ഹരിതാഭമായി പരിസ്ഥിതിദിനം

Sunday 06 June 2021 2:28 AM IST

പരിസ്ഥിതി ദിനം ആചരിച്ച് ജില്ല

തിരുവനന്തപുരം: വിപുലമായ പരിപാടികളോടെ ജില്ലയിൽ ലോക പരിസ്ഥിതിദിനം ആചരിച്ചു.വിവിധ സംഘടനകളുടെയും മുന്നണികളുടെയും നേതൃത്വത്തിൽ വൃക്ഷത്തൈ നട്ടാണ് പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശം പ്രചരിപ്പിച്ചത്. ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ ജില്ലയിലെ വിവിധയിടങ്ങളിലായി 33 പച്ചത്തുരുത്തുകൾ സ്ഥാപിച്ചു. മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം നിർവഹിച്ചു.പരിസ്ഥിതി സംരക്ഷണം ദിനചര്യയുടെ ഭാഗമാക്കണമെന്ന് മന്ത്രി പറഞ്ഞു.വിദ്യാർത്ഥി സമൂഹം പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടാൽ മാറ്റങ്ങൾ സൃഷ്ടിക്കാനാകും.ചാല ഗവ. മോഡൽ ബോയ്സ് ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന ചടങ്ങിൽ മേയർ ആര്യ രാജേന്ദ്രൻ മുഖ്യാതിഥിയായി.

ഏഴു സെന്റിൽ 15 ഇനത്തിലുള്ള 113 തൈകളാണ് ചാല സ്‌കൂളിൽ നടുന്നത്.അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായാണ് പച്ചത്തുരുത്തുകൾ നിർമ്മിക്കുന്നത്.കോർപ്പറേഷൻ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.സലിം,വാർഡ് കൗൺസിലർ എസ്.കൃഷ്ണകുമാർ,സ്‌കൂൾ പ്രിൻസിപ്പൽ ഫെലിസിയ ചന്ദ്രശേഖരൻ,ഹെഡ്മിസ്ട്രസ് കുമാരി ലതിക, കോർപ്പറേഷൻ സെക്രട്ടറി ബിനു ഫ്രാൻസിസ്, ഹരിതകേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഡി. ഹുമയൂൺ തുടങ്ങിയവർ പങ്കെടുത്തു.

പൊതുവിദ്യാഭ്യാസ വകുപ്പ് വി.എച്ച്.എസ്.ഇ വിഭാഗം നാഷണൽ സർവീസ് സ്‌കീമിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന 'തണൽവഴി' പരിപാടിയുടെ ഉദ്ഘാടനം കരകുളം ഗവ.വൊക്കേഷണൽ സ്കൂളിൽ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. കുട്ടികൾ വച്ചുപിടിപ്പിക്കുന്ന വൃക്ഷത്തൈകൾക്ക് കുട്ടികളുടെ തന്നെ പേരിടാമെന്നും മന്ത്രി നി‌ർദേശിച്ചു. മന്ത്രി ജി.ആർ. അനിൽ അദ്ധ്യക്ഷത വഹിച്ചു.പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.ജീവൻബാബു സന്നിഹിതനായിരുന്നു. നേമം കൃഷി ഭവനിൽ നടന്ന പരിസ്ഥിതി ദിനാചരണവും വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.

'അതിജീവിക്കാം മഹാ മഹാമാരിയെ, സംരക്ഷിക്കാം പരിസ്ഥിതിയെ' എന്ന സന്ദേശവുമായി പട്ടം ബിഷപ്പ് ഹൗസിൽ വി.കെ.പ്രശാന്ത് എ.എൽ.എയുടെ നേതൃത്വത്തിൽ വൃക്ഷത്തൈ നടീലും ഓൺലൈൻ പ്രതിജ്ഞയെടുക്കലും സംഘടിപ്പിച്ചു.മേജർ ആർച്ച്ബിഷപ്പ് മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ,പാളയം ഇമാം വി.പി.സുഹൈബ് മൗലവി,സാളഗ്രാമം പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റ് ഡയറക്ടർ സന്ദീപാനന്ദഗിരി എന്നിവർ പങ്കെടുത്തു.

ഉത്തരവാദിത്വ ടൂറിസം മിഷന്റെ നേതൃത്വത്തിൽ യൂണിറ്റുകളിൽ നടത്തിയ വീട്ടിൽ ഒരു മരം നടൂ ചലഞ്ച് വൻ വിജയമായി.മരങ്ങൾ വച്ചതിന്റെ ചിത്രങ്ങൾ ചേർത്ത് സോഷ്യൽ മീഡിയ ഹാഷ്‌ടാഗ് കാമ്പെയിനും നടന്നു.

'ഗ്രീൻ വോളണ്ടിയർ' പദ്ധതിക്ക് തുടക്കം

കടലാക്രമണത്തിനെതിരെ ജനകീയ പ്രതിരോധം തീർക്കാൻ കടലോര വനവത്കരണം എന്ന ആശയവുമായി യൂത്ത് കോൺഗ്രസ് തുമ്പ യൂണിറ്റും ഐ.എൻ.ടി.യു.സി തുമ്പ യൂണിയനുകളും സംയുക്തമായി ആരംഭിക്കുന്ന 'ഗ്രീൻ വോളണ്ടിയർ' പദ്ധതിക്ക് തുടക്കമായി. 'മിയാവാക്കി' മാതൃകയിലാണ് കടലാക്രമണത്തെ പ്രതിരോധിക്കാൻ പദ്ധതിയൊരുങ്ങുന്നത്.ഓൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ ഡോ.എസ്.എസ്.ലാൽ ഓൺലൈനായി ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് തുമ്പ യൂണിറ്റ് പ്രസിഡന്റ് നിഖിൽ ഷാജി അദ്ധ്യക്ഷത വഹിച്ചു.

Advertisement
Advertisement