ആഗോള വാക്സിൻ വിതരണത്തിന്റെ 60 ശതമാനവും ലഭിച്ചത് 3 രാജ്യങ്ങൾക്കെന്ന് ഡബ്ല്യു.എച്ച്.ഒ

Sunday 06 June 2021 12:00 AM IST

ജനീവ: ലോകമെമ്പാടും ഇതുവരെ വിതരണം ചെയ്ത 2 ബില്യൺ കൊവിഡ് വാക്സിന്റെ 60 ശതമാനവും ലഭിച്ചത് ഇന്ത്യ, ചൈന, അമേരിക്ക എന്നീ മൂന്ന് രാജ്യങ്ങൾക്കാണെന്ന് വ്യക്തമാക്കി ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസിന്റെ മുതിർന്ന ഉപദേഷ്ടാവ് ബ്രൂസ് അൽവാർഡാണ് ഇക്കാര്യം അറിയിച്ചത്. 212 രാജ്യങ്ങളിലായാണ് വാക്സിൻ വിതരണം ചെയ്തത്. വിതരണം ചെയ്ത 2 ബില്യൺ കൊവിഡ് ഡോസുകളിൽ 75 ശതമാനവും ലഭിച്ചത് 10 രാജ്യങ്ങൾക്കാണ്.

അതേ സമയം മൊത്തം ഉത്പാദനത്തിന്റെ 0.5 ശതമാനം മാത്രമാണ് ലോകജനസഖ്യയുടെ 10 ശതമാനത്തോളം വരുന്ന ദരിദ്ര രാഷ്ട്രങ്ങൾക്ക് ഇതുവരെ ലഭ്യമായത്. ഈ രാജ്യങ്ങളിലെ ആരോഗ്യ പ്രവർത്തകർക്ക് നല്കാൻ പോലും വാക്സിൻ തികയാത്ത സ്ഥിതിയാണുള്ളതെന്നും ബ്രൂസ് കൂട്ടിച്ചേർത്തു. വാക്സിൻ അസമത്വം പരിഹരിക്കാൻ വാക്സിൻ ഉത്പാദനം വർധിപ്പിക്കുകയും ദരിദ്ര രാഷ്ട്രങ്ങളിലെ വാക്സിൻ ലഭ്യമാക്കുന്നത് വേഗത്തിലാക്കുകയുമാണ് ഏക പോംവഴിയെന്ന് ബ്രൂസ് പറഞ്ഞു.

യു.എൻ സമാധാന സേനയ്ക്കായി ഇന്ത്യ നൽകിയത് 2 ലക്ഷം ഡോസ് വാക്സിൻ


യു.എൻ സമാധാന സേനാംഗങ്ങൾക്ക് ഇന്ത്യ നൽകിയ രണ്ട് ലക്ഷം ഡോസ് കൊവിഡ് വാക്സിൻ ഉപയോഗിച്ചുവരുകയാണെന്ന് യുഎൻ. ഇതിനോടകം നിരവധി യു.എൻ സമാധാന സേനാംഗങ്ങൾക്ക് ഇന്ത്യൻ നിർമിതവാക്സിൻ നൽകിയിട്ടുണ്ടെന്ന്യു.എൻ സെക്രട്ടറി ജനറലിന്റെ വക്താവ് സ്റ്റീഫൻ ഡുജാറിക് പറഞ്ഞു.ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് യു.എൻ സമാധാന സേനാംഗങ്ങൾക്കായി ഇന്ത്യ രണ്ട് ലക്ഷം ഡോസ് കോവിഷീൽഡ്വാക്സിൻ നൽകുമെന്ന്പ്രഖ്യാപിച്ചത്.മാർച്ച് 27ന്സൗജന്യമായി രണ്ട് ലക്ഷം വാക്സിൻ ഇന്ത്യ കയറ്റി അയച്ചിരുന്നു.

Advertisement
Advertisement