പെട്രോളിൽ 20 %എഥനോൾ 2025 മുതൽ: പ്രധാനമന്ത്രി

Sunday 06 June 2021 12:13 AM IST

​​​​

ന്യൂഡൽഹി: പരിസ്ഥിതി സംരക്ഷണവും കർഷകരുടെ ഉന്നമനവും ലക്ഷ്യമിട്ട് 2025ഓടെ പെട്രോളിൽ 20ശതമാനം എഥനോൾ ചേർക്കാൻ തീരുമാനിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. 2030ഓടെ നടപ്പാക്കാൻ തീരുമാനിച്ചിരുന്നത് അഞ്ചുവർഷം നേരത്തെ ആക്കിയെന്നും ലോക പരിസ്ഥിതി ദിന പരിപാടിയിൽ പ്രധാനമന്ത്രി പറഞ്ഞു. 21-ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ ഊർജ്ജ ആവശ്യം നിറവേറ്റാൻ നൂതന നയങ്ങൾ ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എഥനോൾ വിതരണത്തിനുള്ള ഇ-100 പദ്ധതിയുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.

എഥനോൾ 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ മുൻഗണനാ വിഷയമാണ്. പരിസ്ഥിതി ആഘാതം കുറയ്ക്കാനും കർഷകരെ സഹായിക്കാനും എഥനോൾ നയം സഹായിക്കും. 2014ൽ താൻ അധികാരത്തിൽ വരുമ്പോൾ 1.5 ശതമാനം എഥനോൾ മാത്രമാണ് പെട്രോളിൽ കലർത്തിയിരുന്നത്. ഇപ്പോഴത് 8.5ശതമാനമായി വർദ്ധിച്ചു. ഇപ്പോൾ രാജ്യത്ത് 320 കോടി ലിറ്റർ എഥനോൾ കച്ചവടം നടക്കുന്നു.

എഥനോൾ വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ നേട്ടം രാജ്യത്തെ കരിമ്പ് കർഷകർക്കാണ്. നിലവിൽ പഞ്ചസാര ഉൽപാദനം കൂടുതലുള്ള 4-5 സംസ്ഥാനങ്ങളിലാണ് എഥനോൾ നിർമ്മാണം പ്രധാനമായും നടക്കുന്നത്. എന്നാൽ ധാന്യങ്ങളിൽ നിന്ന് എഥനോൾ നിർമ്മിക്കുന്ന ഡിസ്റ്റിലറികൾ വന്നതോടെ എഥനോൾ വ്യവസായം മറ്റിടങ്ങളിലേക്കും വ്യാപിച്ചെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

മലിനീകരണം കുറയും

എഥനോളിൽ ( ഈഥൈൽ ആൽക്കഹോൾ )​ ഓക്സിജൻ കൂടുതലുള്ളതിനാൽ എൻജിനിൽ പെട്രോളിന്റെ ജ്വലനം കൂടുതൽ സുഗമമാവും. വാഹനങ്ങൾ പുറന്തള്ളുന്ന പുക കുറയും. അന്തരീക്ഷ മലിനീകരണവും കുറയും. കരിമ്പ്,​ ധാന്യങ്ങൾ എന്നിവയിൽ നിന്ന് എഥനോൾ ഉൽപ്പാദിപ്പിക്കാം.

Advertisement
Advertisement