കാട്ടിലെ ജലാശയങ്ങളിൽ ആഫ്രിക്കൻ മുഷി,​ അധിനിവേശ മത്സ്യങ്ങളെ നീക്കം ചെയ്യാൻ തുടങ്ങി

Wednesday 02 June 2021 1:06 AM IST
വന്യജീവിസങ്കേതത്തിനകത്തെ കുളത്തിൽ നിന്ന് ആഫ്രിക്കൻ മുഷിയെ നീക്കം ചെയ്യുന്നതിനായി പിടിക്കുന്നു

സുൽത്താൻ ബത്തേരി: ജലജീവികളുടെ ഉൻമൂലനത്തിന് ഇടയാക്കുന്ന ആഫ്രിക്കൻ മുഷിയെ ജലാശയങ്ങളിൽ നിന്ന് നീക്കം ചെയ്യാൻ വനം വകുപ്പ് നടപടി ആരംഭിച്ചു. അധിനിവേശ സസ്യങ്ങളായ സെന്ന, മൈക്കേനിയ, മക്കരാന്ത തുടങ്ങിയവ വനത്തിലെ സ്വാഭാവിക ആവാസ വ്യവസ്ഥയ്ക്ക് ഭീഷണിയായതിന്റെ പിറകെയാണ് അധിനിവേശ മത്സ്യവും ജലാശയങ്ങളിൽ നിറഞ്ഞത്. സ്വാഭാവിക നീരുറവകളിലെയും കുളങ്ങളിലെയും ജലജീവികൾക്ക് ഇവ വൻ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. മുത്തങ്ങ വനമേഖലയിലെ ജലാശയങ്ങളിലാണ് ആഫ്രിക്കൻ മുഷിയെ കണ്ടെത്തിയത്. രണ്ട് കുളങ്ങളിലാണ് ഇവയെ കണ്ടതെങ്കിലും എല്ലാ ജലസ്രോതസുകളിലും പരിശോധന നടത്തി ഇവയെ നിർമാർജനം ചെയ്യാനാണ് നീക്കം. രണ്ട് കുളങ്ങളിൽ നിന്നായി ഇതിനകം നൂറിൽപ്പരം ആഫ്രിക്കൻ മുഷികളെ വനം വകുപ്പ് പിടികൂടി നീക്കം ചെയ്തു.

രണ്ട് കിലോയോളം തൂക്കം വരുന്നതാണ് ഓരോ മൽസ്യവും. വയനാട് വന്യ ജീവി സങ്കേതത്തിലെ നാല് റെയിഞ്ചുകളിലായി ചെക്ക് ഡാമുകളടക്കം 217 സ്വാഭാവിക ജലസ്രോതസുകളാണ് ഉള്ളത്. സ്വാഭാവിക ജല ജീവികളുടെ നാശത്തിന് ഇടവരുത്തുന്ന ഈ മത്സ്യങ്ങൾ ജില്ലയിലെ പ്രധാന പുഴകളിലടക്കം നേരത്തെ കണ്ടെത്തിയിരുന്നെങ്കിലും വന്യജീവി സങ്കേതത്തിനകത്ത് കാണുന്നത് ഇത് ആദ്യമാണ്. തദ്ദേശീയമായ മൽസ്യ വർഗങ്ങളെക്കുറിച്ച് പഠിക്കാൻ വന്യജീവി സങ്കേതം അധികൃതർ തീരുമാനിച്ച സമയത്താണ് ആഫ്രിക്കൻ മുഷിയുടെ സാന്നിദ്ധ്യം കാട്ടിലെ കുളങ്ങളിലുണ്ടെന്ന് ഗോത്ര വിഭാഗക്കാരിൽ നിന്ന് അറിയുന്നത്. ആഫ്രിക്കൻ മുഷി മറ്റ് ജലജീവികളുടെ ആവാസ വ്യവസ്ഥയ്ക്ക് ഭീഷണിയാണെന്ന് കണ്ടതോടെ ഇതിനെ നിരോധിച്ചിരുന്നു. മുമ്പ് ഇതിനെ വളർത്തിയിരുന്നവർ സുരക്ഷിതമല്ലാത്ത കുളങ്ങൾ, തടാകങ്ങൾ, ഉപേക്ഷിക്കപ്പെട്ട ക്വാറി കുളങ്ങൾ എന്നിവിടങ്ങളിൽ കൊണ്ടുപോയി ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞ രണ്ട് പ്രളയത്തിനിടയിലായിരിക്കാം ആഫ്രിക്കൻ മുഷികൾ വന്യജീവി സങ്കേതത്തിലെ കുളങ്ങളിൽ എത്തിയതെന്നാണ് ജലജീവി നിരീക്ഷകർ കരുതുന്നത്. സ്വാഭാവിക ജലജീവികളെ മുഴുവൻ തിന്നു നശിപ്പിക്കുകയാണ് ഇവയുടെ രീതി. വന്യജീവിസങ്കേതത്തിനകത്തെ കുളത്തിൽ നിന്ന് ആഫ്രിക്കൻ മുഷിയെ നീക്കം ചെയ്യുന്നതിനായി പിടിക്കുന്നു

Advertisement
Advertisement