കോൺഗ്രസ്, കേരള കോൺഗ്രസ് നേതാക്കൾ ഇടതുമുന്നണിയിലേക്ക്; ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി മാസ്‌റ്റർ പ്ലാൻ പുറത്തെടുത്ത് സി പി എം, നീക്കങ്ങൾ ഇങ്ങനെ

Wednesday 02 June 2021 8:20 AM IST

കോട്ടയം: മദ്ധ്യതിരുവിതാംകൂറിലെ യു ഡി എഫ് കോട്ടകളിൽ വിളളൽ വീഴ്‌ത്താനുളള ശ്രമം തുടങ്ങി സി പി എം. ഇടതുമുന്നണിയുടെ അടിത്തറ വിപുലപ്പെടുത്താൻ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുളള മാസ്റ്റർ പ്ലാനാണ് സി പി എം നേതാക്കളുടെ മനസിലുളളത്. കേരള കോൺഗ്രസ് ജോസ് വിഭാഗത്തെ ഒപ്പംനിർത്തിയാണ് സി പി എം നീക്കം.

കോൺഗ്രസിലേയും കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലേയും ചില മുതിര്‍ന്ന നേതാക്കള്‍ ജോസ് ക്യാമ്പിലേക്ക് കൂടുമാറുന്നുവെന്നാണ് ഒടുവിലത്തെ വിവരം. ജോസ് കെ മാണിയുമായി ഇവര്‍ അനൗദ്യോഗിക ചര്‍ച്ച നടത്തി. സി പി എം പിന്തുണയോടെ നടക്കുന്ന നീക്കം വിജയിക്കാൻ കേരള കോൺഗ്രസിന് കൂടുതൽ ബോർഡ്-കോർപ്പറേഷൻ സ്ഥാനമാനങ്ങൾ എൽ ഡി എഫ് നൽകിയേക്കും. സ്ഥാനമാനങ്ങൾ കാണിച്ച് നേതാക്കളെ വലയിൽ വീഴ്‌ത്തുകയാണ് പ്രഥമ ലക്ഷ്യം.

നേതാക്കള്‍ മാത്രം പോരാ അണികളെയും ഇടത് മുന്നണിയിലേക്ക് അടുപ്പിക്കണമെന്നാണ് സി പി എം ജോസ് കെ മാണിക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. പത്തനംതിട്ടയിലേയും എറണാകുളത്തേയും ചില ജോസഫ് പക്ഷക്കാരായ നേതാക്കളുമായി ജോസ് കെ മാണി പ്രാഥമിക ചര്‍ച്ചകള്‍ പൂർത്തിയാക്കിയിട്ടുണ്ട്.

ഇന്നും നാളെയും തിരുവനന്തപുരത്ത് തങ്ങുന്ന ജോസ് കെ മാണി സി പി എം നേതാക്കളുമായി ഇതു സംബന്ധിച്ച കൂടിയാചോനകള്‍ നടത്തും. അടുത്തിടെ ലതികാ സുഭാഷിനെ പി സി ചാക്കോ മുൻകൈ എടുത്ത് എൻ സി പിയിലെത്തിച്ചത് പോലെയാകും ജോസിന്‍റെയും നീക്കം. പക്ഷേ നേതാക്കളെ മാത്രം പാര്‍ട്ടിയിലേക്ക് കൊണ്ട് വരുന്നതിനെ ജോസിനൊപ്പം നില്‍ക്കുന്ന ചില നേതാക്കള്‍ എതിര്‍ക്കുന്നുമുണ്ട്. അടുത്തയാഴ്ച ചേരുന്ന കേരളാ കോണ്‍ഗ്രസ് എമ്മിന്‍റെ സ്റ്റീയറിംഗ് കമ്മിറ്റിയില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും.

എൻ സി പിയിൽ പി സി ചാക്കോയുടെ സ്വാധീനം ഉപയോഗിച്ച് കൂടുതൽ കോൺഗ്രസുകാരെ വരും ദിവസങ്ങളിൽ എൽ ഡി എഫിൽ എത്തിക്കാനുളള അണിയറ നീക്കങ്ങളും നടത്തുന്നുണ്ട്. ജനാധിപത്യ കേരള കോൺഗ്രസിനെ മുൻനിർത്തിയും സി പി എം ആക്ഷൻ പ്ലാൻ തുടക്കമിടാൻ പദ്ധതിയിടുന്നതായാണ് മുന്നണി വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന.

Advertisement
Advertisement