സി.ബി.എസ്.ഇ, ഐ.എസ്.സി 12-ാം ക്ലാസ് പരീക്ഷ റദ്ദാക്കി

Wednesday 02 June 2021 1:03 AM IST

ന്യൂഡൽഹി : സി.ബി.എസ്.ഇ, ഐ.എസ്.സി 12-ാം ക്ളാസ് പരീക്ഷ സംബന്ധിച്ച് മാസങ്ങൾ നീണ്ട ആശങ്കകൾക്ക് വിരാമമിട്ട് പരീക്ഷ റദ്ദാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. പ്രധാനമന്ത്രി അദ്ധ്യക്ഷനായി കേന്ദ്രമന്ത്രിമാരായ അമിത് ഷാ, പ്രകാശ് ജാവദേക്കർ, പീയുഷ് ഗോയൽ, നിർമ്മല സീതാരാമൻ തുടങ്ങിയവരുൾപ്പെട്ട ഉന്നതതല സമിതിയുടെ ചർച്ചയിലാണ് തീരുമാനം. മൂല്യനിർണയത്തിന് സമയബന്ധിതമായി മാർഗരേഖ തയ്യാറാക്കാനും മുൻവർഷത്തെപ്പോലെ പരീക്ഷ എഴുതണമെന്നുള്ളവർക്ക് അതിനുള്ള അവസരം പിന്നീട് നൽകാനും പ്രധാനമന്ത്രി നിർദ്ദേശം നൽകി.

വിദ്യാർത്ഥികളുടെ സുരക്ഷയും ആരോഗ്യവും പരിഗണിച്ചാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് യോഗത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചു. രാജ്യം അസാധാരണ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും പല സംസ്ഥാനങ്ങളിലും ലോക്ക് ഡൗൺ നിലവിലുണ്ട്. പരീക്ഷയ്‌ക്കെത്താൻ വിദ്യാർത്ഥികളെ നിർബന്ധിക്കാനാകില്ല. ശാശ്വത പരിഹാരമാണ് വേണ്ടത്. പ്രതികരണങ്ങൾ ലഭ്യമാക്കിയ സംസ്ഥാനങ്ങൾക്ക് നന്ദി രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം അറിയിച്ചു.

നേരത്തെ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കിയിരുന്നു. 12-ാം ക്ളാസ് പരീക്ഷകളും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ നാളെ മറുപടി നൽകണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിലായിരുന്നു യോഗം.

മൂല്യനിർണയത്തിന് മാനദണ്ഡം ഇന്റേണൽ മാർക്ക്

കഴിഞ്ഞ വർഷം ലോക്ക് ഡൗണിന് മുമ്പ് മൂന്ന് പരീക്ഷ എഴുതാൻ വിദ്യാർത്ഥികൾക്ക് കഴിഞ്ഞിരുന്നു. ഈ മാർക്കും ഇന്റേണൽ മാർക്കുകളും പരിഗണിച്ചായിരുന്നു മൂല്യനിർണയം. എന്നാൽ, ഇത്തവണ വിദ്യാർത്ഥികൾ സ്‌കൂളിൽ പോയിട്ടില്ല. ഈ കാലയളവിലെ ഇന്റേണൽ മാർക്കുകൾ അടിസ്ഥാനമാക്കിയുള്ള മൂല്യനിർണയത്തിൽ വിദ്യാർത്ഥികൾ ആശങ്ക രേഖപ്പെടുത്തിയിരുന്നു. അതിനാൽ 9, 10,11 ക്ലാസുകളിലെ മാർക്ക് പരിഗണിച്ച് 12-ാം ക്ളാസിൽ ഇന്റേണൽ മാർക്ക് നൽകുന്ന കാര്യമാണ് ബോർഡിന്റെ ആലോചനയിലുള്ളത്. കൗൺസിൽ ഫോർ ഇന്ത്യൻ സ്‌കൂൾ സർട്ടിഫിക്കറ്റ് എക്‌സാമിനേഷൻ (സി.ഐ.എസ്.ഇ.) ബോർഡ് അഫിലിയേഷൻ ഉള്ള സ്‌കൂളുകളോട് പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾ പതിനൊന്നാം ക്ലാസിൽ നേടിയ ശരാശരി മാർക്ക് വിവരങ്ങൾ ശേഖരിച്ചു നൽകണമെന്നാവശ്യപ്പെട്ടിട്ടുണ്ട്. ഈ മാസം ഏഴ് വരെയാണ് മാർക്ക് വിവരങ്ങൾ നൽകാൻ സ്‌കൂളുകൾക്ക് നൽകിയിരിക്കുന്ന സമയം.


സ്വാഗതം ചെയ്ത് മാനേജ്മെന്റുകൾ

പരീക്ഷ റദ്ദാക്കാനുള്ള തീരുമാനം സ്വാഗതം ചെയ്ത മാനേജ്‌മെന്റുകൾ മൂല്യനിർണയത്തിന് കൃത്യമായ മാനദണ്ഡം വേണമെന്ന് ആവശ്യപ്പെട്ടു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേ‌ജ്‌രിവാൾ തീരുമാനത്തെ സ്വാഗതം ചെയ്തു.

Advertisement
Advertisement