ആംഫിബിയൻ വാഹന സൗകര്യം : കണ്ണൂർ ടൂറിസത്തിന് പുത്തനുണർവ്

Friday 04 June 2021 10:00 PM IST

കണ്ണൂർ: കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വിനോദസഞ്ചാര മേഖലയുടെ തിരിച്ചുവരവ് സാദ്ധ്യമാക്കുന്ന രീതിയിലുള്ള പ്രഖ്യാപനങ്ങളാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച ബഡ്ജറ്റിലുള്ളത്. വിനോദ സഞ്ചാര മേഖലയുടെ പുനരുജ്ജീവനത്തിന് സമഗ്ര പാക്കേജ് പ്രഖ്യാപിച്ചു. ഇതിന് സർക്കാർ വിഹിതമായി 30 കോടി രൂപ വകയിരുത്തി.
ടൂറിസം വകുപ്പിൻെറ മാർക്കറ്റിങ്ങിന് നിലവിലെ 100 കോടി രൂപക്ക് പുറമെ 50 കോടി രൂപ ബഡ്ജറ്റിൽ അധികമായി അനുവദിച്ചിട്ടുണ്ട്. ടൂറിസം മേഖലയിൽ കൂടുതൽ പ്രവർത്തനമൂലധനം ലഭ്യമാക്കാൻ കെ.എഫ്.സി 400 കോടി രൂപ വായ്പ നൽകും.
കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കാൻ, മനോഹരമായ ജലാശയങ്ങളിലും കരയിലും സഞ്ചരിക്കുന്ന ആംഫിബിയൻ വാഹന സൗകര്യം ഒരുക്കും. അഞ്ച് കോടി രൂപയാണ് ഇതിന് അനുവദിച്ചത്. ആദ്യഘട്ടമായി കൊല്ലം, കൊച്ചി, തലശ്ശേരി മേഖലകളിലാണ് ഈ വാഹന സൗകര്യം ഒരുക്കിയുള്ളത്. മലബാർ റിവർ ക്രൂയിസ് പോലുള്ള പദ്ധതികൾ യാഥാർഥ്യത്തിലേക്ക് അടുക്കുന്ന വേളയിൽ ആംഫിബിയൻ വാഹന സൗകര്യം കണ്ണൂരിലെ ടൂറിസം മേഖലയ്ക്ക് പുത്തനുണർവ്വായി മാറും.

മലബാറിൻെറ സാഹിത്യവും ജൈവ വൈവിധ്യവും സംരക്ഷിച്ച് ആകർഷകമാക്കാനുള്ള രണ്ട് സർക്യൂട്ട് ടൂറിസം പദ്ധതികൾ കൂടി ബഡ്ജറ്റിൽ പ്രഖ്യാപിച്ചു. മലബാർ ലിറ്റററി സർക്യൂട്ട്, ബയോഡൈവേഴ്സിറ്റി സർക്യൂട്ട് എന്നിവ ഈ മേഖലയിലെ പുതുമയാർന്ന പദ്ധതികളായി മാറുമെന്നാണ് പ്രതീക്ഷ. രണ്ട് പദ്ധതികൾക്കും 50 കോടി രൂപ വകയിരുത്തി.

സ്വാഗതാർഹമാണെന്ന് കണ്ണൂർ ദിശയും കേരള ചേംബറും

കണ്ണൂർ : ബഡ്ജറ്റിൽ പ്രഖ്യാപിച്ച മലബാർ ലിറ്റററി ടൂറിസം സർക്ക്യൂട്ട് പദ്ധതി സ്വാഗതാർഹമാണെന്ന് കണ്ണൂർ ദിശ,കേരള ചേംബർ ഓഫ് കോമേഴ്‌സ് ഇൻഡസ്ട്രി ജില്ലാ കമ്മിറ്റി എന്നിവ അഭിപ്രായപെട്ടു. 2021 ഫെബ്രുവരിയിൽ അവതരിപ്പിച്ച പൂർണ്ണ ബഡ്ജറ്റിനെ തുടർന്ന്, പുതിയ സർക്കാർ നിലവിലുള്ള സാഹചര്യങ്ങൾക്കനുസരിച്ചുള്ള നിർദേശങ്ങളാണ് ഇപ്പോൾ അവതരിപ്പിച്ചിട്ടുള്ളത്. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ആരോഗ്യമേഖല ശക്തിപ്പെടുത്താനുള്ള ഉദ്ദേശങ്ങൾ സ്വാഗതാർഹമാണ്. പ്രകൃതി ക്ഷോഭം കാരണം നാശം സംഭവിക്കുന്നതിനെ നേരിടാൻ തീരസംരക്ഷണ ഫണ്ട് നീക്കിവെച്ചത് ആശ്വാസകരമാണ്. ടൂറിസം മേഖല മഹാമാരിക്ക് ശേഷം പൂർണ്ണ അവസ്ഥയിലേക്ക് കൊണ്ടുവരുന്നതിനു ഊന്നൽ നൽകുന്നതും ശ്രദ്ധേയമാണ്. മലബാർ ലിറ്റററി ടൂറിസം സർക്യൂട്ട് പ്രഖ്യാപിക്കപ്പെട്ടത് അഭിനന്ദനമർഹിക്കുന്നു. വ്യവസായ മേഖലക്കും പ്രവാസികൾക്കും ഉള്ള വായ്പ പദ്ധതികളും, വായ്പ തിരിച്ചടവിന് സംരംഭകർക്ക് ഒരുവർഷത്തെ മൊറട്ടോറിയം നൽകുന്നതും സ്വാഗതം ചെയ്യുകയാണെന്ന് ദിശയും കേരള ചേംബറും അറിയിച്ചു.

Advertisement
Advertisement