 വിനോദ്​ ദുവക്കെതിരായ കേസ് റദ്ദാക്കി പ്രധാനമന്ത്രിയെ വിമർശിക്കുന്നത് രാജ്യദ്രോഹമല്ല: സുപ്രീംകോടതി

Friday 04 June 2021 12:08 AM IST

ന്യൂഡൽഹി: പ്രധാനമന്ത്രിക്കെതിരായ വിമർശനം രാജ്യദ്രോഹമായി കണക്കാക്കാൻ സാധിക്കില്ലെന്ന് വിലയിരുത്തി മാദ്ധ്യമ പ്രവർത്തകൻ വിനോദ് ദുവക്കെതിരായ രാജ്യദ്രോഹക്കേസ് സുപ്രീംകോടതി റദ്ദാക്കി. മാദ്ധ്യമ പ്രവർത്തകർക്ക് രാജ്യദ്രോഹ കേസിൽ നിന്ന് സംരക്ഷണം വേണമെന്നും ജസ്റ്റിസ് യു.യു.ലളിത്, വിനീത് ശരൺ എന്നിവർ അടങ്ങിയ ബെഞ്ച് നീരിക്ഷിച്ചു. കേദാർ സിംഗ് കേസിൽ സുപ്രീംകോടതിയുടെ 1962ലെ ഉത്തരവ് പ്രകാരം മാദ്ധ്യമപ്രവർത്തകർ ഇത്തരം വകുപ്പുകളിൽ സംരക്ഷിക്കപ്പെടേണ്ടതാണെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

2020ലെ ഡൽഹി കലാപവുമായി ബന്ധപ്പെട്ടുള്ള യുട്യൂബ് പരിപാടിയിൽ പ്രധാനമന്ത്രിയെയും കേന്ദ്രസർക്കാരിനെയും വിനോദ് ദുവ അപമാനിച്ചെന്ന് ബി.ജെ.പി നേതാവ് അജയ് ശ്യാം നൽകിയ പരാതിയിൽ ഹിമാചൽപ്രദേശ് പൊലീസാണ് കേസെടുത്തത്.

വ്യാജവാർത്തകൾ പ്രചരിപ്പിക്കൽ, പൊതുശല്യം, തെറ്റിദ്ധാരണ പരത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നത്. പിന്നീട് രാജ്യദ്രോഹക്കുറ്റവും ചുമത്തി. മോദി വോട്ട് നേടുന്നതിനായി കലാപ മരണങ്ങളും ഭീകരാക്രമണങ്ങളും ഉപയോഗിച്ചെന്ന് ദുവ പറഞ്ഞതായി പരാതിയിൽ പറയുന്നു. ഇതിനെതിരെയാണ് ദുവ സുപ്രീംകോടതിയെ സമീപിച്ചത്.

അതേസമയം, ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള പാനൽ അനുമതി നൽകിയില്ലെങ്കിൽ 10 വർഷത്തെ പരിചയമുള്ള മാദ്ധ്യമ പ്രവർത്തകനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യരുതെന്ന ദുവയുടെ ആവശ്യം സുപ്രീംകോടതി നിരസിച്ചു.

Advertisement
Advertisement