ജിഷ്ണുവിന്റേത് ആത്മഹത്യയെന്ന് പൊലീസ് അതുചെയ്യില്ലെന്ന് ബന്ധുക്കൾ ,​ അസ്ഥികൂടം ഇപ്പോഴും മോർച്ചറിയിൽ

Saturday 05 June 2021 12:26 AM IST

കോട്ടയം: ജിഷ്ണു ആത്മഹത്യ ചെയ്‌തെന്ന് പൊലീസ്. എന്നാൽ, മകൻ ഒരിക്കലും അത് ചെയ്യില്ലെന്നും പൊലീസിന് ലഭിച്ച വസ്ത്രങ്ങൾ അവന്റേതല്ലെന്നും മാതാപിതാക്കളും ബന്ധുക്കളും. എന്തായാലും ജിഷ്ണുവിനെ കാണാതായിട്ട് ഒരു വ‌ർഷമായിട്ടും ഇതുവരെ ഒരു വിവരവുമില്ല. ഇതിനിടെ, വീട്ടുകാരുടെ പരാതിപ്രകാരം കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയെങ്കിലും ജിഷ്ണുവിനെ കണ്ടെത്താനോ കണ്ടെത്തിയ അസ്ഥികൂടം ജിഷ്ണുവിന്റേതാണെന്ന് സ്ഥിരീകരിക്കാനോ അവർക്ക് കഴിഞ്ഞില്ല.

വൈക്കം കുടവച്ചൂരിൽ വെളുത്തേടത്തുചിറ വീട്ടിൽ നിന്ന് പതിവുപോലെ ജോലിക്ക് പോയതാണ് 23കാരനായ ജിഷ്ണു. കുമരകത്തെ ബാ‌ർ ഹോട്ടലിൽ കമ്പ്യൂട്ടർ വിഭാഗത്തിലെ ജീവനക്കാരനായ ജിഷ്ണു,കഴിഞ്ഞ വർഷം ജൂൺ മൂന്നിന് രാവിലെയാണ് വീട്ടിൽ നിന്ന് പോയത്. വൈകുന്നേരമായിട്ടും ജോലിക്ക് എത്താത്തതിടെത്തുടർന്ന് മൊബൈൽ ഫോണിൽ ബന്ധപ്പെട്ടങ്കിലും സ്വിച്ച് ഒഫ് ആയിരുന്നു. തുടർന്ന് ബാറിലെ ജീവനക്കാർ വീട്ടിൽ അന്വേഷിച്ചെത്തിയപ്പോഴാണ് ജോലിക്കെത്താത്ത കാര്യം വീട്ടുകാർ അറിഞ്ഞത്. തുടർന്ന് ബന്ധുവീടുകളിലും കൂട്ടുകാരുടെ വീടുകളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. അന്ന് രാത്രി തന്നെ വൈക്കം പൊലീസിലും കുമരകം പൊലീസിലും പിതാവ് ഹരിദാസ് പരാതികൾ നൽകി. അന്വേഷണം നടക്കുന്നതിനിടയിലാണ് 26ന് നാട്ടകം മറിയപ്പള്ളിയിൽ സാഹിത്യ പ്രവ‌ർത്തക സഹകരണ സംഘത്തിന്റെ ഉടമസ്ഥതയിലുള്ള കാടുപിടിച്ച സ്ഥലം വൃത്തിയാക്കുന്നതിനിടെ മരത്തിന് കീഴിൽ അസ്ഥികൂടം കണ്ടെത്തിയത്. ചിങ്ങവനം പൊലീസ് എത്തി ഇൻക്വസ്റ്റ് തയാറാക്കി ശാരീരാവശിഷ്ടങ്ങൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുകയും ചെയ്തു. തുടർന്നാണ് സമീപകാലത്ത് കാണാതായവരുടെ ലിസ്റ്റിൽ നിന്ന് ജിഷ്ണുവിന്റെ പേര് തപ്പിയെടുത്തത്.

