ഉണ്ണികൃഷ്ണന്റെ വീട് സ്വന്തം അദ്ധ്വാനം

Thursday 03 June 2021 12:05 AM IST
ഉണ്ണിക്കൃഷ്ണൻ വീട് നിർമ്മാണത്തിനിടെ

കണ്ണൂർ: വീട് ഒരു സ്വപ്നം മാത്രമായിരുന്നില്ല, വാശി കൂടിയായിരുന്നു കണ്ണൂർ മയ്യിൽ തായംപൊയിലിലെ ഉണ്ണികൃഷ്ണൻ പനച്ചിക്കണ്ടിക്ക്. ഒരു രൂപ പോലും കൂലി നൽകാതെ സ്വന്തം അദ്ധ്വാനത്തിൽ വീട് പൂർത്തിയാക്കുകയെന്ന വാശി ജയിച്ചപ്പോൾ തലയെടുപ്പുള്ള മനോഹരമായ വീട് പൂർത്തിയാകുക തന്നെ ചെയ്തു.

വീടിന്റെ തറയൊരുക്കുന്നതു മുതൽ ഓടുപാകുന്നതുവരെ 43കാരനായ ഉണ്ണികൃഷ്ണൻ ഒറ്റയ്ക്കായിരുന്നു ചെയ്തത്. കുടുംബ സ്വത്തിൽ നിന്നും അമ്മ പകുത്തു നൽകിയ പത്തുസെന്റിൽ കുന്ന് വെട്ടി നിരപ്പാക്കിയാണ് വീടുപണി തുടങ്ങിയത്.

വെട്ടുകല്ലുകൾ ചുമലിൽ വെച്ച് ഏണിപ്പടി കയറി മുകളിലെത്തിച്ച ശേഷം സിമന്റും മണലും ചേർത്ത് ചുമരുറപ്പിക്കുന്ന കാഴ്ച കണ്ടവർ ആദ്യമൊക്കെ പരിഹസിച്ചിരുന്നു. എന്നാൽ അതൊന്നും ലക്ഷ്യം തടസപ്പെടുത്തിയില്ല. കപ്പിയും കയറുമുപയോഗിച്ച് മര ഉരുപ്പടികൾ മുകളിലെത്തിക്കുമ്പോൾ കൈത്താങ്ങിനെത്തിയവരെയും ഓടു വിരിപ്പിനിടയിലെ അതിസാഹസികത കണ്ട് സഹായിക്കാൻ തുനിഞ്ഞവരെയും ഉണ്ണികൃഷ്ണൻ മടക്കി.

വയറിംഗ്, പ്ലംബിംഗ് പണികൾ തീർത്തതും ഒറ്റയ്ക്കു തന്നെ. അടുക്കളയടക്കം മൂന്നു മുറി വീടുണ്ടാക്കാൻ വേണ്ടി വന്നത് മൂന്ന് വർഷം. വളർന്നു വരുന്ന രണ്ടു മക്കളുള്ളപ്പോൾ ഈ സൗകര്യങ്ങൾ പോരെന്ന തിരിച്ചറിവിൽ വീട് വിസ്തൃതി കൂട്ടാൻ തുടങ്ങിയിരിക്കുകയാണിപ്പോൾ ഉണ്ണികൃഷ്ണൻ. നിലവിലുള്ള എണ്ണൂറ് ചതുരശ്ര അടി ആയിരമാകുമ്പോൾ മുകളിൽ ഒരു മുറികൂടിയുണ്ടാകും.


തുടക്കം കല്ലുവെട്ടി

തൊഴിൽ പരിശീലിക്കാൻ ആരെയും ആശ്രയിക്കാതെ നിരീക്ഷണത്തിലാണ് ഉണ്ണികൃഷ്ണൻ ഓരോ തൊഴിലും പഠിച്ചെടുത്തത്. ആദ്യം ശീലിച്ചത് കല്ലുവെട്ടായിരുന്നു. അഞ്ചു വർഷം തുടർന്നപ്പോൾ തേപ്പു പണിയിലേക്ക് നീങ്ങി. ഇപ്പോൾ ചെയ്യുന്ന ആശാരിപ്പണിക്ക് ഈ തിരക്കിനിടയിൽ അല്പകാലം അവധി കൊടുത്തിരിക്കുകയാണ് ഉണ്ണികൃഷ്ണൻ. വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ വേണ്ടി ഭൂരിഭാഗം പേരും കടുത്ത സാമ്പത്തിക ബാദ്ധ്യത തലയിലേറ്റുമ്പോൾ വീടിനു വേണ്ടി കടക്കാരനാവാതെ ജീവിക്കുകയാണ് ഉണ്ണികൃഷ്ണൻ. ഭാര്യ കാക്കാമണി ശ്രീജയും ഡിഗ്രി ഒന്നാം വർഷ വിദ്യാർത്ഥിനിയായ അഞ്ജലിയും നാലു വയസ്സുകാരൻ അഥർവ് കൃഷ്ണയും അടങ്ങുന്നതാണ് ഉണ്ണികൃഷ്ണന്റെ കുടുംബം.ഫോൺ നമ്പർ: 9947560813

ഒരു വീട് വീടാകുന്നത് കെട്ടിടത്തിന്റെ വലിപ്പത്തിലോ ഭംഗിയിലോ അല്ല അതിനുള്ളിൽ താമസിക്കുന്നവരുടെ സ്‌നേഹവും ഐക്യവും ചേരുമ്പോഴാണ് -ഉണ്ണികൃഷ്ണൻ പനച്ചിക്കണ്ടി

Advertisement
Advertisement