കേരളത്തിലേക്ക് കോടികൾ ഒഴുകിയപ്പോഴും ബി ജെ പി സ്ഥാനാർത്ഥികൾക്ക് പണം കിട്ടിയില്ല; വകമാറ്റിയ ഫണ്ട് അന്യസംസ്ഥാനങ്ങളിൽ നിക്ഷേപിച്ചെന്ന് കേന്ദ്രത്തിന് കത്ത്

Monday 07 June 2021 9:28 AM IST

​​​​തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ബി ജെ പി കോടികളൊഴുക്കിയ വാർത്തയും വിവാദങ്ങളും പുറത്തുവരുമ്പോൾ മിക്ക മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളും പ്രവർത്തകരും അനുഭവിച്ചത് കടുത്ത ദാരിദ്ര്യം. എൽ ഡി എഫും യു ഡി എഫുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിലെ ഭൂരിപക്ഷം മണ്ഡലങ്ങളിലും എൻ ഡി എ സ്ഥാനാർത്ഥികളുടെ പ്രചാരണം പേരിനു മാത്രമേ ഉണ്ടായിരുന്നുളളൂ.

തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, പാലക്കാട്, കാസർകോട് തുടങ്ങി ജില്ലകൾ ഒഴിച്ചുനിർത്തിയാൽ മറ്റ് പല ജില്ലകളിലും സ്ഥാനാർത്ഥികൾക്ക് ഫണ്ട് കൃത്യമായി എത്തിയില്ല. ഏറ്റവും കൂടുതൽ എ ക്ലാസ് മണ്ഡലങ്ങളുളള തലസ്ഥാന ജില്ലയ്‌ക്കടുത്തുളള കൊല്ലത്ത് കൊല്ലം, ചാത്തന്നൂർ, കൊട്ടാരക്കര മണ്ഡലങ്ങൾ ഒഴിച്ച് നിർത്തിയാൽ മറ്റൊരിടത്തും പ്രചാരണം കാര്യമായി നടന്നില്ലെന്ന് ബി.ജെ.പി വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഒരു ഭാഗത്ത് ഹെലികോപ്റ്റര്‍ അടക്കം പണത്തിന്‍റെ വലിയ ധൂര്‍ത്ത് പ്രകടമായപ്പോഴായിരുന്നു മറ്റിടങ്ങളിലെ സാമ്പത്തിക പിന്നാക്കാവസ്ഥ പ്രകടമായത്.

തിരഞ്ഞെടുപ്പിലെ സാമ്പത്തിക വിനിയോഗം പാര്‍ട്ടി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിവിധ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളും മുതിര്‍ന്ന നേതാക്കളും ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന് പരാതി അയച്ചതായാണ് ഫ്ലാഷിന് ലഭിച്ച വിവരം. തിരഞ്ഞെടുപ്പിന് കേന്ദ്രം രേഖാമൂലവും അല്ലാതെയും എത്തിച്ച പണം ഇടനിലക്കാര്‍ കൈക്കലാക്കിയെന്ന വിവരങ്ങള്‍ പുറത്തുവന്നതോടെയാണ് ഇവർ പരാതിയുമായി രംഗത്തെത്തിയത്. കേരളത്തിന്‍റെ ചുമതലയുള്ള പ്രഭാരി സി പി രാധാകൃഷ‌്‌ണന് തെളിവുകള്‍ സഹിതം പരാതി ലഭിച്ചതായി സ്ഥിരീകരണമുണ്ട്.

സ്ഥാനാര്‍ത്ഥിയായി നിന്നാല്‍ മതിയെന്നും പ്രചാരണത്തിനുള്ള ചെലവുകള്‍ പാര്‍ട്ടി വഹിക്കും എന്നു പറഞ്ഞാണ് മിക്ക സ്ഥാനാര്‍ത്ഥികളേയും ഇറക്കിയത്. ചില മണ്ഡലങ്ങളില്‍ പാര്‍ട്ടിയുടെ പണം സ്ഥാനാര്‍ത്ഥികള്‍ക്കു നേരിട്ടു കൈമാറിയപ്പോള്‍ ചില മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പു കമ്മിറ്റികള്‍ക്കാണു പണം നല്‍കിയത്. മുരളീധരപക്ഷക്കാരായ സ്ഥാനാര്‍ത്ഥികള്‍ക്ക് നേരിട്ടു പണം നല്‍കിയപ്പോള്‍, അല്ലാത്തവര്‍ക്കുള്ള പണം കമ്മിറ്റിക്കാണു നല്‍കിയതെന്നാണ് ആക്ഷേപം. ഈ കമ്മിറ്റിയുടെ പ്രധാന ഭാരവാഹി ഔദ്യോഗിക ഗ്രൂപ്പുകാരനായിരിക്കുമെന്ന് ബി ജെ പി വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.

