ഹോട്ടലിലെ ബി.ജെ.പി കോർ കമ്മിറ്റി യോഗം പൊലീസ് വിലക്കി

Monday 07 June 2021 12:00 AM IST

കൊച്ചി: ഹോട്ടലിൽ ചേരാനിരുന്ന ബി.ജെ.പി കോർ കമ്മിറ്റി യോഗം പൊലീസ് വിലക്കിയതിനെ തുടർന്ന് പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് മാറ്റി. അനുമതികൾ ലഭിച്ചിട്ടും സർക്കാർ ഇടപെട്ടാണ് വിലക്കിയതെന്ന് നേതാക്കൾ ആരോപിച്ചു.

എറണാകുളം ബി.ടി.എച്ചിൽ ഇന്നലെ ഉച്ച കഴിഞ്ഞ് മൂന്നിന് യോഗം ചേരാനാണ് നിശ്ചയിച്ചിരുന്നത്. ഉച്ചയ്ക്ക് പന്ത്രണ്ടോടെ, യോഗം നടത്താൻ അനുവദിക്കരുതെന്ന നോട്ടീസ് ബി.ടി.എച്ച് മാനേജർക്ക് സെൻട്രൽ പൊലീസ് കൈമാറി. ലോക്ക് ഡൗണും, 9 വരെ കർശന നിയന്ത്രണവുമുള്ളതിനാൽ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാതെ യോഗങ്ങളും മറ്റും നടത്താൻ അനുമതി നൽകരുത്. നിർദേശങ്ങൾ ലംഘിച്ചാൽ കർശനനടപടി സ്വീകരിക്കുമെന്നും അറിയിച്ചു. നോട്ടീസ് വിവരം ബി.ജെ.പി നേതാക്കളെ അറിയിച്ചതോടെയാണ് യോഗം പള്ളിമുക്കിലെ ജില്ലാ ഓഫീസിലേക്ക് മാറ്റിയത്.

പതിനൊന്ന് പേർ മാത്രം പങ്കെടുക്കുന്ന യോഗത്തിന് എല്ലാ അനുമതികളും മുൻകൂറായി വാങ്ങിയിരുന്നതായി മുൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ പറഞ്ഞു. സി.പി.എമ്മിന്റെയും സർക്കാരിന്റെയും നിർദേശമനുസരിച്ചാണ് പൊലീസ് യോഗം വിലക്കിയത്. പാർട്ടിയെ തകർക്കാനുള്ള ശ്രമമാണ് സി.പി.എം നടത്തുന്നതെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Advertisement
Advertisement