ഉപയോഗ ശൂന്യമായ പൊതുകുളങ്ങൾ കുളം നിറയെ വെള്ളവും മാലിന്യവും

Thursday 03 June 2021 3:17 AM IST

മലയിൻകീഴ്: ഗ്രാമീണ മേഖലകളെ ഒരുകാലത്ത് ജല സമ്പുഷ്ടമാക്കിയ കുളങ്ങൾ ഇന്ന് ഉപയോഗശൂന്യമാണ്. ഇവ മാലിന്യം വലിച്ചെറിയാനുള്ള സ്ഥലം മാത്രമായി മാറി. മുൻപ് പ്രദേശവാസികൾ കുളിക്കാനും തുണിഅലക്കാനും ഇതിനെല്ലാം ഉപരി കൃഷിക്കും ഉപയോഗിച്ചിരുന്ന ഈ ഉറവവറ്റാത്ത പൊതുകുളങ്ങൾ ഇന്ന് പാഴ്ച്ചെടികളും വള്ളപ്പിടർപ്പുകളും മൂടി ഇഴ‌ന്തുക്കളുടെ കേന്ദ്രമായി മാറി. മലയിൻകീഴ് പഞ്ചായത്തിലെ ശാന്തുമൂല കുളം, ഇരട്ടക്കലുങ്കിന് സമീപത്തെ മാമ്പഴച്ചിറകുളം, വിളപ്പിൽ പഞ്ചായത്തിലെ ഇടവിളാകം, കൊപ്പള്ളി ഇരട്ടകുളം എന്നിവ പൂർവ്വികരുടെ കാലം മുതൽ ഉപയോഗിച്ച് വരുന്ന ജലസ്രോതസുകളിൽ പ്രധാനപ്പെട്ടതായിരുന്നു. എന്നാൽ ശാന്തുമൂല കുളത്തിൽ ആവശ്യത്തിലേറെ വെള്ളമുണ്ടെങ്കിലും പാഴ്ച്ചെടികളും ആമ്പലും വളർന്ന് ഉപയോഗിക്കാനാകാതെ കിടക്കുകയാണ്. ഇത്രയും മഴപെയ്തിട്ടും ഇടവിളാകം കുളത്തിലെ വെള്ളത്തിന്റെ നിറവ്യത്യാസത്തിന് മാറ്റമില്ല. ഈ കുളങ്ങളിലെ വെള്ളം ഉപയോഗിച്ചാൽ ചൊറിച്ചിൽ ഉണ്ടാകുമെന്നാണ് നാട്ടുകാർ പറയുന്നത്. കുളങ്ങൾ സംരക്ഷിച്ചിരുന്നെങ്കിൽ ഗ്രാമമങ്ങളിലെ കുടിവെള്ള ക്ഷാമത്തിന് വരെ പരിഹാരമുണ്ടാക്കാൻ സാധിക്കുമായിരുന്നു. കുളങ്ങൾ സംരക്ഷിക്കേണ്ടത് അനിവാര്യമായ ഘടകങ്ങളിൽ പെട്ടതാണെന്ന് ജനപ്രതിനിധികൾ ഉൾപ്പെടയുള്ളവർ പൊതുവേദികളിൽ പ്രസംഗിക്കാറുണ്ടെങ്കിലും എല്ലാം വെറും പാഴ്വാക്കുകളെന്നാണ് നാട്ടുകാർ പറയുന്നത്. കടുത്ത വേനലിലും യഥേഷ്ടം വെള്ളം ലഭ്യമാകുന്ന പൊതു കുളങ്ങൾ
സംരക്ഷിയ്ക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. അധികൃതരുടെ അനാസ്ഥയും പഞ്ചായത്തുക്കളുടെ താത്പര്യക്കുറവുമാണ് പൊതുകളങ്ങൾ നാശത്തിന്റെ വക്കിലെത്താൻ കാരണ മത്രേ. ചില കുളക്കടവും പരിസരവും സാമൂഹ്യവിരുദ്ധരുടെ താവളമായും മാറിയിട്ടുണ്ട്.

വെള്ളമുണ്ട്, ഒപ്പം മാലിന്യവും

കണ്ടല കരിംകുളം, പെരുംകുളം, എരുത്താവൂർ കുരിശോട്ടുകോണം, പിരിയാകോട് കുളം പോങ്ങുംമൂട് നാഗക്കാട്ടുകുളം എന്നി പൊതുകളങ്ങളിൽ വെള്ളം ആവശ്യത്തിലേറെയുണ്ട്. എന്നാൽ മലിന്യം കൊണ്ട് നിറഞ്ഞ് ദുർഗന്ധം പരത്തുന്ന വിധത്തിൽ ചെളികൊണ്ട് മൂടി പാഴ്ച്ചെടികൾ നിറഞ്ഞ സ്ഥിതിയിലാണ്. കുളത്തിലെ വെള്ളത്തിന് കറുപ്പ് നിറം വരാൻ കാരണം വൻ തോതിലുള്ള മാലിന്യ നിക്ഷേപമാണെന്നാണ് വിലയിരുത്തൽ. മലയിൻകീഴ് പഞ്ചായത്തിലുൾപ്പെട്ട ഇരട്ടക്കലുങ്ക് മാമ്പഴച്ചിറകുളം, ശാന്തുമൂല കുളം എന്നിവയുടെ നവീകരണത്തിന് വൻതുകകൾ പലവട്ടം പഞ്ചായത്ത് അധികൃതർ വിനിയോഗിച്ചിരുന്നെങ്കിലും ഈ കുളങ്ങൾ ഉപയോഗയോഗ്യമാക്കാൻ ഇതുവരെ സാധിച്ചിട്ടില്ല.

ഉറവ വറ്റാത്ത കുളങ്ങൾ

മലയിൻകീഴ് പഞ്ചായത്തിലെ ശാന്തുമൂല കുളം, ഇരട്ടക്കലുങ്കിന് സമീപത്തെ മാമ്പഴച്ചിറകുളം, വിളപ്പിൽ പഞ്ചായത്തിലെ ഇടവിളാകം, കൊപ്പള്ളി ഇരട്ടകുളം, കണ്ടല കരിംകുളം, പെരുംകുളം, എരുത്താവൂർ കുരിശോട്ടുകോണം, പിരിയാകോട് കുളം പോങ്ങുംമൂട് നാഗക്കാട്ടുകുളം

കടുത്ത വേനൽകാലത്ത് പോലും ഉറവയുണ്ടായിരുന്ന മാമ്പഴച്ചിറകുളമിപ്പോൾ വെള്ളമില്ലാതെ ചെളിനിറഞ്ഞ് മലിനമായി കിടക്കുകയാണ്. മറ്റ് പഞ്ചായത്തുകളിൽ നിന്നുള്ളവർ പോലും മാമ്പഴച്ചിറ കുളത്തിലെത്തി കുളിച്ചിരുന്നതായി പഴമക്കാർ ഓർക്കുന്നു. ഗ്രാമസഭകൾ ചേരുമ്പോൾ പൊതുകുളം നവീകരിക്കാൻ പദ്ധതികൾ ഇടുമെങ്കിലും പൊതുകുളങ്ങളെ പൂർവ്വസ്ഥിതിയിലേക്ക് കൊണ്ട് വരുന്നതിന് അധികൃതർ യാതൊന്നും ചെയ്യാറില്ല.

Advertisement
Advertisement