വാഹന പരിശോധനയ്ക്കിടെ എസ്.ഐക്ക് കാർ യാത്രക്കാരുടെ മർദ്ദനം

Monday 07 June 2021 4:18 AM IST

 മൂന്ന് ലിറ്റർ ചാരായം പിടിച്ചെടുത്തു

ഓടനാവട്ടം: വാഹന പരിശോധനയ്ക്കിടെ എസ്.ഐയെയും ഹോം ഗാർഡിനെയും കാർ യാത്രക്കാർ മർദ്ദിച്ചു. പൂയപ്പള്ളി എസ്.ഐ സന്തോഷ്‌ കുമാറിനും ഹോം ഗാർഡ് പ്രദീപിനുമാണ് പരിക്കേറ്റത്. ഇരുവരെയും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തിൽ വെളിയം കാഞ്ഞയിൽ പുത്തൻ വീട്ടിൽ മനുകുമാർ (40), ആരൂർകോണം കീർത്തനയിൽ ബിനു (39), ആരൂർകോണം സുമേഷ് മന്ദിരത്തിൽ മോനിഷ് (31) എന്നിവരെ അറസ്റ്റ് ചെയ്തു. രക്ഷപ്പെട്ട സുമേഷിനായി അന്വേഷണം ഊർജിതമാക്കി.

ഇന്നലെ വൈകിട്ട് മൂന്നോടെ വെളിയം ജംഗ്ഷനിലായിരുന്നു സംഭവം. വാഹന പരിശോധനയ്ക്കിടെ പൊലീസ് കാറിന് കൈകാണിച്ചു. യാത്രക്കാർ മദ്യപിച്ചിട്ടുണ്ടെന്ന് മനസിലായതോടെ വാഹനം പരിശോധിക്കാനൊരുങ്ങി. ഇതോടെ യാത്രക്കാരിൽ ഒരാൾ എസ്.ഐയുടെ മൂക്കിനിട്ട് ഇടിക്കുകയായിരുന്നു. തുടർന്ന് മറ്റ് യാത്രക്കാർ ചേർന്ന് ഹോം ഗാർഡിനെയും ആക്രമിച്ചു. സംഭവം കണ്ട് നാട്ടുകാർ ഓടിയെത്തിയതോടെ സംഘം രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും മൂന്നുപേരെ പിടികൂടി. വാഹനത്തിൽ നിന്ന് മൂന്ന് ലിറ്റർ ചാരായം കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.

Advertisement
Advertisement