ഉടൻ അനുസരിക്കണം; ട്വിറ്ററിന് കേന്ദ്രസർക്കാരിന്റെ അന്ത്യശാസനം

Sunday 06 June 2021 12:31 AM IST

മാദ്ധ്യമങ്ങൾക്ക് ബാധകമായ പുതിയ ഡിജിറ്റൽ നിയമങ്ങൾ ഉടൻ അനുസരിക്കാൻ ട്വിറ്ററിന് കേന്ദ്ര ഇലക്ട്രോണിക്സ് മന്ത്രാലയം അന്ത്യശാസനം നൽകി. ഐ.ടി നിയമപ്രകാരമുള്ള പരിരക്ഷ ലഭിക്കാൻ ഇത് അവസാന അവസരമാണെന്ന് വ്യക്തമാക്കി മന്ത്രാലയത്തിന്റെ സൈബർ നിയമ വിഭാഗം ഗ്രൂപ്പ് കോർഡിനേറ്റർ രാകേഷ് മഹേശ്വരി ട്വിറ്ററിന് നോട്ടീസ് അയച്ചു. സമയപരിധി നൽകിയിട്ടില്ല.

ചട്ടങ്ങൾ അനുസരിച്ചില്ലെങ്കിൽ ഉപഭോക്താക്കളുടെ ആക്ഷേപകരമായ പോസ്റ്റുകൾക്ക് ട്വിറ്റർ ഉത്തരവാദികളാകും. അതിൽ നിന്ന് നിയമ പരിരക്ഷ ലഭിക്കില്ല. മുൻ നോട്ടീസുകൾക്ക് ട്വിറ്റർ നൽകിയ രണ്ട് മറുപടികളും ഐ. ടി നിയമം പാലിക്കുന്നതല്ല.

ട്വിറ്റർ നിയമിച്ചതായി പറയുന്ന റസിഡന്റ് ഗ്രീവൻസ് ഓഫീസർ, നോഡൽ കോണ്ടാക്ട് പേഴ്സൺ എന്നിവർ സ്വന്തം ജീവനക്കാരല്ല. നിയമ സ്ഥാപനത്തിന്റെ വിലാസമാണ് നൽകിയത്. ചീഫ് കംപ്ളയൻസ് ഓഫീസറെ നിയമിച്ചിട്ടുമില്ല. ഫേസ്ബുക്ക്, ഗൂഗിൾ തുടങ്ങിയ കമ്പനികൾ അനുസരിക്കാൻ തയ്യാറായിട്ടുണ്ടെന്നും നോട്ടീസിൽ ചൂണ്ടിക്കാട്ടി.

സേഫ് ഹാർബർ പരിരക്ഷ

ഉപയോക്താക്കളുടെ പോസ്റ്റുകളിൽ സോഷ്യൽ മീഡിയ പ്ളാറ്റ്ഫോമുകൾക്ക് നിയന്ത്രണമില്ലെന്നും അതിൻമേലുള്ള നിയമനടപടികളിൽ പ്രതികളാക്കാൻ പാടില്ലെന്നും യു.എസ് കമ്മ്യൂണിക്കേഷൻസ് ഡീസൻസി ആക്ടിലെ സെക്‌ഷൻ 230 വ്യവസ്ഥ ചെയ്യുന്നു.

2004ൽ ഡൽഹിയിലെ ഒരു ഐ.ഐ.ടി വിദ്യാർത്ഥി അശ്ലീല പോസ്റ്റിട്ടതിന് വെബ്സൈറ്റ് സി.ഇ.ഒ അവിനാശ് ബജാജും ജനറൽ മാനേജരും ജയിലിലായി. വെബ് സൈറ്റ് കക്ഷിയല്ലെന്ന് ചൂണ്ടിക്കാട്ടി അവിനാശ് നടത്തിയ നിയമയുദ്ധത്തിലാണ് ഇന്ത്യയിൽ സേഫ് ഹാർബർ പരിരക്ഷ നിലവിൽ വന്നത്.

ഉപാധി

ഇന്ത്യയിൽ ഈ പരിരക്ഷ ലഭിക്കാൻ സർക്കാരിന്റെ നിയമം പാലിക്കണമെന്ന് ഐ.ടി. ആക്ട് സെക്‌ഷൻ 79-2(സി) വ്യവസ്ഥ ചെയ്യുന്നു. ഇന്ത്യയിൽ 50 ലക്ഷം ഉപഭോക്താക്കളുള്ള സമൂഹമാദ്ധ്യമങ്ങളും ഒ.ടി. ടി പ്ളാറ്റ്ഫോമുകളും അനുസരിക്കാൻ ബാദ്ധ്യസ്ഥരാണ്. ട്വിറ്റർ വഴങ്ങിയില്ലെങ്കിൽ സേഫ് ഹാർബർ പരിരക്ഷ നഷ്ടമാവും.

പുതിയ ചട്ടം

  • ഇന്ത്യയിൽത്തന്നെ മുഖ്യ കംപ്ലയൻസ് ഓഫീസറും ഗ്രീവൻസ് ഓഫീസറും വേണം
  • ഇവരുടെ വിലാസം വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണം. ഇന്ത്യയിലെ പരാതികൾക്ക് പരിഹാരം കാണാനാണിത്.
  • വാട്ട്സ്ആപ്പ് പോലുള്ള മെസേജിംഗ് പ്ളാറ്റ്ഫോമുകൾ സന്ദേശങ്ങളുടെ ഉറവിടം അന്വേഷണ ഏജൻസികൾ ആവശ്യപ്പെട്ടാൽ നൽകണം.
  • ഒ.ടി.ടി പ്ളാറ്റ്ഫോമുകൾ സിനിമകളും മറ്റും ഏത് പ്രായത്തിലെ പ്രേക്ഷകർക്കുള്ളതാണെന്ന് വ്യക്തമാക്കണം.
  • പരാതികളും പരിഹാരവും സംബന്ധിച്ച് കേന്ദ്രസർക്കാരിന് റിപ്പോർട്ട് നൽകണം

Advertisement
Advertisement