തിരഞ്ഞെടുപ്പിനു കേരളത്തിലേക്ക് രേഖാ മൂലവും അല്ലാതെയും എത്രപണം എത്തി, ഇത് എങ്ങനെ വിനിയോഗിച്ചു എന്ന കാര്യത്തില്‍ വ്യക്തതവേണമെന്ന നിലപാടിലാണ് പി കെ കൃഷ്‌ണദാസ്, എം ടി രമേഷ്, എ എന്‍ രാധാകൃഷ്‌ണന്‍, സി കെ പത്മനാഭന്‍ തുടങ്ങി നേതാക്കൾ. ഇപ്പോഴഉണ്ടായിരിക്കുന്ന ആരോപണങ്ങളിൽ നിന്ന് പാർട്ടിയെ രക്ഷിച്ചെടുക്കാൻ കെ സുരേന്ദ്രന്‌ കഴിയില്ലെന്നാണ് കൃഷ്‌ണദാസ്-ശോഭാ സുരേന്ദ്രൻ പക്ഷം നേതാക്കൾ വിശ്വസിക്കുന്നത്. എന്നാൽ, അവരിപ്പോൾ രാജിക്കായി കടുത്ത നിലപാട് സ്വീകരിക്കുന്നില്ല. സുരേന്ദ്രനെ രാജിയിലേക്ക് എത്തിക്കാനുള്ള നീക്കമാണ് അവർ നടത്തുന്നത്.

കണക്കുകൾ ഇങ്ങനെ

35 എ ക്ലാസ് മണ്ഡലങ്ങളാണ് സംസ്ഥാനത്ത് ബി ജെ പി കണ്ടെത്തിയത്. ഇതില്‍ ചില മണ്ഡലങ്ങളില്‍ ആറുകോടി രൂപവരെ നല്‍കിയപ്പോള്‍ ചിലയിടത്ത് 2.20 കോടി രൂപ മാത്രമായി പരിമിതപ്പെടുത്തി. ബി കാറ്റഗറിയില്‍പ്പെട്ട 25 മണ്ഡലങ്ങളില്‍ ചിലയിടത്ത് ഒന്നരക്കോടി കൊടുത്തപ്പോള്‍ കുറേപേര്‍ക്ക് ഒരു കോടി രൂപ മാത്രമായി. ബാക്കിയുള്ള മണ്ഡലങ്ങളില്‍ പത്തിടത്ത് അമ്പതു ലക്ഷംവീതവും അവശേഷിച്ച മണ്ഡലങ്ങളില്‍ 25 ലക്ഷം വീതവുമാണ് നല്‍കിയത്.

സംസ്ഥാന പ്രസിഡന്‍റും കേന്ദ്രമന്ത്രിയും സംഘടനാ സെക്രട്ടറി എം ഗണേഷും ചേര്‍ന്നാണ് കേരളത്തിലെ തിരഞ്ഞടുപ്പ് ഫണ്ട് കൈകാര്യം ചെയ്‌തിരുന്നതെന്ന് നേതാക്കൾ കേന്ദ്രത്തിന് അയച്ച കത്തിൽ പറയുന്നു. ഫിനാന്‍സ് കമ്മിറ്റിക്ക് രൂപംനല്‍കാതെയായിരുന്നു ഈ പ്രവര്‍ത്തനം. ഇത്തരത്തില്‍ വകമാറ്റിയ ഫണ്ട് ചില നേതാക്കള്‍ അന്യസംസ്ഥാനങ്ങളില്‍ നിക്ഷേപിച്ചുവെന്ന ഗുരുതര ആരോപണവും കേന്ദ്രത്തിന് അയച്ച കത്തിൽ കുറ്റപ്പെടുത്തലുണ്ട്.