വ്യാജ സന്ദേശങ്ങളുടെ തീവ്രവ്യാപനം : നേരറിയിക്കാൻ ഉദ്യോഗസ്ഥരുടെ നെട്ടോട്ടം

Sunday 06 June 2021 9:48 PM IST

തൃശൂർ: കൊവിഡ് പടരുന്നത് പോലെ ആരോഗ്യമേഖലയിലെ ഉദ്യോഗസ്ഥരെയും ഭരണകൂടത്തെയും നട്ടം തിരിക്കുകയാണ് സാമൂഹിക മാദ്ധ്യമങ്ങളിലൂടെയുള്ള വ്യാജസന്ദേശങ്ങളുടെ അതിതീവ്രവ്യാപനം. കൊവിഡ് പരിശോധന മുതൽ വാക്‌സിനേഷനും ചികിത്സയും കൊവിഡാനന്തര ചികിത്സയുമെല്ലാം വാട്‌സ് ആപ്പിലെ വ്യാജവൈദ്യന്മാരുടെയും സാമൂഹിക വിരുദ്ധരുടെയും പ്രചാരണങ്ങളിൽ പെടുന്നുണ്ട്.

ച്യവനപ്രാശവും വില്വാദി ഗുളികയും അരിഷ്ടവും കഷായവുമെല്ലാം അടങ്ങുന്ന സൗജന്യ 'ആയുർവേദ കിറ്റ്' രോഗികൾക്കും രോഗം മാറിയവർക്കുമെല്ലാം സർക്കാർ ഡിസ്‌പെൻസറികൾ വഴി നൽകുന്നുണ്ടെന്ന പ്രചാരണമാണ് ഭാരതീയ ചികിത്സാ വകുപ്പിലെ ഡോക്ടർമാരെയും ഉദ്യോഗസ്ഥരെയും വട്ടം ചുറ്റിക്കുന്നത്. മരുന്ന് കിറ്റ് വേണമെന്ന് പറഞ്ഞ് പലയിടങ്ങളിലും ആയുർവേദ ഡോക്ടർമാരെ ഭീഷണിപ്പെടുത്തുകയും വാക്കേറ്റത്തിന് മുതിരുകയും ചെയ്തു.

തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും സമ്മർദ്ദത്തിലായി. ഇതോടെ, ജില്ലാ മെഡിക്കൽ ഓഫീസർ തന്നെ സത്യാവസ്ഥ ബോദ്ധ്യപ്പെടുത്തുന്ന വീഡിയോ തയ്യാറാക്കി പ്രചരിപ്പിച്ചാണ് വ്യാജ സന്ദേശങ്ങളെ തടഞ്ഞത്. കൊവിഡ് വ്യാപനം കൂടിയ മലപ്പുറം അടക്കമുള്ള ജില്ലകളിലും വ്യാജസന്ദേശങ്ങൾ പ്രതിസന്ധിയായി. അപരാജിത ധൂമചൂർണ്ണം പുകച്ചാൽ കൊവിഡ് വൈറസ് ഇല്ലാതാവും എന്ന് അവകാശവാദം ഉന്നയിച്ചിട്ടില്ലെന്നിരിക്കേ, ചൂർണ്ണപ്രയോഗം അശാസ്ത്രീയമാണെന്നും ശ്വാസകോശ രോഗങ്ങളുണ്ടാക്കുമെന്നുമുള്ള ശാസ്ത്ര സാഹിത്യപരിഷത്തിന്റെ ആരോപണങ്ങൾക്കെതിരെ ആയുർവേദ വിദഗ്ദ്ധരുടെ വൻ പ്രതിഷേധം ഉയർന്നതോടെയാണ് കെട്ടടങ്ങിയത്.

ഗുരുതരമായ കൊവിഡ് ബാധിതരിൽ കണ്ടുവരുന്ന ബ്ലാക്ക് ഫംഗസ് രോഗത്തിന് കാരണമാകുന്ന മ്യൂകർ സ്പീഷീസ് ഫംഗസുകളുടെ തോത് അപരാജിത ധൂമ ചൂർണ്ണം മൂന്ന് ദിവസം തുടർച്ചയായി പുകച്ചതിന് ശേഷം കുറയുന്നതായി ഭാരതീയ ചികിത്സാവകുപ്പിന്റെ പഠനറിപ്പോർട്ട് അടക്കം പുറത്തുവന്നിരുന്നു.

