പക്ഷിപ്പനി : H10N3 വൈറസ് ലോകത്ത് ആദ്യമായി ചൈനീസ് യുവാവിൽ

Wednesday 02 June 2021 1:15 AM IST

ബീജിംഗ്:ലോകത്താദ്യമായി ചൈനയിൽ പക്ഷിപ്പനിയുടെ വകഭേദമായ H10 N3 വൈറസ് മനുഷ്യനിൽ സ്ഥിരീകരിച്ചു. ചൈനയിലെ കിഴക്കൻ ജിയാങ്സു സ്വദേശിയായ 41കാരനിലാണ് രോഗം സ്ഥിരീകരിച്ചതെന്ന് ചൈനീസ് നാഷണൽ ഹെൽത്ത് കമ്മിഷൻ അറിയിച്ചു. പനിയും മറ്റ് ലക്ഷണങ്ങളുമായി ഏപ്രിൽ 28നാണ് യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മേയ് 28നാണ് പക്ഷിപ്പനി വൈറസിന്റെ H10 N3 എന്ന വകഭേദമാണെന്ന് വ്യക്തമായത്. എങ്ങനെയാണ് വൈറസ് ബാധിച്ചതെന്ന് വ്യക്തമല്ല. ഇയാളെ ആശുപത്രിയിൽ നിന്ന് ഡിസ്ചാ‌ർജ് ചെയ്യാറായെന്നും അധികൃതർ അറിയിച്ചു.

താരതമ്യേന ഗുരുതരമല്ലാത്ത വൈറസാണ് H10 N3. ഇത് പടർന്ന് പിടിക്കാനുള്ള സാദ്ധ്യത വിദൂരമാണെന്ന് ചൈനീസ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇദ്ദേഹവുമായി സമ്പർക്കത്തിൽ വന്നവരെ നിരീക്ഷിച്ചെങ്കിലും ആരിലേക്കും രോഗം പകർന്നിട്ടില്ല.

H10 N3 വൈറസിനെ 2018 വരെയുള്ള 40 വർഷങ്ങൾക്കിടെ ലോകത്താകെ 160 തവണയേ വേർതിരിച്ചെടുത്തിട്ടുള്ളൂ. അതിൽ കൂടുതലും ഏഷ്യയിലും വടക്കേ അമേരിക്കയുടെ ചില ഭാഗങ്ങളിലും കാട്ടു പക്ഷികളിലാണ് കണ്ടിട്ടുള്ളത്. കോഴികളിൽ ഈ വൈറസ് ഇതുവരെ കണ്ടിട്ടില്ല.

പക്ഷിപ്പനിയുടെ വിവിധ വകഭേദങ്ങൾ ചൈന ഉൾപ്പെടെ ലോകരാജ്യങ്ങളിൽ കണ്ടുവരുന്നുണ്ട്. H7N9 വകഭേദം കാരണം 2016 - 17ൽ ലോകത്താകെ മുന്നൂറോളം പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. എല്ലാ വകഭേദങ്ങളും മനുഷ്യരിലേക്ക് പകരാറില്ല. കോഴി വളർത്തലുമായി ബന്ധപ്പെട്ട ജോലികളിൽ ഏർപ്പെടുന്നവരിലാണ് കൂടുതലായി ഈ രോഗം കണ്ടുവരുന്നത്.

Advertisement
Advertisement