പ്രത്യാശ നൽകാത്ത ബഡ്ജറ്ര് : മുല്ലപ്പള്ളി

Saturday 05 June 2021 12:50 AM IST

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ ആദ്യബഡ്ജ​റ്റ് പ്രത്യാശ നൽകുന്നതല്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രസ്താവിച്ചു. സംസ്ഥാനത്തിന്റെ പൊതു ധനസ്ഥിതിയെ കുറിച്ച് വ്യക്തത നൽകിയിട്ടില്ല. കൊവിഡ് അനുബന്ധ പ്രവർത്തനങ്ങൾക്കായി പ്രഖ്യാപിച്ച 20,000 കോടി രൂപയുടെ സമഗ്ര പാക്കേജ് കണ്ണിൽപ്പൊടിയിടാനുള്ള തന്ത്റമാണ്. കടമെടുത്ത് കാര്യങ്ങൾ നീക്കുന്ന, കടത്തിൽ മുങ്ങിയ സർക്കാരിന്റെ ബഡ്ജ​റ്റാണിത്. പരമ്പരാഗത-അസംഘടിത തൊഴിൽ മേഖലയ്ക്കും കാർഷിക-തോട്ടം മേഖലയ്ക്കും ഉണർവ് പകരുന്ന ഒന്നും തന്നെയില്ല. വരുമാനമില്ലാത്ത അവസ്ഥയിൽ സാധാരണക്കാരന് എങ്ങനെ വരുമാനം എത്തിക്കുമെന്ന ദിശാബോധം നൽകാൻ പോലും കഴിയുന്നില്ലെന്നത് നിരാശാജനകമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

നിരാശാജനകം, സാമ്പത്തിക പാക്കേജ് തട്ടിപ്പ്: കെ. സുരേന്ദ്രൻ

ബഡ്ജറ്റ് നിരാശാജനകമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞു. കഴിഞ്ഞ ബഡ്ജറ്റിൽ അവതരിപ്പിച്ച പ്രധാന തട്ടിപ്പായ 20,000 കോടിയുടെ സാമ്പത്തിക പാക്കേജ് ഇത്തവണ വീണ്ടും പ്രഖ്യാപിച്ചത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. കരാറുകാരുടെ കുടിശ്ശിക വീട്ടാനല്ലാതെ ജനങ്ങൾക്ക് എന്ത് ഗുണമാണ് പാക്കേജ് കൊണ്ട് ഉണ്ടായതെന്ന് വ്യക്തമാക്കണം. കേന്ദ്രം അനുവദിച്ച 19,500 കോടിയുടെ റവന്യൂ കമ്മി ഗ്രാൻഡ് മാത്രമാണ് ബഡ്ജറ്റിന് ആധാരം.

കൊവിഡ് സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ കർണാടക സർക്കാർ ഓട്ടോറിക്ഷാ തൊഴിലാളികളുടെയും വഴിയോര കച്ചവടക്കാരുടെയും അക്കൗണ്ടിലേക്ക് നേരിട്ട് പണം എത്തിച്ചു. ഇവിടെ കേന്ദ്രപദ്ധതികളുടെ പുനരാവിഷ്‌ക്കരണം മാത്രമാണ് കാണാൻ കഴിയുന്നത്. സമഗ്രവികസനത്തിനുള്ള ദീർഘകാല നിക്ഷേപങ്ങളൊന്നും ഇല്ല. കുട്ടനാടിന് വേണ്ടി സ്‌പെഷ്യൽ പാക്കേജ് പ്രഖ്യാപനം പ്രതീക്ഷിച്ചെങ്കിലും നിരാശപ്പെടുത്തി.

രാഷ്ട്രീയപ്രസംഗം : എൻ.കെ. പ്രേമചന്ദ്രൻ എം.പി

ബഡ്ജറ്റ് നിരാശാജനകമെന്ന് എൻ.കെ പ്രേമചന്ദ്രൻ എം.പി പ്രതികരിച്ചു. വെറും രാഷ്ട്രീയ പ്രസംഗം മാത്രമായി പോയി. കഴിഞ്ഞ ബഡ്ജറ്റിൽ പ്രഖ്യാപിച്ച പദ്ധതികളിൽ പലതിനും തുടർച്ചയില്ലാതായി.

വില്ലേജ് ഓഫീസുകൾ സ്മാർട്ടാകും: മന്ത്രി കെ. രാജൻ

വില്ലേജ് ഓഫീസുകളെ സ്മാർട്ടാക്കാനുള്ള നിർദ്ദേശങ്ങൾക്ക് ഊർജ്ജം പകരുന്നതാണ് ബഡ്ജറ്റിലെ നിർദ്ദേശങ്ങളെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു. റവന്യു വകുപ്പിന്റെ മറ്റൊരു സ്വപ്ന പദ്ധതിയാണ് കോർ സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുള്ള റീ സർവേ. ഈ സർക്കാരിന്റെ കാലയളവിൽ അത് പൂർത്തീകരിക്കുമെന്ന പ്രഖ്യാപനവും സ്വാഗതാർഹം.


