കാറ്ററിംഗ് മേഖലയിൽ അടുപ്പ് അണഞ്ഞിട്ട് ഒന്നരയാണ്ട്

Saturday 05 June 2021 10:50 PM IST

തൃശൂർ: നിരവധി പേരുടെ വയറ് നിറയ്ക്കാൻ വച്ചുവിളമ്പിയ കാറ്ററിംഗ് തൊഴിലാളികൾ ലോക് ഡൗൺ കാലത്ത് തങ്ങളുടെ വയർ നിറയ്ക്കാൻ പുതുവഴി തേടുന്നു. ആദ്യ ലോക് ഡൗൺ മുതൽ ഒന്നര വർഷക്കാലമായി പ്രതിസന്ധിയുടെ നടുക്കയത്തിലാണ് കാറ്ററിംഗ് മേഖല.
ജില്ലയിൽ മാത്രം ആയിരക്കണക്കിന് പേരാണ് കാറ്ററിംഗ് മേഖലയിലൂടെ ഉപജീവനം കണ്ടെത്തുന്നത്. വിവാഹങ്ങൾ, വീടുകളിലും മറ്റും നടക്കുന്ന ചടങ്ങുകൾ എന്നിവയ്ക്ക് ചെറുതും വലുതുമായ സദ്യ വട്ടങ്ങൾ ഒരുക്കുന്നതിലൂടെ ആയിരക്കണക്കിന് കുടുംബങ്ങളിൽ അടുപ്പ് പുകഞ്ഞിരുന്നു.
പാചക മേഖലകളിലുള്ളവർക്ക്് പുറമെ അനുബന്ധ ജോലി ചെയ്യുന്നവരും പ്രതിസന്ധിയിലാണ്. ഭക്ഷണം വിളമ്പുന്നവർ, മേശ, കസേര, ഡെക്കറേഷൻ എന്നിവ വാടകയ്ക്ക് നൽകുന്നവർ, പന്തൽ നിർമാണം എന്നിങ്ങനെ നിരവധി മേഖലയിലുള്ളവരാണ് പ്രതിസന്ധിയിലായത്.

ആയിരങ്ങളിൽ നിന്ന് ഇരുപതിലേക്ക്

ആയിരക്കണക്കിന് പേർക്ക് സദ്യകളും മറ്റും നടന്നിരുന്നിടത്ത് ഇപ്പോൾ 20 പേർക്ക് മാത്രമാണ് പങ്കെടുക്കാൻ അനുമതി. കഴിഞ്ഞ 15 മാസത്തിനിടെ ഒന്നോ രണ്ടോ മാസം മാത്രമാണ് 100 പേർക്ക് മുകളിൽ ചടങ്ങുകൾ നടത്താൻ അനുവാദം നൽകിയത്. കൂടുതൽ വിവാഹം നടക്കുന്നത് ചിങ്ങം, തുലാം, ധനു, മകരം, മീനം, മേടം എന്നീ മാസങ്ങളിലാണ്. കൊവിഡ് വ്യാപനത്തോടെ ഇതെല്ലാം ചുരുങ്ങി. മറ്റ് പല തൊഴിലാളികൾക്കും സർക്കാർ സഹായം ലഭിക്കാറുണ്ടെങ്കിലും പാചക തൊഴിലാളികൾക്ക് ഒരു സഹായവും ലഭിച്ചിട്ടില്ല. വായ്പയെടുത്ത് അനുബന്ധ സൗകര്യം ഏർപ്പെടുത്തിയവർക്ക് തിരിച്ചടവ് പോലും മുടങ്ങി.

കാറ്ററിംഗ് മേഖലയിൽ പണിയെടുക്കുന്ന ആയിരക്കണക്കിന് പേരുണ്ട്. ജോലിയില്ലാതെ ദുരിതം അനുഭവിക്കുന്ന ഇവർക്ക് സഹായം നൽകാൻ സർക്കാർ തയാറാകണം

ഉമേഷ്
20 വർഷമായി പാചക രംഗത്ത് പ്രവർത്തിക്കുന്ന ആൾ.

Advertisement
Advertisement