കുഴൽപ്പണക്കേസ്: സുരേന്ദ്രനടക്കം എട്ട് നേതാക്കളെ ധർമ്മരാജൻ വിളിച്ചുവെന്ന് പൊലീസ്‌

Tuesday 08 June 2021 2:22 AM IST

​​​​

തൃശൂർ: കൊടകരയിൽ കവർച്ച നടന്ന് അര മണിക്കൂറിനുള്ളിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രനും സംസ്ഥാന-ജില്ലാ നേതാക്കളായ എട്ട് പേരെയും ധർമ്മരാജൻ ഫോണിൽ ബന്ധപ്പെട്ടതായി അന്വേഷണ സംഘം. പണം കൊണ്ടുപോയിരുന്ന വാഹനത്തിലുണ്ടായിരുന്ന ധർമ്മരാജൻ, ഫോണിൽ ബന്ധപ്പെട്ടവരിൽ സുരേന്ദ്രന്റെ മകനുമുണ്ടെന്നും പൊലീസ് പറയുന്നു.

തൃശൂരിൽ ആറ് കോടിയിലേറെ രൂപ എത്തിയിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ വിവരം ശേഖരിക്കുന്നതിന് ആർ.എസ്.എസ് നേതാവ് പി.എൻ. ഈശ്വരനോട് ഹാജരാകാനാവശ്യപ്പെട്ടിട്ടുണ്ട്. ബി.ജെ.പി. ഉത്തരമേഖലാ സെക്രട്ടറി കെ.പി. സുരേഷിനേയും ചോദ്യം ചെയ്യും. പണം തൃശൂരിൽ നിന്ന് ഏതെല്ലാം ജില്ലകളിലേക്കാണ് പോയതെന്നാണ് ഇപ്പോൾ അന്വേഷിക്കുന്നത്. ഇതിനായാണ് സുരേഷിനോട് ഹാജരാകണമെന്ന് ആവശ്യപ്പെട്ടത്.
അതേസമയം, ധർമ്മരാജൻ സ്പിരിറ്റ് കടത്തു കേസിൽ എഴുപതു ദിവസം ജയിലിൽ കിടന്നിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. കോഴിക്കോട് പന്നിയങ്കര, വയനാട്ടിലെ ബത്തേരി സ്‌റ്റേഷനുകളിൽ രണ്ടു കേസുകളുണ്ട്. പന്നിയങ്കര കേസിൽ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി. ഈ കേസ് പിന്നീട്, ഹൈക്കോടതി സ്‌റ്റേ ചെയ്തു. പല അബ്കാരി കേസുകളിലും ധർമ്മരാജനെ പിടികൂടിയിരുന്നു. ആ കേസുകളിലെ നിയമനടപടികൾ പൂർത്തിയായെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.

Advertisement
Advertisement