വാക്സിൻ നൽകുമെന്ന് ഫോണിലൂടെ അറിയിച്ച് കമല ഹാരിസ്; അഭിനന്ദനവുമായി മോദി

Thursday 03 June 2021 11:23 PM IST

ന്യൂഡൽഹി: ഇന്ത്യയ്ക്ക് കൊവിഡ് വാക്സിൻ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിലൂടെ അറിയിച്ച് അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസ്. ആഗോളതലത്തിൽ 25 മില്ല്യൺ ഡോസ് കൊവിഡ് വാക്സിൻ വിതരണം ചെയ്യാനുള്ള പദ്ധതിയുടെ ഭാഗമായാണ് അമേരിക്ക ഇന്ത്യയ്ക്ക് വാക്സിൻ നൽകുക.

മെക്സിക്കോ പ്രസിഡന്റ് അൻഡ്രസ് മാനുവൽ ലോപസ്, ഗ്വാട്ടമാല പ്രസിഡന്റ് അലഹാൻദ്രോ ജിയാമത്തി, ട്രിനിഡാഡ് ആൻഡ് ടൊബാഗോ പ്രധാനമന്ത്രി കീത്ത് റൗളി എന്നിവരോടും കൊവിഡ് വാക്സിൻ നൽകുമെന്ന് കമല ഹാരിസ് അറിയിച്ചിട്ടുണ്ട്.

കമല ഹാരിസുമായുള്ള ടെലിഫോൺ സംഭാഷണത്തിന് പിന്നാലെ ഇന്ത്യയ്ക്ക് വാക്സിൻ കൈമാറാനുള്ള തീരുമാനത്തെ അഭിനന്ദിക്കുന്നതായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. അമേരിക്കയുടെ പിന്തുണയ്ക്കും ഐക്യദാർഢ്യത്തിനും നന്ദി അറിയിക്കുന്നതായും അദ്ദേഹം തന്റെ ട്വീറ്റിൽ പറയുന്നു.

ഇന്ത്യ, യുഎസ് വാക്സിൻ സഹകരണം കൂടുതൽ ശക്തിപ്പെടുത്താനുള്ള കാര്യങ്ങൾ ചർച്ച തങ്ങൾ ചെയ്തുവെന്നും മോദി അറിയിക്കുന്നു.

ആദ്യഘട്ടത്തിൽ നൽകുന്ന 25 മില്യൺ ഡോസിൽ ആറ് മില്യൺ ഇന്ത്യ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങൾക്ക് അമേരിക്ക നേരിട്ട് വാക്സിൻ കൈമാറും. ജൂൺ അവസാനത്തോടെ 80 മില്യൺ ഡോസ് വാക്സിൻ ആഗോളതലത്തിൽ വിതരണം ചെയ്യാനാണ് അമേരിക്ക ആലോചിക്കുന്നത്.

content details: america to give vaccines to countries including india kamala harris talks to narendra modi.

Advertisement
Advertisement