കൊടകര കുഴൽപ്പണ കേസ്; സി പി എം പ്രവർത്തകനെ പൊലീസ് ചോദ്യം ചെയ്യുന്നു, നിർണായക വഴിത്തിരിവ്

Saturday 05 June 2021 12:36 PM IST

​​​​തൃശൂർ: കൊടകര കുഴൽപ്പണ കേസിൽ സി പി എം പ്രവർത്തകനെ പൊലീസ് ചോദ്യം ചെയ്യുന്നു. കൊടുങ്ങല്ലൂർ എസ് എൻ പുരത്തെ സി പി എം പ്രവർത്തകനായ രജിനെയാണ് പൊലീസ് ചോദ്യം ചെയ്യുന്നത്. തൃശൂർ പൊലീസ് ക്ലബിൽ വച്ചാണ് ചോദ്യം ചെയ്യൽ നടക്കുന്നത്.

ബി ജെ പി നേതാക്കൾ അന്വേഷണം നേരിടുന്ന കേസിൽ സി പി എം പ്രവർത്തകനെ ചോദ്യം ചെയ്യുന്നത് സർക്കാരിനേയും സി പി എമ്മിനേയും പ്രതിരോധത്തിലാക്കിയേക്കും. കുഴൽപ്പണം കവർച്ച ചെയ്‌ത ശേഷം രക്ഷപ്പെട്ട പ്രതികൾ സഹായം തേടിയെത്തിയത് രജിൻ്റെയടുത്താണെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. കള്ളപ്പണ കേസിലെ മുഖ്യപ്രതിയായ രഞ്ജിത്തുമായി രജിന് അടുത്ത സൗഹൃദമുണ്ടായിരുന്നുവെന്നാണ് വിവരം.

കവ‍ർച്ചയ്ക്ക് ശേഷമുള്ള അടുത്ത നീക്കങ്ങൾ രജിനുമായാണ് രജ്ഞിത്ത് ആലോചിച്ചത്. രജിൻ ചെയ്‌ത സഹായങ്ങൾക്ക് പകരം രഞ്ജിത്ത് മൂന്നരലക്ഷം രൂപ ഇയാൾക്ക് നൽകുകയും ചെയ്‌തു. ബി ജെ പി പ്രവർത്തകരായ സത്യേഷിനേയും പ്രമോദിനേയും കൊന്ന കേസിലെ പ്രതി കൂടിയാണ് രജിൻ.