വിഴിഞ്ഞം ഹാർബറിൽ അടിഞ്ഞ മണ്ണ് നീക്കം ചെയ്‌തു തുടങ്ങി

Friday 04 June 2021 1:55 AM IST

തിരുവനന്തപുരം: വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിന്റെ പ്രവേശന കവാടത്തിലെ ചാനലിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്‌തു തുടങ്ങി. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം മന്ത്രി സജി ചെറിയാൻ, അദാനി പോർട്സ് കമ്പനി അധികൃതരും തുറമുഖ വകുപ്പ് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലാണ് അടിയന്തരമായി മണ്ണ് നീക്കാനുള്ള തീരുമാനമുണ്ടായത്. തുടർന്ന് തീരദേശ സേന, മത്സ്യത്തൊഴിലാളി ജനത, കടലോര ജാഗ്രതാസമിതി, തുറമുഖവകുപ്പ്, അദാനി പോർട്സ് കമ്പനി സുരക്ഷാ വിഭാഗം എന്നിവർ നടത്തിയ പ്രവർത്തനത്തിന്റെ ഫലമായി കൂറ്റൻ മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്താൽ മണ്ണ് നീക്കം ചെയ്യുകയാണ്.

മണ്ണുമാന്തി യന്ത്രം ബാർജിലെത്തിച്ച് വാർഫിൽ അടുപ്പിക്കാൻ തീരദേശസേനയും മത്സ്യത്തൊഴിലാളികളും സഹായിച്ചു.

മണ്ണ് പൂർണമായും നീക്കുന്നതോടെ മത്സ്യത്തൊഴിലാളികളുടെ ആശങ്ക ഒഴിവാക്കാനാകുമെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു. ദിവസങ്ങൾക്കുമുമ്പ് വിഴിഞ്ഞത്ത് മൂന്ന് മത്സ്യത്തൊഴിലാളികൾ വള്ളം മറിഞ്ഞ് മരിച്ച അപകടമുണ്ടായത് ഹാർബറിൽ അടിഞ്ഞുകൂടിയ മണ്ണ് കാരണമാണെന്ന് ആരോപണമുയർന്നിരുന്നു.

Advertisement
Advertisement