നെതന്യാഹു യുഗത്തിന് അന്ത്യം ഇസ്രയേലിൽ പ്രതിപക്ഷ സഖ്യം അധികാരത്തിലേക്ക്  നഫ്താലി ബെന്നറ്റും യയ്ർ ലപീദും പ്രധാനമന്ത്രി പദം പങ്കിടും

Friday 04 June 2021 2:06 AM IST

ടെൽ അവീവ്: ഒരു വ്യാഴവട്ടം നീണ്ട നെതന്യാഹു യുഗത്തിന് അന്ത്യം കുറിച്ച് ഇസ്രയേലിൽ പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ ഐക്യസർക്കാർ അധികാരത്തിലേറും. എട്ട് പാർട്ടികളുടെ സഖ്യത്തിന് രൂപം നൽകിയതായി യെഷ് അതീദ് പാർട്ടി നേതാവ് യയ്ർ ലപീദ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.

മന്ത്രിസഭ രൂപീകരിക്കാൻ പ്രസിഡന്റ് നൽകിയ സമയപരിധി ബുധനാഴ്ച അവസാനിക്കാനിരിക്കെ ആയിരുന്നു സർക്കാർ രൂപീകരണത്തിന് ആവശ്യമായ പിന്തുണ ലഭിച്ചതായി പ്രതിപക്ഷ നേതാവ് യയ്ർ ലപീദ് പ്രസിഡന്റ് റൂവൻ റിവ്ലിനെ അറിയിച്ചത്.

കഴിഞ്ഞ രണ്ടുവർഷത്തിനിടെ നാല് തിരഞ്ഞെടുപ്പുകൾക്കാണ് ഇസ്രയേൽ സാക്ഷ്യം വഹിച്ചത്. രണ്ടു മാസം മുമ്പ് നടന്ന തിരഞ്ഞെടുപ്പിലും ആർക്കും ഭൂരിപക്ഷമില്ലാതെ വന്നതോടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ലിക്കുഡ് പാർട്ടിയുടെ തലവനായ നെതന്യാഹുവിനെ സർക്കാരുണ്ടാക്കാൻ പ്രസിഡന്റ് ആദ്യം ക്ഷണിച്ചിരുന്നു. എന്നാൽ, നിശ്ചിത സമയത്തിനകം ഭൂരിപക്ഷം തെളിയിക്കാൻ നെതന്യാഹുവിന് കഴിയാതെ വന്നതോടെയാണ് രണ്ടാമത്തെ ഒറ്റക്കക്ഷിയായ യെഷ് അതീദ് പാർട്ടി നേതാവ് യയ്ർ ലപീദിന് അവസരം ലഭിച്ചത്.

തീവ്ര വലതുപക്ഷ യമിന പാർട്ടിയുടെ നേതാവ് നഫ്താലി ബെന്നറ്റുമായി പ്രധാനമന്ത്രിപദം പങ്കിടാമെന്ന് യയ്ർ ലപീദ് സമ്മതിച്ചതോടെയാണ് ഐക്യസർക്കാർ രൂപീകരണത്തിന് വഴി തെളിഞ്ഞത്. ധാരണപ്രകാരം ആദ്യ രണ്ടുവർഷം നഫ്ത്താലി ബെന്നറ്റ് പ്രധാനമന്ത്രിയാവും.

''ഈ സർക്കാർ എല്ലാ ഇസ്രയേലി പൗരന്മാരുടെയും, തങ്ങൾക്ക് വോട്ട് നൽകിയവരുടെയും നൽകാത്തവരുടെയും, ക്ഷേമത്തിനായി പ്രവർത്തിക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നു. ഇസ്രയേലി സമൂഹത്തെ ഒരുമിപ്പിക്കാൻ വേണ്ടതെല്ലാം ചെയ്യും"' യയ്ർ ലപീദ് പ്രസ്താവനയിൽ പറഞ്ഞു.

സഖ്യം രൂപീകരിച്ചെങ്കിലും ഇസ്രയേൽ പാർലമെന്റായ നെസെറ്റിൽ നടക്കുന്ന വോട്ടെടുപ്പിൽ ഭൂരിപക്ഷം നേടാനായാൽ മാത്രമേ സർക്കാർ രൂപീകരിക്കാനാകൂ. ഭരിപക്ഷം തെളിയിക്കാനുള്ള ശ്രമങ്ങൾ പ്രതിപക്ഷ സഖ്യകക്ഷികൾ ആരംഭിച്ചുകഴിഞ്ഞു. അതേസമയം, അഴിമതിക്കേസുകളിൽ വിചാരണ നേരിടുന്ന നെതന്യാഹു, ഭരണം നിലനിറുത്താൻ ഏതറ്റം വരെയും പോകാമെന്നും വില പേശലിലൂടെ അംഗങ്ങളെ സ്വാധീനിക്കാൻ ശ്രമിച്ചേക്കാമെന്നുമുള്ള ആശങ്കകൾ പ്രതിപക്ഷ ക്യാമ്പിലുണ്ട്.

പുതിയ പ്രസിഡന്റ് ഇസാക് ഹെർസോഗ്

ഇസ്രയേലിന്റെ പതിനൊന്നാമത്തെ പ്രസിഡന്റായി ഇസാക് ഹെർസോഗിനെ തിരഞ്ഞെടുത്തു. ലേബർ പാർട്ടിയുടെ മുൻ നേതാവായ ഇസാക് 87 വോട്ടുകൾ നേടി. മിറിയം പെരെറ്റ്സ് ആയിരുന്നു എതിരാളി.

1983 മുതൽ 1993 വരെ രാജ്യത്തിന്റെ ആറാമത്തെ പ്രസിഡന്റായി സേവനമനുഷ്ഠിച്ച ഹെയിം ഹെർസോഗിന്റെ മകനാണ് അറുപതുകാരനായ ഇസാക്. കാബിനറ്റ് സെക്രട്ടറിയായി രാഷ്ട്രീയ ജീവിതം ആരംഭിച്ച ഇസാക് 2003 മുതൽ 2018 വരെ പാർലമെന്റ് അംഗമായിരുന്നു. നിലവിലെ പ്രസിഡന്റ് റൂവെൻ റിവ്‌ലിന്റെ പിൻഗാമിയായി ജൂലായ് 9ന് ഇസാക് അധികാരമേൽക്കും.

Advertisement
Advertisement