ട്വന്റി 20ക്കെതിരെ പി.ടി. തോമസ്, താത്പര്യം അറിയാമെന്ന് മുഖ്യമന്ത്രി

Wednesday 02 June 2021 12:39 AM IST

തിരുവനന്തപുരം: കിഴക്കമ്പലത്തെ ട്വന്റി 20യ്‌ക്ക് വ്യവസായ താത്പര്യം മാത്രമാണെന്ന് പി.ടി. തോമസ് എം.എൽ.എ നിയമസഭയിൽ ആരോപിച്ചു. പരിസ്ഥിതി പ്രശ്നങ്ങൾ മൂലം തമിഴ്നാട്ടിൽ അനുമതി നിഷേധിച്ച കമ്പനിയാണ് കിഴക്കമ്പലത്ത് കൊണ്ടുവന്ന് നടത്തുന്നത്. ഇതിലൂടെ കടപ്രയാർ നദി മലിനീകരിക്കപ്പെട്ടുവെന്നും സഭയുടെ ശ്രദ്ധക്ഷണിച്ചുകൊണ്ട് പി.ടി. തോമസ് പറഞ്ഞു. കമ്പനിക്കെതിരെ പഞ്ചായത്ത് നടപടിക്കൊരുങ്ങിയപ്പോഴാണ് സ്വകാര്യ പാർട്ടിയുണ്ടാക്കി ഭരണം പിടിച്ചെടുത്തത്. മലിനീകരണപ്രശ്നം പരിഹരിക്കുന്നതുവരെ ട്വന്റി 20യുമായി ബന്ധപ്പെട്ട വ്യവസായ സ്ഥാപനത്തിന്റെ പ്രവർത്തനം നിറുത്തിവയ്ക്കണമന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എന്നാൽ ഒരു പ്രത്യേക കമ്പനിയെ കുറിച്ച് പി.ടി. തോമസ് പ്രത്യേകമായി പരാമർശിച്ചതിന് കാരണങ്ങളുണ്ടാകാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ നിയമം എന്താണോ പറയുന്നത് അതനുസരിച്ചുള്ള നടപടിമാത്രമാണ് സ്വീകരിക്കുക. തോമസിന്റെ താത്പര്യത്തിന് മറുപടി പറയാൻ പുറപ്പെട്ടാൽ ശരിയാകില്ല.

ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവിനെത്തുടർന്ന് കടപ്രയാർ നദിയുടെ പുനരുജ്ജീവനത്തിനായി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് കർമ്മപദ്ധതി തയ്യാറാക്കി നടപ്പാക്കുന്നുണ്ട്. സമീപത്തെ ഫ്ളാറ്റുകൾ, ഹോട്ടലുകൾ എന്നിവയിൽ പരിശോധന നടത്തി നിയമം ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കുന്നുണ്ട്. പുഴയുമായി ബന്ധപ്പെട്ട വ്യവസായ സ്ഥാപനങ്ങളിലും ഇടവിട്ടുള്ള പരിശോധന നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.