ബിഹാറിലെ സൈക്കിൾ ഗേളിന് തണലായി പ്രിയങ്ക ഗാന്ധിയുണ്ട്

Sunday 06 June 2021 1:00 AM IST

പാറ്റ്ന: പിതാവ് മരിച്ചതോടെ ജീവിതം വഴിമുട്ടിയ ബിഹാറിലെ സൈക്കിൾ ഗേൾ ജ്യോതി കുമാറിന് സഹായഹസ്തം നീട്ടി കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി.ജ്യോതിയുമായി പ്രിയങ്ക ഫോണിൽ സംസാരിച്ചു. 15 കാരിയായ ജ്യോതിയുടെ അച്ഛനും ഇ-റിക്ഷ ഡ്രൈവറുമായ മോഹൻ പാസ്വാൻ ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്. ജ്യോതിയുടെ വിദ്യാഭ്യാസം ഉൾപ്പെടെയുള്ള ചെലവുകൾ വഹിക്കുമെന്നു പ്രിയങ്ക അറിയിച്ചു. പ്രിയങ്കയെ നേരിട്ട് കാണണമെന്ന് ജ്യോതി ആഗ്രഹം പ്രകടിപ്പിച്ചു. കൊവിഡ് നിയന്ത്രണങ്ങൾ അവസാനിച്ച ശേഷം ഡല്‍ഹിയിൽ കാണാമെന്ന് പ്രിയങ്ക ഉറപ്പുനൽകി. പ്രിയങ്കയുടെ നിർദ്ദേശപ്രകാരം ജ്യോതിയുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുത്തതായി ബിഹാറിലെ കോൺഗ്രസ് നേതാവ് ഡോ. മദൻ മോഹൻ ഝാ പറഞ്ഞു.

ഐ.ഐ.ടി - ജെ.ഇ.ഇ പരിശീലന ക്ലാസ് നടത്തുന്ന സൂപ്പർ 30 കോച്ചിംഗ് കേന്ദ്രത്തിന്റെ മേധാവി ആനന്ദ് കുമാർ ജ്യോതിയ്ക്ക് സൗജന്യ ട്യൂഷൻ നൽകാമെന്ന് വാഗ്ദാനം ചെയ്തു. ബിഹാറിലെ ലോക് ജനശക്തി പാർട്ടി ജ്യോതിയുടെ വിദ്യാഭ്യാസ ചെലവ് വഹിക്കാമെന്ന് പറഞ്ഞിരുന്നു. യു.പിയിലെ സമാജ്‌വാദി പാർട്ടി ജ്യോതിക്കും കുടുംബത്തിനുമായി ഒരു ലക്ഷം രൂപ വാഗ്ദാനം നൽകി. സൈക്കിൾ ഫെഡറേഷൻ ഒഫ് ഇന്ത്യ ഡൽഹിയിലെ ട്രയലിലേക്ക് ജ്യോതിയെ ക്ഷണിച്ചിരുന്നു.

@ജ്യോതി താരമായ കഥ

2020 മാർച്ചിൽ അപകടത്തെത്തുടർന്ന് വിശ്രമിക്കുകയായിരുന്ന പിതാവിനെ കാണാൻ ഹരിയാനയിലെ ഗുരുഗ്രാമിൽ ജ്യോതികുമാരിയെത്തിയതിനു പിന്നാലെയാണ് രാജ്യവ്യാപക ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. പിന്നീട് പിതാവിനെ പുറകിലിരുത്തി 1200 കിലോമീറ്റർ സൈക്കിൾ ചവുട്ടി സ്വന്തം നാടായ ബിഹാറിലെ ദർഭംഗയിൽ എത്തി. ഏഴ് ദിവസമാണ് ജ്യോതി സൈക്കിൾ ചവുട്ടിയത്. പണമില്ലാത്തതിനാൽ പട്ടിണി കിടന്നാണ് ഇരുവരും നാട്ടിലെത്തിയത്. എന്നാൽ, വാർത്ത പുറത്തു വന്നതിന് ശേഷം, പ്രധാനമന്ത്രി രാഷ്ട്രീയ ബൽ പുരസ്‌കാരം വരെ ജ്യോതിയെ തേടിയെത്തി.

Advertisement
Advertisement