കൊവാക്സിൻ ഇറക്കുമതിക്ക് അനുമതി നൽകി ബ്രസീൽ സർക്കാ‌ർ

Sunday 06 June 2021 1:00 AM IST

ബ്രസീലിയ: ഭാരത് ബയോടെക്കിന്റെ കോവാക്സിൻ ഇറക്കുമതി ചെയ്യാൻ ബ്രസീൽ സർക്കാരിന്റെ അനുമതി ലഭിച്ചു. ബ്രസീലിന്റെ ആരോഗ്യ നിരീക്ഷണ വിഭാഗമായ നാഷണൽ ഹെൽത്ത് സർവൈലൻസ് ഏജൻസിയാണ് അനുമതി നൽകിയത്. മാർച്ച് എട്ടിനായിരുന്നു ബ്രസീലിൽ കൊവാക്സിന്റെ അടിന്തര ഉപയോഗത്തിനായി നിർമാതാക്കൾ സർക്കാർ അനുമതി തേടിയത്. എന്നാൽ കൊവാക്സിന് കയറ്റുമതിയ്ക്കുള്ള നിലവാരമില്ലെന്ന കാരണം ഉന്നയിച്ച് ഏജൻസി അനുമതി നിഷേധിച്ചിരുന്നു.ഇന്ത്യയിൽ നിന്ന് 2 കോടി ഡോസ് കൊവാക്സിൻ വാങ്ങാൻ ബ്രസീൽ സർക്കാർ കരാറൊപ്പിട്ടിരുന്ന സാഹചര്യത്തിലായിരുന്നു ബ്രസീൽ സർക്കാരിന്റെ അപ്രതീക്ഷിത നടപടി.

നിലവിൽ വാക്സിന് അംഗീകാരം ലഭിച്ചതോടെ ആദ്യഘട്ടത്തിൽ 40 ലക്ഷം ഡോസ് കോവാക്സിനാണ് ഇറക്കുമതി ചെയ്യുന്നത്. തുടർന്നുള്ള ഡോസുകൾക്ക് പിന്നീട് ആവശ്യപ്പെടുമെന്നും ബ്രസീൽ ആരോഗ്യ വിഭാഗം വ്യക്തമാക്കി. ഐ.സി.എം.ആറും ഭാരത് ബയോടെക്കും ചേർന്ന് വികസിപ്പിച്ച കൊവാക്സിൻ ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിച്ച് നിർമിക്കുന്ന ആദ്യ കൊവിഡ് പ്രതിരോധ വാക്സിനാണ്. റഷ്യയുടെ സ്പുട്നിക് - വി വാക്സിൻ ഇറക്കുമതി ചെയ്യുന്നതിനും ബ്രസീൽ ആരോഗ്യ ഏജൻസിയുടെ അനുമതി ലഭിച്ചിട്ടുണ്ട്. സ്പുട്നിക് - വി വാക്സിന് അനുമതി നൽകുന്ന 67ാമത്തെ രാജ്യമാണ് ബ്രസീൽ.

Advertisement
Advertisement