ഒരു 'കുഴല്‍' ഇട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടുമായി എന്ന അവസ്ഥയാണ് കേരളത്തില്‍ ബിജെപിയും സിപിഎമ്മും തമ്മിലുള്ളതെന്ന് പി കെ കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: കൊടകര കുഴല്‍പണക്കേസ് ദേശീയ പ്രാധാന്യമുള്ള വിഷയമാണെന്ന് മുസ്ലീം ലീഗ് നേതാവും എം എൽ എയുമായ പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. നഗ്നമായ അഴിമതിയുടെ ഉദാഹരണമാണ് കേരളത്തില്‍ സംഭവിച്ചിരിക്കുന്നതെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ഇതിന് വലിയ ഗൗരവം നല്‍കുന്നില്ലെന്നാണ് മുഖ്യമന്ത്രിയുടെ നിയമസഭയിലെ മറുപടിയില്‍ നിന്ന് വ്യക്തമാകുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഞെട്ടിക്കുന്ന ഒരു സംഭവം കയ്യോടെ പിടികൂടിയിട്ടും അതിനെ ഗൗരവമായി കാണാൻ സർക്കാർ കൂട്ടാക്കുന്നില്ലെന്ന് കുഞ്ഞാലിക്കുട്ടി ആരോേപിച്ചു. ഒരു 'കുഴല്‍' ഇട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടുമായി എന്ന അവസ്ഥയാണ് കേരളത്തില്‍ ബിജെപി സിപിഎമ്മും തമ്മിലുള്ളത്. കള്ളപ്പണം ഇല്ലാതാക്കാനാണ് നോട്ട് നിരോധനമെന്ന് പറഞ്ഞ ബിജെപി പണം ഒഴുക്കുകയാണ്. അങ്ങനെയെങ്കില്‍ പാവപ്പെട്ട ജനങ്ങള്‍ മുഴുവന്‍ കണ്ണീരുകുടിച്ച നോട്ട് നിരോധനം എന്തിനായിരുന്നുവെന്നും പികെ കുഞ്ഞാലിക്കുട്ടി ചോദിച്ചു