തീപിടിച്ച കളിപ്പാട്ടക്കടയുടെ ലൈസൻസ് റദ്ദാക്കും, ഷെഡ് പൊളിക്കും

Thursday 03 June 2021 2:49 AM IST

തിരുവനന്തപുരം: ചാലക്കമ്പോളത്തിലെ കളിപ്പാട്ടക്കടയ്‌ക്ക് തീപിടിച്ച സംഭവത്തിൽ അനധികൃതമായി നിർമ്മിച്ച കടയുടെ ലൈസൻസ് റദ്ദാക്കാൻ നഗരസഭ ഉത്തരവിട്ടു. ഇതോടൊപ്പം അനധികൃതമായി ടെറസിൽ നിർമ്മിച്ച ഷെഡും പൊളിക്കും. ഇതുസംബന്ധിച്ച റിപ്പോർട്ട് ജില്ലാ കളക്ടർക്ക് നഗരസഭ സെക്രട്ടറി കൈമാറി. അഗ്നിശമന സേനയുടെ അന്വേഷണ റിപ്പോർട്ടും കളക്ടർക്ക് കൈമാറിയിട്ടുണ്ട്. അഗ്നിക്കിരയായ കളിപ്പാട്ടങ്ങൾക്കും കെട്ടിട ഭാഗങ്ങൾക്കും ചേർത്ത് 10 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്. അതേസമയം തീപിടിക്കാനുണ്ടായ കാരണം വ്യക്തമാക്കിയിട്ടില്ല. വായു കയറാത്ത നിലയിൽ ഇരുമ്പ്ഷീറ്റ് കെട്ടി മറച്ചായിരുന്നു കടയുടെ പ്രവർത്തനം. ഇതുമൂലം ചൂട് വർദ്ധിച്ചതാകാം തീപിടിക്കാനുണ്ടായ കാരണമെന്ന് അഗ്നിശമന സേന സംശയിക്കുന്നു. സ്ലൈഡിംഗ് ജനാലകൾ ഉണ്ടായിരുന്നെങ്കിലും ഇവിടെയെല്ലാം വായു കയറാത്ത രീതിയിൽ റാക്ക് നിരത്തി കളിപ്പാട്ടങ്ങൾ സൂക്ഷിച്ചിരുന്നു. പ്ലാസ്റ്റിക് കളിപ്പാട്ടങ്ങളാണ് കത്തിയതിലേറെയും. അതേസമയം 25 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് കടയുടമ പറയുന്നു.

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തിങ്കളാഴ്ച വൈകിട്ടാണ് പദ്മനാഭ തിയേറ്ററിന് സമീപത്തെ രാജസ്ഥാൻ സ്വദേശിയുടെ മഹാദേവ ടോയ്സ് സെന്ററിന് തീപിടിച്ചത്. ഒരുമാസത്തോളമായി സ്ഥാപനം അടഞ്ഞ് കിടക്കുകയായിരുന്നു. പ്രാഥമികാന്വേഷണത്തിൽ സ്ഥാപനത്തിന് ഇൻഷ്വറൻസ് ഇല്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ചൊവ്വാഴ്ച ഫോറൻസിക് വിഭാഗം സംഭവസ്ഥലത്തെത്തി സാമ്പിളുകൾ ശേഖരിച്ചു. സയന്റിഫിക് ഓഫീസർ വിനീതിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സാമ്പിളുകൾ പൊലീസിന് കൈമാറിയിട്ടുണ്ട്. ഇവ പൊലീസ് കോടതിയിൽ ഹാജരാക്കിയ ശേഷം ഫോറൻസിക്കിന് നൽകും. ഫോറൻസിക് റിപ്പോർട്ട് കിട്ടിയതിന് ശേഷമേ തീപിടിത്തത്തിന്റെ കാരണങ്ങൾ കണ്ടെത്താൻ പൊലീസിന് സാധിക്കൂ.

Advertisement
Advertisement