എം ശിവശങ്കറിന്റെ സസ്‌പെൻഷൻ കാലാവധി കഴിയാറായി, തന്ത്രപ്രധാനമായ ചുമതല നൽകിയേക്കുമെന്ന് സൂചന

Monday 07 June 2021 7:28 AM IST

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ സസ്പെൻഷൻ കാലാവധി അടുത്ത മാസം 16ന് അവസാനിക്കും. കേസിൽ ശിക്ഷിക്കപ്പെടുകയോ, ഗുരുതരമായ കുറ്റകൃത്യങ്ങൾ ആരോപിക്കപ്പെടുകയോ ചെയ്തിട്ടില്ലാത്ത സാഹചര്യത്തിൽ അദ്ദേഹം സർവ്വീസിലേക്ക് തിരിച്ചുവരാനുള്ള സാധ്യതയേറി.

ശിവശങ്കറിനെ സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, കസ്റ്റംസ് തുടങ്ങിയ കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്ത സാഹചര്യത്തിൽ ചീഫ് സെക്രട്ടറി, ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി എന്നിവരടങ്ങിയ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് 2020 ജൂലായ് 16ന് ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്തത്. 2023 ജനുവരി വരെ ശിവശങ്കറിനു സർവീസുണ്ട്.


ക്രിമിനൽ കുറ്റാന്വേഷണമോ വിചാരണയോ നേരിടുന്ന ഐഎഎസ് ഉദ്യോഗസ്ഥനെ സംസ്ഥാന സർക്കാരിനു സസ്‌പെൻഡ് ചെയ്യാം. അഴിമതിക്കേസല്ലെങ്കിൽ സസ്‌പെൻഷൻ കാലാവധി ഒരു വർഷമാണ്. അതിനു ശേഷം സസ്‌പെൻഷൻ കാലാവധി നീട്ടണമെങ്കിൽ കേന്ദ്രത്തിന്റെ അനുമതി വേണം. അല്ലെങ്കിൽ സസ്‌പെൻഷൻ സ്വമേധയാ പിൻവലിക്കപ്പെടും. പരമാവധി രണ്ടു വർഷമേ ഐഎഎസ് ഉദ്യോഗസ്ഥനെ സസ്‌പെൻഷനിൽ നിറുത്താനാവൂ. നിലവിൽ ശിവശങ്കറിന് സർവ്വീസിൽ തിരിച്ചു വരുന്നതിന് സാങ്കേതിക തടസ്സങ്ങളില്ല. എന്നാൽ വിവാദമുണ്ടായ സാഹചര്യത്തിൽ സർക്കാർ നിയമോപദേശം തേടിയേക്കും.അഴിമതിക്കേസിൽ പ്രതികളായ ഐഎഎസ് ഉദ്യോഗസ്ഥർ മുൻപ് സസ്‌പെൻഷനു ശേഷം സർവീസിൽ തിരിച്ചെത്തിയിട്ടുണ്ട്.