തോട്ടം മേഖലയ്ക്ക് ആശ്വാസം: ജോസ് കെ. മാണി

തോട്ടം മേഖലയുടെ പരിഷ്‌കാര നിർദ്ദേശങ്ങൾ സ്വാഗതം ചെയ്യുന്നതായി കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി പറഞ്ഞു. ആരോഗ്യ മേഖലയ്ക്ക് ഊന്നൽ നൽകിക്കൊണ്ട് സൗജന്യ വാക്സിൻ നൽകുമെന്നത് ഉൾപ്പെടെയുള്ള പ്രഖ്യാപനങ്ങൾ ആശ്വാസകരമാണ്. പ്രതിസന്ധി ഘട്ടത്തിലും റബർ ഉൾപ്പെടെ കാർഷിക മേഖലയ്ക്ക് നൽകിയ പരിഗണന മേഖലയ്ക്ക് കരുത്ത് പകരും.


മാതൃകാപരം: ജെ.എസ്.എസ്
ആരോഗ്യമേഖലയ്ക്ക് ബഡ്ജറ്റിൽ കൊടുത്തിട്ടുള്ള പ്രാധാന്യം അഭിനന്ദനമർഹിക്കുന്നുവെന്ന് ജെ.എസ്.എസ് അഭിപ്രായപ്പെട്ടു. സാമ്പത്തിക ഉത്തേജനത്തിനുള്ള വയ്പാപദ്ധതിയും 1600 കോടി രൂപ കാർഷിക മേഖലയുടെ പുനരുദ്ധാരണത്തിനായി നീക്കി വച്ചതും മാതൃകാപരമാണ്. കോസ്റ്റൽ ഹൈവേ പ്രോജക്ട് കേരളത്തിന്റെ വ്യവസായ വികസനത്തിൽ നാഴികക്കല്ലായിരിക്കും. ജെ.എസ്.എസ് സ്ഥാപക നേതാവ് കെ.ആർ. ഗൗരിഅമ്മയ്ക്ക് സ്മാരകം നിർമ്മിക്കാൻ രണ്ട് കോടി രൂപ വകയിരുത്തിയതിനെ സ്വാഗതം ചെയ്തു.

 പരമ്പരാഗത തൊഴിൽ മേഖലയെ അവഗണിച്ചു : ആർ.എസ്.പി

പരമ്പരാഗത തൊഴിൽ മേഖലയുടെ പിന്തുണയോടെ വളർന്ന കമ്മ്യൂണിസ്റ്റ് പാർട്ടി ആ മേഖലയിലെ തൊഴിലാളികളെ അവഗണിച്ച ബഡ്ജറ്റാണിതെന്ന് ആർ.എസ്‌‌.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് പറഞ്ഞു. കൊവിഡിൽ മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് സഹായം ലഭ്യമാക്കുന്ന നിർദ്ദേശങ്ങളും ഇല്ലെന്ന് അസീസ് ചൂണ്ടിക്കാട്ടി

നിരാശാജനകം: മാത്യു കുഴൽനാടൻ

കാലഘട്ടം ആവശ്യപ്പെടുന്ന ഉത്തേജക പാക്കേജോ പദ്ധതികളോ ബഡ്ജറ്റിൽ ഇല്ലെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ ആരോപിച്ചു. കാർഷിക മേഖലയെ സംബന്ധിച്ച പരാമർശമുണ്ടെങ്കിലും തുക വകയിരുത്തിയിട്ടില്ല. ആനയെ വാങ്ങാൻ 150 രൂപ വകയിരുത്തിയ പോലെയാണ് കാർഷിക മേഖലയിലെ പ്രഖ്യാപനങ്ങൾ. യുവാക്കളെ പാടെ അവഗണിച്ചു.

 ജനക്ഷേമബഡ്ജറ്റ്: വി.കെ. അശോകൻ

കൊവിഡിന്റെ രണ്ടാം തരംഗത്തെ അതിജീവിക്കുന്നതിനും മൂന്നാം തരംഗത്തെ പ്രതിരോധിക്കുന്നതിനും ഊന്നൽ നൽകുന്ന ബഡ്ജറ്റാണിതെന്ന് എസ്.ആർ.പി സംസ്ഥാന ജനറൽ സെക്രട്ടറി വി.കെ. അശോകൻ പറഞ്ഞു. തീരദേശം, കൃഷി, തോട്ടം, പരിസ്ഥിതി, മത്സ്യബന്ധനം, ഭക്ഷ്യപൊതുവിതരണ മേഖല, കുടുംബശ്രീ എന്നിങ്ങനെ വിവിധ മേഖലകൾക്കും പണം വകയിരുത്തിയിട്ടുണ്ട്. പൂർണമായും ജനക്ഷേമ ബഡ്ജറ്റാണിതെന്ന് അശോകൻ പറഞ്ഞു.

Advertisement
Advertisement