രാജയുടെ രണ്ടാം പ്രതി‌ജ്ഞ ഇന്ന്

Wednesday 02 June 2021 12:47 AM IST

തിരുവനന്തപുരം: നിയമസഭയിൽ 'സഗൗരവ'ത്തിലോ ദൈവനാമത്തിലോ പ്രതിജ്ഞ ചെയ്ത് അംഗമായില്ലെന്ന കുറവ് ദേവികുളം എം.എൽ.എ എ. രാജ ഇന്ന് നികത്തും. രണ്ടാംവട്ട സത്യപ്രതിജ്ഞ സ്പീക്കറുടെ ചേമ്പറിൽ രാവിലെ 8.30ന് നടക്കും. പ്രതിജ്ഞയിൽ ചട്ടലംഘനമുണ്ടെന്ന മേയ് 26ലെ 'കേരളകൗമുദി" വാർത്ത ശരിവച്ച് നിയമവകുപ്പ് റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിലാണിത്.

തമിഴിൽ സഗൗരവം സത്യപ്രതിജ്ഞ ചെയ്യാനായിരുന്നു രാജയുടെ തീരുമാനം. ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അത് അറിയിക്കുകയും ചെയ്തു. ''...കടമകളെ ഉന്മയുടൻ നിറവേറ്റ്റ്മെന്റും ഉളമാറ് ഉറുതി കൊടുക്കിറേൻ'' എന്നാണ് വരേണ്ടിയിരുന്നത്. ഉദ്യോഗസ്ഥർ എഴുതിക്കൊടുത്ത പ്രതിജ്ഞാ വാചകത്തിൽ 'ഉളമാറ്' (സഗൗരവം) എന്ന തമിഴ് വാക്ക് ഉണ്ടായിരുന്നില്ല.

ഭരണഘടന പ്രകാരം എം.എൽ.എയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ദൈവനാമം അല്ലെങ്കിൽ സഗൗരവം എന്ന വാക്ക് വേണം. ഭാഷ ഏതായാലും തുല്യപദം ഉപയോഗിക്കണം. ഈ വ്യവസ്ഥ തെറ്റിച്ചപ്പോഴൊക്കെ സത്യപ്രതിജ്ഞ അസാധുവാക്കിയിട്ടുണ്ട്.

Advertisement
Advertisement