കർശന നിയന്ത്രണങ്ങളോടെ പൂട്ടഴിച്ച് മാർക്കറ്റുകൾ

Wednesday 02 June 2021 1:26 AM IST
market,

  • 688 പേരിൽ 9 പേർക്ക് മാത്രം കൊവിഡ്

തൃശൂർ: കർശന നിയന്ത്രണങ്ങളോടെയും പൊലീസ് നിരീക്ഷണത്തിലും നഗരത്തിലെ മാർക്കറ്റുകൾ ഇന്നലെ പുലർച്ചെ മുതൽ പ്രവർത്തനം തുടങ്ങി. ശക്തൻ മാർക്കറ്റ്, അരിയങ്ങാടി തുടങ്ങി പ്രധാന മാർക്കറ്റുകളെല്ലാം ഇന്നലെ തുറന്നു. ശക്തൻ മാർക്കറ്റിൽ പുലർച്ചെ ഒന്നു മുതൽ രാവിലെ എട്ട് വരെ മൊത്ത കച്ചവടക്കാർക്കാണ് വിൽപ്പനയ്ക്ക് അനുമതി നൽകിയത്. തുടർന്ന് ഉച്ചവരെ ചില്ലറ വിൽപ്പനക്കാർക്ക് കടകൾ തുറക്കാൻ അവസരം നൽകി. പുറമേ നിന്ന് സാധനം വാങ്ങാനെത്തുന്നവരുടെ തിരക്ക് നിയന്ത്രിക്കാൻ പൊലീസ് പ്രത്യേക സംവിധാനം ഒരുക്കി. ചെറിയ കടകളിൽ രണ്ടു പേരെയും വലിയ സ്ഥാപനങ്ങളിൽ ഉടമസ്ഥനടക്കം മൂന്ന് പേരെയുമേ അനുവദിക്കൂ.


അന്യസംസ്ഥാനങ്ങളിൽ നിന്ന് മാർക്കറ്റുകളിലെത്തുന്ന വാഹനങ്ങൾ, ഡ്രൈവർമാർ, ചുമടെടുക്കാൻ എത്തുന്ന തൊഴിലാളികൾ എന്നിവരെ സാനിറ്റൈസ് ചെയ്ത ശേഷമേ അകത്തേക്ക് പ്രവേശിപ്പിക്കൂ. എല്ലാ കവാടങ്ങളിലും പൊലീസിനെ നിയോഗിച്ചിരുന്നു. വാഹനങ്ങളും അണുവിമുക്തമാക്കി. കമ്മിഷണർ ആർ. ആദിത്യ, എ.സി.പി പി.വി ബേബിയുടെ നേതൃത്വത്തിൽ ഇരുപതോളം പൊലീസുകാരെ വിന്യസിച്ചിരുന്നു. രണ്ട് ഷിഫ്റ്റായാണ് പൊലീസുകാരെ നിയോഗിച്ചത്. അകത്തേക്കും പുറത്തേക്കും ഓരോ വഴി വീതം ഒരുക്കി. മറ്റ് വഴികളെല്ലാം ബാരിക്കേഡുകൾ വച്ച് അടച്ചാണ് നിയന്ത്രണം ശക്തമാക്കിയത്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടായിരുന്നു.

ആദ്യ ദിനം തിരക്ക് കുറഞ്ഞു

ഒരു മാസത്തിന് ശേഷം തുറന്ന ശക്തൻ മാർക്കറ്റിൽ ഇന്നലെ കാര്യമായ തിരക്കുണ്ടായില്ല. ഇതരസംസ്ഥാനങ്ങളിൽ നിന്ന് സാധാരണ വന്നിരുന്ന ചരക്ക് ലോറികളിൽ പകുതി പോലും ഇന്നലെയെത്തിയില്ല. ഇന്ന് കൂടുതൽ ലോറികൾ എത്തിയേക്കും. കൂടാതെ ഇന്ന് മത്സ്യ മാർക്കറ്റ് കൂടി തുറക്കുന്നതോടെ തിരക്ക് വർദ്ധിക്കാനുള്ള സാദ്ധ്യതയുണ്ടെന്ന് പൊലീസ് പറഞ്ഞു.

മത്സ്യ, മാംസ മാർക്കറ്റുകൾ ഇന്ന് മുതൽ

മത്സ്യ, മാംസ മാർക്കറ്റുകൾ ഇന്ന് തുറക്കും. തിങ്കൾ, ബുധൻ, ശനി ദിവസങ്ങളിൽ രാവിലെ ഏഴ് മുതൽ വൈകിട്ട് അഞ്ച് വരെ പ്രവർത്തിക്കാനാണ് അനുമതി. വഴിയോര കച്ചവടം അനുവദിച്ചിട്ടില്ല.

ഒമ്പത് പേർക്ക് കൊവിഡ്

മാർക്കറ്റുകൾ തുറക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ഉടമകൾക്കും തൊഴിലാളികൾക്കും നടത്തിയ ആർ.ടി.പി.സി.ആർ പരിശോധനയിൽ ഒമ്പത് പേർക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത്. 688 പേർക്കായിരുന്നു പരിശോധന. നേരത്തെ കൊവിഡ് വ്യാപനം ഏറെ രൂക്ഷമായതോടെയാണ് മാർക്കറ്റുകൾ അടച്ചത്. അതേസമയം ഇന്നലെ പോസിറ്റീവായ പലരും നേരത്തെ കൊവിഡ് വന്ന് നെഗറ്റീവായവരാണ്.


ഒരാഴ്ച്ച കർശന പരിശോധന തുടരും. അതിന് ശേഷം സ്ഥിതിഗതികൾ പരിശോധിച്ച ശേഷമേ നിയന്ത്രണം കുറക്കണമോയെന്നത് സംബന്ധിച്ച് തീരുമാനമെടുക്കൂ.

പി.വി ബേബി
തൃശൂർ എ.സി.പി

Advertisement
Advertisement