ഇതിനിടയിൽ കാടിനുള്ളിൽ നിന്ന് ജിഷ്ണുവിന്റെ മൊബൈൽഫോൺ കിട്ടുകയും ചെയ്തു. ഇതോടെ മരിച്ചത് ജിഷ്ണു തന്നെയെന്ന് ചിങ്ങവനം പൊലീസ് ഉറപ്പിച്ചു.

ഫോണിന്റെ സിം കാ‌ർഡും ജിഷ്ണുവിന്റെ പേരിലായതിനാൽ പൊലീസ് മറിച്ചൊന്നും സംശയിച്ചതുമില്ല. മൊബൈൽ ടവർ കേന്ദ്രീകരിച്ച് സൈബർസെൽ നടത്തിയ അന്വേഷണത്തിൽ ഫോൺ ചെങ്ങളത്തുവച്ച് ഓഫായതായി കണ്ടെത്തി. പിന്നീട് ഫോൺ ഓണാക്കിയിട്ടില്ല.

കാണാതായി മൂന്നാഴ്ചയ്ക്കുശേഷം കണ്ടെത്തിയ അസ്ഥികൂടം ജിഷ്ണുവിന്റെതാണെന്നും ആത്മഹത്യ ചെയ്തതാണെന്നുമാണ് ചിങ്ങവനം പൊലീസിന്റെ വിലയിരുത്തൽ.

എന്നാൽ, ജിഷ്ണുവിന്റേത് ആത്മഹത്യയാണോ?​​ എങ്കിൽ,​ എന്തിന് അതു ചെയ്തു?​ അതോ കൊലപാകമാണോ എന്നൊന്നും കൃത്യമായി കണ്ടെത്താൻ പൊലീസിനായില്ല. ഫോറൻസിക് വിഭാഗം നടത്തിയ പ്രാഥമിക പരിശോധനയിൽ തൂങ്ങിമരണമെന്നാണ് വ്യക്തമായത്.

ഡി.എൻ.എ പരിശോധനയിലും ജിഷ്ണുവാണെന്ന് സ്ഥിരീകരിച്ചു. എന്നാൽ, എന്തിന് ആത്മഹത്യ ചെയ്തു. കുമരകത്തേക്ക് പോയ ജിഷ്ണു എങ്ങനെ നാട്ടകത്തെത്തി. കഴുത്തിലുണ്ടായിരുന്ന സ്വർണ മാല എവിടെ... തുടങ്ങിയ ചോദ്യങ്ങൾക്ക് ഇനിയും ഉത്തരം കണ്ടെത്താൻ പൊലീസിനായിട്ടില്ല.

അസ്ഥികൂടത്തിന്റെ വലതുഭാഗത്തെ ഏതാനും പല്ലുകളില്ലായിരുന്നു. അത് എങ്ങനെ സംഭവിച്ചുവെന്ന് അന്വേഷണം നടന്നിട്ടില്ലെന്ന് ബന്ധുക്കൾ പറയുന്നു. അസ്ഥികൂടത്തിൽ കണ്ട വസ്ത്രങ്ങൾ ജിഷ്ണുവിന്റെതല്ലെന്നും മൃതദേഹാവശിഷ്ടം ഇരുപത്തിമൂന്നുകാരന്റെതല്ലെന്നും വീട്ടുകാർ തറപ്പിച്ചു പറയുന്നു. ആത്മഹത്യയാണെന്ന കണ്ടെത്തലിൽ കേസ് അവസാനിപ്പിച്ചെങ്കിലും മൃതദേഹാവശിഷ്ടങ്ങൾ ഏറ്റുവാങ്ങാൻ ബന്ധുക്കൾ ഇനിയും തയ്യാറായിട്ടില്ല. അസ്ഥികൂടം ഇപ്പോഴും മോർച്ചറിയിലാണ്.

Advertisement
Advertisement