'ബഹ്റൈൻ സ്പുട്നിക്' വരുന്നു

Sunday 06 June 2021 12:47 AM IST

മനാമ: ബഹ്‌റൈനില്‍ റഷ്യന്‍ വാക്‌സിനായ സ്പുട്‌നിക് വിയുടെ ഉല്‍പ്പാദന യൂണിറ്റ് സ്ഥാപിക്കാന്‍ ധാരണയായി. ഇതുമായി ബന്ധപ്പെട്ട് ബഹ്‌റൈനും റഷ്യയും തമ്മില്‍ കരാറിലൊപ്പിട്ടു. ജി.സി.സിയിലെയും മെന പ്രദേശത്തെയും രാജ്യങ്ങളില്‍ സ്പുട്‌നിക് വി മെയ്ഡ് ഇന്‍ ബഹ്‌റൈൻ വിതരണം ചെയ്യാനാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ലോകത്ത് കൊവിഡിൻ്റെ പുതിയ വകഭേദങ്ങള്‍ വ്യാപിച്ചു കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് കൂടുതല്‍ വാക്‌സിന്‍ നിര്‍മിക്കുന്നതിനുള്ള കരാറില്‍ ഇരുരാജ്യങ്ങളും എത്തിച്ചേര്‍ന്നത്.

850 മില്യന്‍ ഡോസ് വാക്സിന്റെ വാര്‍ഷിക ഉല്‍പ്പാദനമാണ് ബഹ്‌റൈന്‍ പ്ലാൻ്റില്‍ ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ ആറ് കമ്പനികളുമായി റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെൻ്റ് ഫണ്ട് വാക്‌സിന്‍ ഉല്‍പ്പാദന കരാറില്‍ നേരത്തേ ഒപ്പുവെച്ചിരുന്നു. 60ലേറെ രാജ്യങ്ങളില്‍ അംഗീകാരം ലഭിച്ച വാക്‌സിനാണ് സ്പുട്‌നിക് വി. ബഹ്‌റൈന്‍ ഫെബ്രുവരിയില്‍ റഷ്യന്‍ വാക്‌സിന് അംഗീകാരം നല്‍കിയിരുന്നു. പുതിയ പ്ലാൻ്റ് യാഥാര്‍ഥ്യമാവുന്നതോടെ വാക്‌സിൻ്റെ ലഭ്യത വര്‍ധിപ്പിക്കാനും മേഖലയിലെ കൊവിഡ് പ്രതിരോധം ശക്തിപ്പെടുത്താനും സാധിക്കുമെന്ന് റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെൻ്റ് ഫണ്ട് സി.ഇ.ഒ കിരില്‍ ദിമിത്രിയേവ് പറഞ്ഞു.

Advertisement
Advertisement