ക്ഷേമ പെൻഷൻ അഞ്ചുവർഷം കൊണ്ട് 2500 രൂപയാക്കും: മുഖ്യമന്ത്രി

Thursday 03 June 2021 12:41 AM IST

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ പെൻഷൻ അഞ്ചു വർഷം കൊണ്ട് 2500 രൂപയായി ഉയർത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ നന്ദി പ്രമേയ ചർച്ചയിൽ പറഞ്ഞു. അഭ്യസ്തവിദ്യർക്ക് അനുയോജ്യമായ തൊഴിൽ ലഭിക്കുന്നതിന് പ്രഥമപരിഗണന നൽകും.ഇതിനായി അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കും. നയവും പരിപാടികളുമില്ലെന്ന് പറയുന്നവർക്ക് മുന്നിൽ കഴിഞ്ഞ സർക്കാർ നടത്തിയ പദ്ധതികളും പരിപാടികളുമുണ്ട്. അതിന്റെ അംഗീകാരമാണ് ജനങ്ങൾ നൽകിയത്. കിഫ്ബിയെ സംരക്ഷിക്കുക തന്നെ ചെയ്യും. ഉന്നത വിദ്യാഭ്യാസ രംഗത്ത് മാറ്രങ്ങൾ വരുത്തും. മികവിന്റെ കേന്ദ്രങ്ങൾ ആരംഭിക്കും. കാർഷിക രംഗത്ത് മികച്ച വികസനമാണ് ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രധാന പ്രഖ്യാപനങ്ങൾ

 അഞ്ച് വർഷത്തിനിടെ 60,000 കോടിയുടെ പശ്ചാത്തല സൗകര്യവികസനം
 തെക്ക് വടക്ക് ജലപാത പൂർത്തീകരിക്കും
 തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ നടപ്പാക്കും
 വീട്ടമ്മമാർക്ക് പെൻഷൻ
 മിനിമം കൂലി 700 രൂപയാക്കും
 ഇ-വാഹനനയം നടപ്പാക്കും
 ശബരി റെയിൽ പൂർത്തിയാക്കും
 ഐ.ടി, ടൂറിസം, ബയോടെക്‌നോളജി എന്നിവക്ക് വലിയ പ്രാധാന്യം
 1500 സ്റ്റാർട്ടപ്പുകൾ ആരംഭിക്കും, നിലവിലെ സ്റ്റാർട്ടപ്പുകൾക്ക് കൂടുതൽ സഹായം നൽകും
 20 ലക്ഷം അഭ്യസ്ത വിദ്യർക്ക് തൊഴിൽ
 കാർഷികമേഖലയിൽ അഞ്ച് ലക്ഷവും കാർഷികേതര മേഖലയിൽ 10 ലക്ഷവും തൊഴിലവസരങ്ങൾ സൃഷ്ടിക്കും
സ്ത്രീകൾ, മത്സ്യത്തൊഴിലാളികൾ, വൃദ്ധജനങ്ങൾ എന്നിവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണും
 പരമദരിദ്ര കുടുംബത്തിന്റെ ലിസ്റ്റ് തയ്യാറാക്കി അവർക്കായി പ്രത്യേക പദ്ധതി തയ്യാറാക്കും
 പ്രവാസികൾക്ക് വേണ്ടി പദ്ധതികൾ നടപ്പാക്കും.
 കൊച്ചി-മംഗലാപുരം ഇടനാഴി, തിരുവനന്തപുരം തലസ്ഥാന വികസനം, സിൽവർലൈൻ പദ്ധതി എന്നിവ പൂർത്തിയാക്കും.
 കൊച്ചിയെ ആഗോളനഗരമായി വികസിപ്പിക്കും
 ചെറുകിട വ്യവസായത്തിൽ ഒന്നര ലക്ഷം പുതിയ സംരംഭങ്ങൾ, ആറ് ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും
 മുഴുവൻ പട്ടികജാതി കുടുംബത്തിനും ആദിവാസികൾക്കും പാർപ്പിടം
 അഞ്ച് വർഷം കൊണ്ട് അഞ്ച് ലക്ഷം വീടുകൾ പൂറത്തിയാക്കും,
 എല്ലാ പഞ്ചായത്തുകളിലും മികച്ച കളിക്കളങ്ങൾ നിർമ്മിക്കും.

നന്ദി പ്രമേയം പാസാക്കി

കെ.കെ.ശൈലജ അവതരിപ്പിച്ച ഗവർണറുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയം 37നെതിരെ 91 വോട്ടുകൾക്ക് സഭ പാസാക്കി. ഇലക്ട്രോണിക് വോട്ടിംഗ് ആയതിനാൽ അംഗങ്ങൾക്ക് തെറ്രു പറ്രാതിരിക്കാൻ ആദ്യം മോക്ക് വോട്ടിംഗ് നടത്തിയിരുന്നു. അതിൽ പ്രമേയത്തിനെതിരെ 35 വോട്ടും അനുകൂലമായി 84 വോട്ടും ലഭിച്ചു.

Advertisement
Advertisement