ടാേക്കണിന്ആപ്പ് വരുന്നു, മെഡി. കോളേജ് കാന്‍സര്‍ ഒ.പിയിൽ  കാത്തുനില്‍ക്കേണ്ട 

Thursday 03 June 2021 2:17 AM IST

തൃശൂർ: മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളേജിലെ കാൻസർ വിഭാഗത്തിൽ ചികിത്സയ്ക്കെത്തുന്ന രോഗികൾക്ക് ഇനി ടോക്കൺ എടുക്കാനായി കാത്തുനിന്ന് മുഷിയേണ്ട. അതിനായി ആപ്പ് ഒരുക്കിയിരിക്കുകയാണ് തലക്കോട്ടുകര വിദ്യ എൻജിനിയറിംഗ് കോളേജിലെ എം ടെക് എംബഡഡ് സിസ്റ്റം വിദ്യാർത്ഥിനി ഐശ്വര്യ ബാബു. ആപ്പിൽ രോഗികൾക്ക് ഒ.പി നമ്പറും ഡോക്ടറുടെ പേരും നോക്കി ടോക്കണെടുക്കാം. രോഗികളുടെ സി.ആർ നമ്പർ ഉപയോഗിച്ചാണ് ബുക്ക് ചെയ്യേണ്ടത്. ടോക്കൺ എന്ന് പേരിട്ടുള്ള ആപ്പ് പരിശോധനകൾക്ക് ശേഷം ഉടൻ പ്ലേ സ്‌റ്റോറിൽ ലഭ്യമാകും. ആപ്പ് നിലവിൽ വന്നാൽ ആദ്യമായി വരുന്നവർ നേരിട്ട് ആശുപത്രിയിൽ എത്തിയാൽ മതിയാവും.
ടോക്കൺ എടുക്കാനുള്ള ബുദ്ധിമുട്ട് മനസ്സിലാക്കി ആശുപത്രി സൂപ്രണ്ട് ഡോ. ഷഹ്ന, അസിസ്റ്റന്റ് പ്രൊഫസർ ഡോ. സോന റാം എന്നിവരാണ് ആശയത്തിന് രൂപം നൽകിയത്. ഡോ. സോന തന്റെ ഭർത്താവ് വിദ്യ എൻജിനിയറിംഗ് കോളേജ് ഇലക്ട്രാണിക്‌സ് വിഭാഗം മേധാവി ഡോ. എസ്. സ്വപ്നകുമാറിനോട് സഹായം അഭ്യർത്ഥിച്ചു. അദ്ദേഹം വികസിപ്പിച്ച ആശയം ഐശ്വര്യ തന്റെ പ്രൊജക്ടിന്റെ ഭാഗമായി പൂർത്തീകരിക്കുകയായിരുന്നു.

മൂന്ന് ജില്ലകളിലെ രോഗികൾ

തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ കാൻസർ രോഗികൾക്ക് സൗജന്യമായി വിദഗ്ദ്ധ ചികിത്സ ലഭിക്കുന്നത് മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിൽ നിന്നാണ്. നിർദ്ധനരായ നിരവധി കാൻസർ രോഗികളാണ് ഇവിടെ ചികിത്സ തേടിയെത്തുന്നത്. കൊവിഡ് കാലത്ത് മറ്റു ജില്ലകളിൽ നിന്ന് എത്തുന്നവർക്കും ആപ്പ് ഏറെ സഹായകമാകും .

15 മുതൽ പ്ലേ സ്‌റ്റോറിൽ ഡൗൺ ലോഡ് ചെയ്യാം

പരീക്ഷണ പ്രവർത്തനങ്ങൾക്ക് ശേഷം ജൂൺ 15 മുതൽ പ്ലേ സ്‌റ്റോറിൽ ഡൗൺലോഡ് ചെയ്ത് ഡോക്ടറെ ബുക്ക് ചെയ്യാൻ സാധിക്കും. ഇലക്ട്രാണിക്‌സ് വിഭാഗം അദ്ധ്യാപകരായ വി.എസ്. രാകേഷ്, ദിവ്യ ഉണ്ണി, സെർവർ അഡ്മിനിസ്‌ട്രേറ്റർ കെ.ആർ. ഷാലി എന്നിവരാണ് ആപ്പ്, വെബ്‌സൈറ്റ് വികസിപ്പിക്കാൻ സാങ്കേതികസഹായം നൽകിയത്. മുണ്ടൂർ ഐനിക്കുന്നത്ത് ബാബു പങ്കജ ദമ്പതികളുടെ മകളാണ് ഐശ്വര്യ. ആപ്പിന്റെ ഉദ്ഘാടനം ഓൺലൈനിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ലോലാ ദാസ് നിർവ്വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. ഷെഹ്ന എ. ഖാദർ, കാൻസർ വിഭാഗം മേധാവി ഡോ. സുരേഷ് കുമാർ, ഡോ. വി.ആർ. അജിത്ത് കുമാർ, ഡോ. സോനാ റാം, ഡോ. എം.ബി. ജയരാജൻ തുടങ്ങിയവർ പങ്കെടുത്തു.

മൊബൈൽ ആപ്പ് ഉപയോഗിക്കാനാവാത്തവർക്ക് മെഡിക്കൽ കോളേജിൽ നേരിട്ടെത്തി ടോക്കൺ എടുക്കാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
- ഡോ.സ്വപ്നകുമാർ

Advertisement
Advertisement