വോഗിന്റെ മുഖചിത്രമായി മലാല

Saturday 05 June 2021 1:13 AM IST

ലണ്ടൻ: ബ്രിട്ടീഷ് ഫാഷൻ മാസികയായ വോഗിന്റെ പുതിയ മുഖചിത്രമായി മനുഷ്യാവകാശ പ്രവർത്തക മലാല യൂസഫ്സായി. മലാല തന്നെയാണ് മുഖചിത്രമടങ്ങിയ മാസികയുടെ ചിത്രം സാമൂഹികമാദ്ധ്യമങ്ങളിൽ പങ്കുവച്ചത്. ചുവന്ന വസ്ത്രവും തലയിൽ ചുവന്ന ശിരോവസ്ത്രവും ധരിച്ച ചിത്രമാണിത്. വെളുത്ത വസ്ത്രം ധരിച്ച ചിത്രം, ചുവന്ന വസ്ത്രവും നീല ശിരോവസ്ത്രവും ധരിച്ച മറ്റൊരു ചിത്രം എന്നിവയും മാഗസിനുവേണ്ടി എടുത്തിരുന്നു. നിക്ക് നൈറ്റാണ് മനോഹരമായ ഈ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

ലക്ഷ്യങ്ങൾ ഹൃദയത്തിൽ സൂക്ഷിക്കുന്ന ഒരു ചെറിയ പെൺകുട്ടിയുടെ ശക്തി എത്രയാണെന്ന് എനിക്കറിയാം. ഈ മുഖചിത്രം കാണുന്ന എല്ലാ പെൺകുട്ടികളും അറിയട്ടെ അവർക്ക് ലോകത്തെ എങ്ങനെ മാറ്റിമറിക്കാൻ കഴിയുമെന്ന് - മലാല ട്വീറ്റ് ചെയ്തു.

പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി ശബ്ദമുയർത്തിയതിന്റെ പേരിൽ പാകിസ്താനിൽ വച്ച് താലിബാൻ ഭീകരരുടെ വെടിയേറ്റ മലാലയ്ക്ക് 17-ാം വയസ്സിൽ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം ലഭിച്ചിരുന്നു. 23കാരിയായ മലാല ഓക്‌സഫഡ് സർവകലാശാലയിൽ നിന്ന് ബിരുദം നേടിയശേഷം സ്ത്രീകളുടെ വിദ്യാഭ്യാസാവകാശത്തിനായി പ്രവർത്തിക്കുകയാണ്.

Advertisement
Advertisement