റിട്ട. ജസ്റ്റിസ് അരുൺമിശ്ര ദേശീയ മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷനാകും

Wednesday 02 June 2021 12:42 AM IST

ശുപാർശ ചെയ്ത് കേന്ദ്രം

എതിർത്ത് മല്ലികാർജുന ഖാർഗെ

ന്യൂഡൽഹി: സുപ്രീംകോടതി റിട്ട. ജസ്റ്റിസ് അരുൺ മിശ്രയെ ദേശീയ മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷനായി ശുപാർശ ചെയ്ത് കേന്ദ്രം. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ ഹരിവന്ദ്, ലോക്‌സഭാ സ്പീക്കർ ഓം ബിർള, രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുന ഖാർഗെ എന്നിവരടങ്ങുന്ന സമിതിക്ക് മുമ്പാകെയാണ് കേന്ദ്രം ഈ നിർദ്ദേശം മുന്നോട്ട് വച്ചത്.

മല്ലികാർജുൻ ഖാർഗെ ഒഴികെയുള്ള എല്ലാവരും അരുൺ മിശ്രയുടെ പേര് അംഗീകരിച്ചു. സർക്കാരിന്റെ ഔദ്യോഗിക തീരുമാനം ഉടൻ പുറത്തിറങ്ങും.

എന്നാൽ രാജ്യത്ത് ഏറ്റവും അധികം മനുഷ്യവകാശ ലംഘനങ്ങൾ നടക്കുന്നത് പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്ക് നേരെയാണെന്നും അതിനാൽ ആ വിഭാഗത്തിൽപ്പെട്ട ആരെയെങ്കിലും ദേശീയ മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷനാക്കണമെന്നും മല്ലികാർജുന ഖാർഗെ യോഗത്തിൽ ആവശ്യപ്പെട്ടു. ആവശ്യം നിരാകരിക്കപ്പെട്ടതോടെ സർക്കാർ നിർദ്ദേശത്തോടുള്ള വിയോജിപ്പ് ഖാർഗെ ഔദ്യോഗികമായി രേഖപ്പെടുത്തി.

ജമ്മു കാശ്‌മീർ ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് മഹേഷ് മിത്തൽ കുമാർ, ഇന്റലിജൻസ് ബ്യൂറോ മുൻ ഡയറക്ടർ രാജീവ് ജെയിൻ എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്. എന്നാൽ ഭൂരിപക്ഷവും അരുൺ മിശ്രയുടെ പേര് അംഗീകരിച്ചതിനാൽ അദ്ദേഹത്തിനാണ് നറുക്ക് വീഴുക. കഴിഞ്ഞ അഞ്ച് മാസമായി ദേശീയ മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്.

Advertisement
Advertisement