫർണീച്ചറുകൾ

കൊവിഡ് കാരണം നിർമ്മാണ മേഖലകളിൽ പ്രവർത്തനം കാര്യക്ഷമമായി നടക്കാതായതോടെ ഫർണിച്ചർ വ്യാപാരവും ഗണ്യമായി കുറഞ്ഞു. കടകളിൽ എത്തുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. ലക്ഷങ്ങൾ വിലമതിക്കുന്ന സെറ്റികൾ, മേശ, കസേര, അലമാരികൾ, കട്ടിൽ, ടിപ്പോയ്, ദിവാൻകോട്ട് തുടങ്ങിയ ആഡംബര ഫർണിച്ചർ ഉത്പന്നങ്ങൾ വിൽക്കാതെ കെട്ടിക്കിടക്കുകയാണ്. ഇവയുടെ പല മോഡലുകളും മാസങ്ങൾ കഴിയുമ്പോഴേക്കും ആളെടുക്കാതെയാകും. പുതിയ മോഡലുകളോടാണ് ജനത്തിത് പ്രിയം. കാലങ്ങളായി തൊഴിൽ ചെയ്യുന്ന തൊഴിലാളികളേറെ ഈ മേഖലയിലുണ്ട്. കൊവിഡ് വ്യാപനം മാറി വ്യാപാര വ്യവസായ സ്ഥാപനങ്ങൾ തുറന്നുപ്രവർത്തിക്കാൻ കഴിയുന്ന നാളിനായി കാത്തിരിക്കുകയാണ് ഇവർ..

തടിമില്ല് ഉടമകളും ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന തൊഴിലാളികളും നേരിടുന്ന പ്രശ്നത്തിന് സർക്കാർ അനുകൂല നടപടി സ്വീകരിക്കണം. കുറഞ്ഞ പലിശയ്ക്ക് പുതിയ വായ്പകൾ അനുവദിക്കുകയും പഴയ വായ്പകൾക്ക് രണ്ടു കൊല്ലത്തേക്ക് മോറട്ടോറിയം ഏർപ്പെടുത്തുകയും ചെയ്തില്ലെങ്കിൽ തടിമുല്ലുകൾ വീണ്ടും പ്രവർത്തിക്കാൻ പ്രയാസമാകും. പ്രവർത്തിച്ചാലും ഇല്ലെങ്കിളും അടയ്ക്കേണ്ട ഫിക്സഡ് കറണ്ടു ബില്ല് ലോക് ഡൗൺ കാലത്ത് ഇളവ് അനുവദിക്കണം.

പ്രസന്ന ബാബു

(ആൾകേരള സാമിൽ ആൻഡ് ഓണേഴ്സ് അസോസിയേഷൻ

ചിറയിൻകീഴ്,​ വർക്കല താലൂക്ക് പ്രസിഡന്റ്)​

Advertisement
Advertisement