ആയുർവേദ മരുന്ന് നൽകുന്നത് ഇങ്ങനെ

ക്വാറന്റൈനിൽ കഴിയുന്നവർക്ക് അമൃതം പദ്ധതി
കാറ്റഗറി എ വിഭാഗത്തിലുള്ള കൊവിഡ് രോഗികൾക്ക് ഭേഷജം
കൊവിഡാനന്തര ശാരീരിക പ്രശ്‌നങ്ങളുള്ളവർക്ക് പുനർജനി

വ്യാജസന്ദേശങ്ങൾക്കും ഒന്നരവയസ്

വുഹാനിൽ കൊവിഡ് സ്ഥിരീകരിച്ച ശേഷം തുടങ്ങിയതാണ് വ്യാജസന്ദേശങ്ങളുടെ വ്യാപനം. ഒന്നരവർഷമായി അതു തുടരുകയാണ്. കൊവിഡിന് ചൂടുവെള്ളത്തിൽ കുളിച്ചാൽ ഈ വൈറസിനെ പ്രതിരോധിക്കാൻ സാധിക്കുമെന്നായിരുന്നു അതിലൊന്ന്. വെയിലത്ത് നിന്നാൽ വൈറസ് നശിക്കുമെന്നും പ്രചരിച്ചു. ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ചാൽ കൈ പൊള്ളുമെന്നും മാസ്‌കിട്ടാൽ ശ്വാസതടമുണ്ടാകുമെന്നുമെല്ലാം വ്യാജസന്ദേശങ്ങൾ പ്രചരിച്ചു. ശ്വാസം ഉള്ളിലേക്കെടുത്ത് പുറത്തുവിടാതെ നിശ്ചിതസമയം നിൽക്കാൻ കഴിയുമെങ്കിൽ കൊവിഡ് ബാധ ഇല്ല എന്ന് ഉറപ്പിക്കാം എന്നുള്ള സന്ദേശവും പ്രചരിച്ചു. ആരോഗ്യവകുപ്പും പൊലീസും തദ്ദേശസ്ഥാപനങ്ങളും വലിയ അദ്ധ്വാനം കൊണ്ടായിരുന്നു ഇതിനെയെല്ലാം നേരിട്ടത്.

ആയുർവേദ മരുന്ന് നൽകുന്നത് ഒരിക്കലും കിറ്റ് രൂപത്തിലല്ല. രോഗികളുടെ ശാരീരികാവസ്ഥകളും രോഗലക്ഷണങ്ങളും കൊവിഡാനന്തരമുള്ള (കൊവിഡ് നെഗറ്റീവ് ആയതിനുശേഷം ഉള്ള) ആരോഗ്യപ്രശ്‌നങ്ങളും വ്യത്യസ്തമാണ്. അതുപ്രകാരമുളള മരുന്നുകളാണ് ഡോക്ടർമാർ കുറിക്കുന്നത്. എല്ലാവർക്കും നൽകുന്നത് ഒരു മരുന്നല്ല. രോഗികൾക്കും ക്വാറന്റൈനിൽ ഇരിക്കുന്നവർക്കും പഞ്ചായത്തുകളുടെ കീഴിലുളള ഡിസ്‌പെൻസറികളിലും ആശുപത്രികളിലുമുള്ള ആയുർവേദ ഡോക്ടർമാരുമായി ഫോണിൽ ബന്ധപ്പെടാം. നെഗറ്റീവായവർക്ക് ഡോക്ടറെ നേരിൽക്കാണാം.

ഡോ. പി.ആർ സലജകുമാരി
ജില്ലാ മെഡിക്കൽ ഓഫീസർ
ഭാരതീയ ചികിത്സാവകുപ്പ്

Advertisement
Advertisement