ഉപരാഷ്‌ട്രപതിക്കും മോഹൻ ഭാഗവത്തിനും 'ബ്ളൂ ടിക് മാർക്ക് ' തിരികെ നൽകി ട്വിറ്റർ

Sunday 06 June 2021 12:11 AM IST

ന്യൂഡൽഹി: ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡുവിന്റെയും സർസംഘ ചാലക് മോഹൻ ഭാഗവത് അടക്കമുള്ള ആർ.എസ്.എസ് നേതാക്കളുടെയും അക്കൗണ്ടുകളിലെ ബ്ളൂ ടിക് മാർക്ക് നീക്കം ചെയ്‌തത് വിവാദമായതിനെ തുടർന്ന് ട്വിറ്റർ അതു പുനഃസ്ഥാപിച്ചു. ആറുമാസത്തിലേറെയായി ഈ അക്കൗണ്ടുകൾ പ്രവർത്തന രഹിതമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ബ്ളൂ ടിക് മാർക്ക് ഒഴിവാക്കിയത്.

ഇന്നലെ രാവിലെ ഉപരാഷ്‌ട്രപതിയുടെ ഓഫീസാണ് ട്വിറ്ററിന്റെ നടപടി വെളിപ്പെടുത്തിയത്. ഉടൻതന്നെ അത് പുനഃസ്ഥാപിച്ചു. 2020 ജൂലായ് 23ന് ശേഷം ഒന്നും ട്വീറ്റ് ചെയ്തിട്ടില്ല. മൂന്നു ലക്ഷം പേർ ഫോളോ ചെയ്യുന്നുണ്ട്.

പുതിയ ചട്ടങ്ങൾ പാലിക്കാൻ ഇന്നലെ ട്വിറ്ററിന് ഐ.ടി മന്ത്രാലയം അന്ത്യശാസനം നൽകിയതിനു പിന്നാലെയാണ്

ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്, ഉന്നത നേതാക്കളായ സുരേഷ് സോണി, അരുൺകുമാർ, സുരേഷ് ജോഷി, കൃഷ്ണഗോപാൽ തുടങ്ങിയവരുടെ ട്വിറ്റർ അക്കൗണ്ടിലെ ബ്ളൂ ടിക് പുനഃസ്ഥാപിച്ചത്. 2019ൽ അക്കൗണ്ട് തുടങ്ങിയ മോഹൻ ഭാഗവത് ഇതുവരെ ട്വീറ്റുചെയ്തിട്ടില്ല. 216523 പേർ ഫോളോ ചെയ്യുന്നുണ്ട്.

ബ്ളു ടിക്

പ്രമുഖ വ്യക്തികളുടെ അക്കൗണ്ട് അംഗീകൃതമെന്നും വ്യാജമല്ലെന്നും സൂചിപ്പിക്കാൻ ട്വിറ്റർ നൽകുന്നതാണ് പേരിന് വലതു വശത്തായി നീല പ്രതലത്തിൽ വെള്ള നിറത്തിലുള്ള ടിക് മാർക്ക് .

Advertisement
Advertisement